പാഞ്ചാല രാജാവായ ദ്രുപദനെ ബന്ധനസ്ഥനാക്കി ദ്രോണര്‍ക്ക് ഗുരുദക്ഷിണയായി സമര്‍പ്പിക്കാനുള്ള കൗരവരുടെ ഉദ്യമം വിജയം കണ്ടില്ല. ദുര്യോധനനും കര്‍ണ്ണനും മുന്‍പില്‍ നിന്ന് നയിച്ച യുദ്ധത്തില്‍ കൗരവര്‍ക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. കൗരവര്‍ പരാജയപ്പെട്ടിടത്ത് പാണ്ഡവര്‍ വിജയിച്ചു. അര്‍ജുനന്റെ അത്ഭുതകരമായ അസ്ത്രശസ്ത്ര വൈദഗ്‌ദ്ധ്യത്തിനു മുന്‍പില്‍ ദ്രുപദന് പിടിച്ചു നില്‍ക്കാനായില്ല. പരാജയപ്പെട്ട ദ്രുപദനെ ബന്ധനസ്ഥനാക്കി ദ്രോണര്‍ക്ക് ഗുരുദക്ഷിണയായി സമര്‍പ്പിച്ചുകൊണ്ട് ഗുരുവിനോടുള്ള വാക്കു പാലിക്കാന്‍ അര്‍ജുനനും സഹോദരങ്ങള്‍ക്കും കഴിഞ്ഞു.
ഇത് ദുര്യോധനനെ അതീവ ദുഃഖിതനാക്കി. യുദ്ധത്തില്‍ പാണ്ഡവരുടെ ജയമോ അതല്ലെങ്കില്‍ ദ്രുപദന്റെ പരാജയമോ എന്നതിലുപരി അത് ഭാവിയില്‍ തനിക്കും സഹോദരങ്ങള്‍ക്കും സംഭവിക്കാന്‍ പോകുന്ന പരാജയത്തിന്റെ സൂചനയായിട്ടാണ് ദുര്യോധനന്‍ ഇതിനെ കണ്ടത്. ഇത് ധൃതരാഷ്‌ട്രര്‍ക്കും വലിയ വ്യസനമുണ്ടാക്കി.
നിന്റെ ദുഃഖത്തിന് പരിഹാരമുണ്ടാക്കാം എന്ന് പറഞ്ഞ് ശകുനി ദുര്യോധനനെ ആശ്വസിപ്പിച്ചു. ദുര്യോധനന്റെ ദുഷ്ടമായ മസ്തിഷ്‌കത്തിന്റെ അതിദുഷ്ടമായ അനുമസ്തിഷ്‌കം പോലെ പ്രവര്‍ത്തിച്ചിരുന്ന ദുര്യോധനന്റെ തന്നെ ആത്മവത്തയുടെ, സ്വത്വത്തിന്റെ ഒരു ബഹിശ്ചരരൂപമായിരുന്നു ശകുനി. ശകുനി എന്നത് ഭാരതത്തില്‍ ഒരു ശൈലിയാണ്. ദുഷ്ടന്മാരേയും കുടിലബുദ്ധിക്കാരേയും ദ്യോതിപ്പിക്കാന്‍ ഉപയോഗിക്കുന്ന നാമമാണ് ശകുനി. താന്‍ സൃഷ്ടിച്ച ഒരു കഥാപാത്രം ജനങ്ങളുടെ ആശയപ്രകാശനോപാധിയായ ഭാഷയില്‍ ഒരു ശൈലിയായി മാറുക എന്നത് ഒരു ഗ്രന്ഥകാരന് കിട്ടുന്ന വലിയ അംഗീകാരമാണ്. ഭാരതത്തില്‍ ഭഗവാന്‍ വ്യാസനെ കേട്ടിട്ടില്ലാത്തവര്‍ക്കു പോലും ശകുനിയെ അറിയാം.
വ്യാസന്റെ അധര്‍മ്മ സങ്കല്‍പ്പത്തിന്റെ രണ്ടു പ്രധാന മൂര്‍ത്തികളില്‍ ഉപമൂര്‍ത്തിയായിരുന്നു ശകുനി. ഇവരൊക്കെ ദാര്‍ശനിക പ്രതീകങ്ങളാണ്. അതേ സമയത്തു തന്നെ കഥാപാ
ത്രങ്ങളുമാണ്. ദുര്യോധനന്റെ എല്ലാ ദുഷ്പ്രവൃത്തികള്‍ക്കു പിന്നിലും ശകുനിയുടെ പ്രേരണയും പിന്തുണയുമുണ്ടായിരുന്നു. മഹാഭാരതത്തില്‍ കാണുന്ന പല ദുരന്ത സംഭവങ്ങളുടെയും അന്തര്‍ധാരയായി വര്‍ത്തിച്ചിട്ടുള്ള കാരണങ്ങളില്‍ മുഖ്യമായിട്ടുള്ളത് ശകുനിയുടെ ദൗഷ്ട്യമാണ്.
ശകുനിയും ദുര്യോധനനും ദുശ്ശാസനനും കര്‍ണ്ണനും കൂടി കുന്തിയേയും മക്കളേയും ഉന്മൂലനം ചെയ്ത് ഭാവിയില്‍ ഉണ്ടാകാനിടയുള്ള ഭീഷണികളെ മറികടക്കുന്നതിനുള്ള മാര്‍ഗ്ഗം തേടി ഗൂഢാലോചനകളില്‍ മുഴുകി. കുന്തിയേയും മക്കളേയും ചുട്ടുകൊല്ലാനായിരുന്നു അവരുടെ തീരുമാനം. പ്രജ്ഞാചക്ഷുസ്സായ ധൃതരാഷ്‌ട്രന്റെ അനുഗ്രഹവും പിന്തുണയും അവര്‍ക്ക് കിട്ടി. ഇതിനായി പാണ്ഡവരെ കുന്തിക്കൊപ്പം വാരണാവതത്തിലേക്ക് അയക്കുന്നതിനുള്ള ഗൂഢമായ ഒരു പരിപാടി അവര്‍ രൂപപ്പെടുത്തി. ഏറ്റവും വിശേഷപ്പെട്ട ആ സ്ഥലത്തേക്ക് പോകാനും, അവിടെ നടക്കാന്‍ പോകുന്ന ഹൃദയഹാരിയായ, ശിവന്റെ മഹോത്സവത്തില്‍ പങ്കെടുക്കാനും ധൃതരാഷ്‌ട്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പാണ്ഡവരെ പ്രേരിപ്പിച്ചു. വല്യച്ഛന്റെ പ്രേരണയും ഉപദേശവും സ്വീകരിച്ചുകൊണ്ട് വാരണാവതത്തിലേക്ക് പോകാന്‍ യുധിഷ്ഠിരന്‍ തീരുമാനിച്ചു.
യുധിഷ്ഠിരന്റെ തീരുമാനം ദുര്യോധനനെ സന്തോഷിപ്പിച്ചു. അവന്‍ ഉടന്‍തന്നെ പുരോചനന്‍ എന്ന വിശ്വസ്തനായ മന്ത്രിയെ വരുത്തി ഇങ്ങനെ ആജ്ഞാപിച്ചു. ”വാരണാവതത്തില്‍ നഗരത്തിനോട് ചേര്‍ന്ന് മനോഹരമായ ഒരു നാലുകെട്ട് പുര പണിയിക്കണം. പണം എത്രവേണമെങ്കിലും അതിന് ചെലവഴിക്കുക. നെയ്യും എണ്ണയും അരക്കുമൊക്കെ മണ്ണില്‍ കുഴച്ച് ചേര്‍ത്ത് വേണം അത് പണിയേണ്ടത്. പാണ്ഡവരും അവരുടെ സുഹൃത്തുക്കളും പരീക്ഷിച്ചു നോക്കിയാലും അത് ഒരു ആഗ്നേയഗൃഹമാണെന്ന് ഒരിക്കലും അറിയരുത്. ആര്‍ക്കും ഇഷ്ടപ്പെടാവുന്നവിധം പണിയുന്ന ഗൃഹത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ കുന്തിയേയും മക്കളേയും അവിടെ എത്തിക്കണം.” ദുര്യോധനന്‍ പറഞ്ഞു നിര്‍ത്തി. ”പുതിയ ഗൃഹത്തില്‍ അവര്‍ സന്ദേഹമില്ലാതെ പാര്‍ക്കണം. അവര്‍ അവിടെ സുഖമായി ഉറങ്ങുന്ന സമയം നോക്കി ഗൃഹത്തിന് തീ വെയ്‌ക്കണം. സ്വന്തം ഗൃഹം യാദൃച്ഛികമായി അഗ്‌നിക്ക് ഇരയായതാണെന്നും ജനം വിശ്വസിക്കണം. ഇങ്ങനെ പാണ്ഡവര്‍ വെന്തുമരിച്ചാല്‍ ആരും ഞങ്ങളെ സംശയിക്കില്ല.” പുരോചനനോട് തന്റെ മനസ്സിലിരുപ്പ് ദുര്യോധനന്‍ വെളിപ്പെടുത്തി. ദുര്യോധനന്‍ നിര്‍ദ്ദേശിച്ച വിധമുള്ള ഗൃഹം പുരോചനന്‍ അവിടെ നിര്‍മ്മിച്ചു.
അങ്ങനെ പാണ്ഡവര്‍ വാരണാവതത്തിലെത്തി. ധര്‍മ്മജ്ഞനും ബുദ്ധിമാനുമായ വിദുരന്‍ ദുര്യോധനന്റെ ഗൂഢലക്ഷ്യത്തെക്കുറിച്ച് നേരത്തെ മനസ്സിലാക്കിയിരുന്നു. ദുര്യോധനന്റെ ചതി മനസ്സിലാക്കിയ വിദുരന്‍ ഇതിനെക്കുറിച്ച് യുധിഷ്ഠരന് മുന്നറിയിപ്പ് നല്‍കി. ഒപ്പം രക്ഷപ്പെടാനുള്ള വഴികളും അദ്ദേഹം യുധിഷ്ഠിരനെ അറിയിച്ചു. വാരണാവതത്തില്‍ ശത്രുക്കള്‍ തയ്യാറാക്കിയിട്ടുള്ള ഗൃഹം ആഗ്നേയവസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ചതാണെന്നും വിദുരര്‍ യുധിഷ്ഠിരനെ അറിയിച്ചിരുന്നു.
വിദുരന്റെ ഇഷ്ടനും വിശ്വസ്തനുമായ ഖനകന്‍ ഇവര്‍ക്ക് പുതിയ ഗൃഹത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു ഗുഹ നിര്‍മ്മിച്ചു. പുരോചന ഭയത്താല്‍ ആ ഗുഹ ആരുടേയും ശ്രദ്ധയില്‍ പെടാത്തവിധം മൂടിയും സൂക്ഷിച്ചു. ദിവസങ്ങളും മാസങ്ങളും കടന്നുപോയി. പുരയ്‌ക്ക് തീ വയ്‌ക്കാന്‍ അനുയോജ്യമായ സന്ദര്‍ഭം നോക്കിയിരുന്ന പുരോചനന്റെ മുമ്പില്‍ പാണ്ഡവര്‍ സന്തോഷം നടിച്ചു. ഒരു ദിവസം കുന്തി ബ്രാഹ്‌മണര്‍ക്ക് വേണ്ടിയെന്ന മട്ടില്‍ ഒരു സദ്യ നടത്തി. ആ സദ്യക്ക് ഒരു വേടത്തി അഞ്ചു മക്കളോടൊപ്പം അവിടെ എത്തി. ആഹാരം കഴിച്ച് അവര്‍ അവിടെ തന്നെ ഉറങ്ങി. ഈ സമയം ഭീമന്‍ അരക്കില്ലത്തിന് തീയിട്ടു. അരക്കില്ലത്തെ അഗ്നി വിഴങ്ങുന്നതിനിടെ ഖനകന്‍ നിര്‍മ്മിച്ച തുരങ്കത്തില്‍ കൂടി കുന്തിയും മക്കളും അവിടെ നിന്നും രക്ഷപ്പെട്ടു. പുരോചനനും അവിടെ ഉറങ്ങുന്നുണ്ടായിരുന്നു. വിദുരര്‍ അയച്ച തോണിയില്‍ അവര്‍ ഗംഗാനദിക്ക് അക്കരെ എത്തി. ഗംഗാനദി കടന്ന് അവര്‍ വനത്തിലേക്ക് നടന്നു.
കുന്തിയും മക്കളും അരക്കില്ലത്തില്‍ വെന്തുമരിച്ചു എന്ന് നാട്ടുകാര്‍ കരുതി. വാര്‍ത്ത കാട്ടുതീപോലെ പരന്നു. നഗരവാസികള്‍ വിവരം ധൃതരാഷ്‌ട്രരെ അറിയിച്ചു. ”പാണ്ഡവരെല്ലാം അമ്മയോടുകൂടി അഗ്നിയില്‍ വെണ്ണീറായി. പുരോചനനും മരിച്ചു.” അവര്‍ പറഞ്ഞു. വാര്‍ത്ത ശ്രവിച്ച അന്ധനായ രാജാവ് അകമെ ഉണ്ടായ സന്തോഷം മറച്ചുവച്ച് പുറമേ വിലപിച്ചു. അവിടെ അഗ്നി വിഴുങ്ങിയ സാധു നിഷാദിയുടെയും മക്കളുടെയും കത്തിക്കരിഞ്ഞ ദേഹങ്ങള്‍ കുന്തിയുടെയും മക്കളുടേതുമാണെന്ന വിശ്വാസത്തോടെ വിധി പ്രകാരം സംസ്‌കരിച്ചു.
ദുര്‍ബുദ്ധിയായ ദുര്യോധനന്റെ കല്‍പ്പനപ്രകാരമാണ് പാണ്ഡവരെ ചുട്ടെരിച്ചതെന്ന് ജനങ്ങള്‍ വിശ്വസിച്ചു. ഇതില്‍ ധൃതരാഷ്‌ട്രനും കുറ്റക്കാരനാണെന്ന് ജനങ്ങള്‍ പറഞ്ഞു. ജനങ്ങള്‍ ഒന്നടങ്കം ഇവരെ കുറ്റപ്പെടുത്തി. കുന്തിയും പാണ്ഡവരും രക്ഷപ്പെട്ടവിവരം വിദുരന്‍ മനസ്സില്‍ സൂക്ഷിച്ചു.
അരക്കില്ലം ഒരു പ്രതീകമാണ്. അധികാരത്തിന്റെ ഇടനാഴികളില്‍ ആരോരും അറിയാതെ നടന്നു കൊണ്ടിരിക്കുന്ന കുത്സിത പ്രവര്‍ത്തനങ്ങളുടെ സര്‍വ്വകാല പ്രസക്തമായ പ്രതീകം. സുഖദമായ അധികാരത്തില്‍ നിന്നുണ്ടാകുന്ന അത്യന്തം ദുഃഖകരമായ മഹാദുരന്തത്തിന്റെ നിത്യസ്ഥായിയായ പ്രതീകം കൂടിയാണ് അരക്കില്ലം. പ്രതിയോഗികളെ വക വരുത്താനുള്ള തന്ത്രങ്ങളുടെ ആവിഷ്‌കാരമാണ് അരക്കില്ലം. അരക്കില്ലത്തിന് അങ്ങനെയൊരു സ്ഥാനവുമുണ്ട്. ജതുഗൃഹം എന്നാണ് സംസ്‌കൃതത്തില്‍ ഇതിന്റെ പേര്. അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല. അധികാരവാഴ്ചയില്‍ ഏതു സമയത്തും ഒരു അരക്കില്ലം സംഭവിക്കാവുന്നതാണ്. വര്‍ത്തമാനകാല രാഷ്‌ട്രീയത്തിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇതിഹാസകാലത്ത് വ്യാസന്‍ എഴുതിയ അരക്കില്ലത്തിന്റെ പ്രസക്തി ഒരു മാറ്റവുമില്ലാതെ ഇന്നും തുടരുന്നുവെന്ന് നമുക്ക് ബോദ്ധ്യപ്പെടും.
വ്യാസന്‍ ഋഷിയാണ്, മഹാകവിയാണ്, ദാര്‍ശനികനാണ്, ചിന്തകനാണ്, മഹാനായ കലാകാരനാണ്. വ്യാസന് വലിയ ശാസ്ത്രജ്ഞാനവുമുണ്ട്. അന്നുവരെ ഉണ്ടായിട്ടുള്ള എല്ലാ ശാസ്ത്രങ്ങളും അറിഞ്ഞിരുന്ന ഋഷിയായിരുന്നു വ്യാസന്‍. വ്യാസന്റെ ഈ സിദ്ധികളൊക്കെ അദ്ദേഹത്തിന്റെ കഥാപാത്രസൃഷ്ടിയില്‍ കാണാം. ഈ കഥാപാത്രങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന സംഭവങ്ങളിലും ഇത് നമുക്ക് ദര്‍ശിക്കാം. അരക്കില്ലം ഇതിനൊരുദാഹരണമാണ്.
















