പരസ്പരം സ്‌നേഹിയ്‌ക്കുമ്പോഴാണ് കൂടുതല്‍ മനസ്സിലാക്കുന്നതും പരസ്പരം ആദരിയ്‌ക്കപ്പെടുന്നതും. പരസ്പരം ചൂഷണം ചെയ്യപ്പെടാതിരിയ്‌ക്കുമ്പോഴാണ് നമുക്ക് ഉള്ളുതുറന്ന് സ്‌നേഹിയ്‌ക്കാന്‍ കഴിയുന്നത്. അന്യോന്യം
ഉപകരിയ്‌ക്കപ്പെടുമ്പോഴാണ് നമുക്കു നമ്മേ തിരിച്ചറിയാന്‍ കഴിയുന്നതും. അതുകൊണ്ടതുതന്നെ ഹൃദയാര്‍ദ്രത ജീവിതത്തിലെപ്പോഴും ഒരു കവിതപോലെയാണ്. ഇവിടെയാണ് പ്രകൃതിയുടെ മഹത്വം നാമറിയുന്നത്.
പ്രകൃതി എല്ലാവര്‍ക്കും ഒരുപോലെയാണ്. നാം പ്രകൃതിയോട് എപ്പോഴും കടപ്പെട്ടിരിക്കുന്നു. പ്രകൃതിയെ ആദരിക്കുകയും സ്‌നേഹിയ്‌ക്കുകയും ചെയ്യുന്നവര്‍ക്കുമാത്രമേ സഹജീവികളെ സ്‌നേഹിയ്‌ക്കാന്‍ കഴിയൂ. പ്രകൃതിയുടെ വിവിധ ഭാവങ്ങളും ഭാഗങ്ങളുമാണ് നാമുള്‍പ്പെടുന്ന പ്രപഞ്ചജീവികള്‍. ഓരോരുത്തര്‍ക്കും ഇത് ആത്മപരിശോധനാപരമാണ്. സ്‌നേഹം ഹൃദയസ്പര്‍ശിയാകുമ്പോഴാണ് അതിന് അര്‍ത്ഥതലങ്ങള്‍ ഭവിക്കുക; സൗന്ദര്യാത്മകമായിത്തീരുക. അല്ലാത്തപക്ഷം അത് ഉപരിപ്‌ളവവും അര്‍ത്ഥരഹിതവും അന്തഃസാരശൂന്യവുമായിപ്പോകും.
മഹാനായ ഭക്തകവി കബീര്‍ദാസ് ഒരിയ്‌ക്കല്‍ പുല്ലുവെട്ടാനായി അരിവാളെടുത്തു പുറപ്പെട്ടു. വിശാലമായ പുല്‍മേട്ടിലേക്കുചെന്ന അദ്ദേഹം, അതിമനോഹരമായ പച്ചപ്പരവതാനി കണ്ട് സ്വയംമറന്നു നിന്നുപോയി! അവിടേയ്‌ക്ക് ഉദയസൂര്യന്റെ കിരണങ്ങള്‍ പതിച്ചപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത ഭംഗി!
ഇളംകാറ്റിലാടിയുലയുന്ന പുല്ലും അതില്‍ ഇളംതെന്നല്‍ തലോടുമ്പോള്‍ ഉണരുന്ന നേര്‍ത്ത സംഗീതവും അദ്ദേഹത്തിന് ആത്മനിര്‍വൃതി പകര്‍ന്നു. പച്ചപ്പരപ്പിലെ ആ സൗന്ദര്യം നശിപ്പിച്ചുകളയാന്‍ അദ്ദേഹത്തിന്റെ നിര്‍മ്മല മനസ്സ് തയ്യാറായില്ല. ആ പുല്‍മേട്ടിലെ നിറഞ്ഞുനിന്ന ഇളംതലപ്പുകളെ അദ്ദേഹം വാരിപ്പുണര്‍ന്നു.
”നിങ്ങളെ ഞാന്‍ വെട്ടിനശിപ്പിയ്‌ക്കില്ല ”
അദ്ദേഹം ഉരുവിട്ടുകൊണ്ടിരുന്നു. അവയെ വീണ്ടും തലോടി. പ്രകൃതിയോടുള്ള അദമ്യമായ സ്‌നേഹവും ചരാചരങ്ങളോടുള്ള ദൈവീകമായ ആദരവും ഭക്തിയും പുല്‍കിത്തഴുകിയ നിരക്ഷരനായ ആ ഭക്തകവിയെ ആര്‍ദ്രവും ഭക്തിപൂര്‍ണ്ണവുമായ എത്രയോ കവിതകളുടെ സ്രഷ്ടാവാക്കി. കാലമേറെക്കഴിഞ്ഞിട്ടും ആ കാവ്യഗീതികള്‍ ഇന്നും എത്രയോപേര്‍ പാടിനടക്കുന്നു!
കബീര്‍ദാസിന്റെ കവിതകള്‍ എന്നും ഭക്തിവഴിഞ്ഞൊഴുകുന്നതും എക്കാലവും ലോകപ്രസിദ്ധവുമാണ്.
നമുക്കു നമ്മുടെ ചുറ്റുമുള്ള ലോകത്തെ ഉള്‍ക്കാഴ്ചകൊണ്ട് കാണണമെങ്കില്‍ എപ്പോഴും നഹൃദയം ആര്‍ദ്രവും ത്യാഗപൂര്‍ണ്ണവുമായിരിയ്‌ക്കണം. അതിലൂടെ ജീവിതം ഒരു കവിതയായിത്തന്നെ മാറ്റപ്പെടും, ഒരുവേള അതിനെ ഒരു മഹാകാവ്യമാക്കുവാനുംകഴിയും. ഈശ്വരസാന്നിധ്യത്തിന്റെ ഉല്‍ക്കടമായ സന്നിവേശത്താല്‍ അതിനുള്ള അഭിവാഞ്ഛ വന്നുചേരണമെന്നേയുള്ളു.
















