
കൊച്ചി: ‘തുടക്കം’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം പ്രൊഡ്യൂസര്‍മാര്‍ വിസ്മയ മോഹന്‍ലാലിന് മുന്നില്‍ ക്യൂ നില്‍ക്കുകയാണ്. ജൂഡ് ആന്‍റിണി സംവിധാനം ചെയ്ത തുടക്കത്തിലൂടെയാണ് വിസ്മയ അഭിനയ രംഗത്ത് എത്തുന്നത്. 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം നിലവില്‍ ജിയോ ഹോട്സ്റ്റാറില്‍ സ്ട്രീമിംഗ് തുടരുകയാണ്. ഇപ്പോഴിതെ വിസ്മയ മോഹന്‍ലാല്‍ തന്റെ രണ്ടാമത്തെ സിനിമയ്‌ക്കായി തെരഞ്ഞെടുത്തത് ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ പി.വി. ഗംഗാധരന്റെ മക്കളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവരുടെ ക്യൂബ് ഫിലിംസിനെയാണ്. സ്ത്രീകഥാപാത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് ഈ പ്രൊഡ്യൂസര്‍മാരായ സഹോദരിമാര്‍.
തുടക്കം എന്ന സിനിമയിലേതുപോലെ മുഖ്യകഥാപാത്രം വിസ്മയ മോഹൻലാല്‍ തന്നെ. വിസ്മയയെ പ്രധാന കഥാപാത്രമായി അവതരിപ്പിക്കുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് ‘ലൂക്ക’യിലൂടെ ശ്രദ്ധ നേടിയ അരുണ്‍ ബോസാണ്.
ഇതിനകം ശ്രദ്ധേയമായ രണ്ട് സിനിമകള്‍ നിര്‍മ്മിച്ചവരാണ് ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവരുടെ ക്യൂബ് ഫിലിംസ്. ‘ഉയരെ’, ‘ജാനകി ജാനേ’ എന്നിവയാണ് ഈ സിനിമകള്‍. സാമൂഹ്യപ്രസക്തിയുള്ള സവിശേഷ സിനിമകള്‍ നിര്‍മ്മിക്കുന്നതില്‍ ശ്രദ്ധചെലുത്തുന്നവരാണ് ഈ സിനിമനിര്‍മ്മാണരംഗത്തുള്ള സഹോദരീത്രയങ്ങള്‍.
രത്തീന, സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. പുഴു, പാതിരാത്രി എന്നീ സിനിമകളുടെ സംവിധായികയായ രത്തീന ഉയരെ, ജാനകീജാനെ എന്നീ സിനിമകളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൂടിയായിരുന്നു. ‘വരത്തൻ’, ‘വൈറസ്’, ‘റൈഫിള്‍ ക്ലബ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ എഴുത്തുകാരാണ് സുഹാസും ഷറഫുവും. വ്യത്യസ്തമായ പ്രമേയവും പുതുമയാർന്ന അവതരണവും ചേർന്ന ഒരു സിനിമാനുഭവമായിരിക്കും ചിത്രമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
സാമുവല്‍ ഹെൻറി ഛായാഗ്രഹണവും മഹേഷ് ഭുവനേന്ദ് ചിത്രസംയോജനവും നിർവഹിക്കുന്നു. ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീതം. ആഷിഖ് എസ് പ്രൊഡക്ഷൻ ഡിസൈനറും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. ശ്രീനാഥ് പി. എസ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും സജി സി ജോസഫ് പ്രൊഡക്ഷൻ കണ്‍ട്രോളറുമാണ്. യെല്ലോടൂത്ത്സ് പബ്ലിസിറ്റി ഡിസൈൻസും സ്നേക്ക്പ്ലാന്റ് എല്‍.എല്‍.പി മാർക്കറ്റിംഗും നിർവഹിക്കുന്നു. പ്രമുഖ താരങ്ങളും മലയാള സിനിമയിലെ ശ്രദ്ധേയരായ സാങ്കേതിക പ്രവർത്തകരും അണിനിരക്കുന്ന ചിത്രത്തിന്റെ പൂജയും ചിത്രീകരണവും ഉടൻ ആരംഭിക്കും. പി.ആർ.ഒ അപർണ ഗിരീഷ്.