Varadyam

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

Published by
ഡോ.അനില്‍കുമാര്‍ വടവാതുര്‍

ഭൂമണ്ഡലത്തിലെ ശുദ്ധജലത്തിന്റെ മുക്കാല്‍ പങ്കും കുടിയിരിക്കുന്നത് ഹിമാനികള്‍ എന്ന് വിളിക്കുന്ന പടുകൂറ്റന്‍ മഞ്ഞുമലകളിലാണെന്ന് നമുക്കറിയാം. ഭൂമണ്ഡലത്തിന്റെ ചൂടു കൂടുന്നതിനനുസരിച്ച് അവയൊക്കെ ഉരുകിയൊലിച്ച് കടല്‍ ജലനിരപ്പുയര്‍ത്തുകയാണെന്നും നമുക്കറിയാം. അതിതാപത്തിന്റെ വേദനയില്‍ മലമുകളിലെ മഞ്ഞുമലകള്‍ പൊട്ടിത്തകര്‍ന്ന് താഴേക്ക് കുത്തിമറിഞ്ഞെത്താനുള്ള സാധ്യതകള്‍ ഏറിവരികയാണെന്ന സത്യവും നമുക്കറിയാം.

മഞ്ഞുമലയിടിഞ്ഞ് കുതിച്ചെത്തുന്ന ആ പ്രതിഭാസത്തെയാണ് ശാസ്ത്രജ്ഞര്‍ ‘ഗ്ലോഫ്’ എന്ന് വിളിക്കുന്നത്. ‘ഗ്ലോഫ്’ എന്നാല്‍ ഗ്ലേഷ്യല്‍ ലേക്ക് ഔട്ട്ബര്‍സ്റ്റ് ഫ്‌ലഡ്’ അഥവാ ഹിമതടാക വിസ്ഫോടന പ്രളയം. സെക്കന്റില്‍ ലക്ഷക്കണക്കിന് ക്യൂബിക് മീറ്റര്‍ ജലവും ചെളിയും പടുകൂറ്റന്‍ പാറകളും മരവുമൊക്കെ ചേര്‍ന്ന് കുത്തിയൊഴുകിവരുന്ന അത്തരം മഹാപ്രളയ പ്രവാഹങ്ങള്‍ കണ്ണില്‍ കണ്ടതൊക്കെ തകര്‍ത്തെറിയും. മനുഷ്യജീവനും മഹാമന്ദിരങ്ങളും സംസ്‌കാരങ്ങളുമൊക്കെ. നമ്മുടെ അയല്‍നാടായ നേപ്പാളില്‍ അതാണ് സംഭവിച്ചത്.
നേപ്പാള്‍-ചൈന അതിര്‍ത്തിയില്‍ ടിബറ്റില്‍ സ്ഥിതിചെയ്യുന്ന ഒരു കൂറ്റന്‍ ഹിമാനിയുടെ തകര്‍ച്ചയാണ് ആ ഹിമാലയന്‍ ഗ്ലോഫിന് തിരികൊളുത്തിയതെന്ന് ഭൗമഗവേഷകര്‍ പറയുന്നു. സമുദ്രനിരപ്പില്‍നിന്ന് 5200 മീറ്റര്‍ ഉയരത്തില്‍നിന്നായിരുന്നുവത്രേ ആ ഹിമാനിയുടെ പതനം. വിസ്തീര്‍ണമാവട്ടെ അര കിലോമീറ്ററിലേറെയും. പതനം 12 കിലോമീറ്റര്‍ താഴ്ചയിലേക്കായിരുന്നു നേപ്പാളിലെ റാസുവാ ജില്ലയില്‍നിന്ന് 22 കിലോമീറ്റര്‍ അകലെയുള്ള ല്ഹെല്‍ഡെ തടാകത്തിലേക്ക് കേവലം ഏഴു മിനിറ്റുകൊണ്ടാണ് ആ ഹിമാനിയും അവശിഷ്ടങ്ങളും പതിച്ചത്. മണിക്കൂറില്‍ 187.5 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ആ വീഴ്ച. കേവലം ദുര്‍ബലമായ ആ പ്രകൃതിദത്ത ഹിമതടാകത്തിലേക്ക് ഗ്ലോഫ് പതിച്ചപ്പോള്‍ ഭൂമി കുലുങ്ങി വിറച്ചു. റിച്ചര്‍ സ്‌കെയിലില്‍ ആ ആഘാതം 5.2 എന്ന് രേഖപ്പെടുത്തി.

ഭീമാകാരമായ ആ പതനം തടാകത്തെത്തന്നെ അടിച്ചുതകര്‍ത്തു. അതിലെ ജലമത്രയും അതിര്‍ത്തികള്‍ ഭേദിച്ച് പുറത്തേക്ക് കുതിച്ചു. ‘ഭോട്ടെ കോസി’ നദിയിലേക്കും തുടര്‍ന്ന് ത്രിശൂലി, നാരായണി നദികളിലേക്കും അതിഭയങ്കരമായ സംഹാരശേഷിയോടെ പാഞ്ഞു. ആ പ്രവാഹം, കണ്ടതും കാണാത്തതും കാതങ്ങള്‍ അകലെയുള്ളതുമായ സമസ്ത വസ്തുക്കളെയും തച്ചുടച്ച് തകര്‍ത്തു; നിരപരാധികളായ ആയിരങ്ങളുടെ ജീവനെടുത്തു. യുഎന്‍ഡിപിയുടെ ഏകദേശ കണക്ക് അനുസരിച്ച് നേപ്പാള്‍ പ്രളയത്തില്‍ അടിഞ്ഞുകൂടിയത് 22 ലക്ഷം ടണ്‍ മാലിന്യം.

മലനിരകളില്‍ പ്രായേണ ചെറുപ്പമായ ഹിമാലയത്തില്‍ പലവട്ടം ഗ്ലോഫ് അരങ്ങേറിയതായി ചരിത്രം പറയുന്നു. ഉത്തര്‍ഖണ്ഡിലെ കേദാര്‍നാഥ്, ചമേലി, സിക്കിമിലെ സൗത്ത് ലോനാക് തടാകം, ലഡാക്കിലെ ചോങ് കുംഡാന്‍, നേപ്പാള്‍-ചൈന അതിര്‍ത്തിയിലെ സൈറണ്‍ മാക്കോ, ഭൂട്ടാനിലെ ലഗ്ഗിസോയി എന്നിങ്ങനെ പലേടത്തും ഏറിയും കുറഞ്ഞുമുള്ള തോതില്‍. പക്ഷേ നേപ്പാളില്‍ ഇക്കുറി സംഭവിച്ചത് സമാനതകളില്ലാത്ത ദുരന്തം.

നേപ്പാള്‍-ടിബറ്റ് മേഖലയില്‍ ഇത്തരം നൂറുകണക്കിന് ഹിമതടാകങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അവയുടെ എണ്ണം രണ്ടായിരത്തിലേറെയെന്ന് പരിസ്ഥിതി ഗവേഷകര്‍. മഞ്ഞുരുകല്‍ ഏറുന്നതിനനുസരിച്ച് ഇത്തരം തടാകങ്ങളുടെ എണ്ണവും വണ്ണവും വര്‍ധിച്ചുവരികയാണത്രെ. കിലോമീറ്ററുകള്‍ വിസ്തീര്‍ണമുള്ള ഇത്തരം ‘ജലബോംബു’കളില്‍ കോടാനുകോടി ക്യൂബിക് മീറ്റര്‍ ജലം പുറത്തുചാടാന്‍ കാലം കാത്തു കഴിയുന്നു. പടുകൂറ്റന്‍ പാറക്കെട്ടുകളുടെ മുകളിലാണ് ഹിമാനികള്‍ ഇരുപ്പുറപ്പിച്ചിരിക്കുന്നത്. പാറയുടെ പ്രതലത്തിന്റെയും തണുത്തുറഞ്ഞ ഹിമമണ്ണിന്റെ (പെര്‍മാഫ്രോസ്റ്റ്)യും ഘര്‍ഷമാണ് അവയുടെ സ്ഥിരതയുടെ കാരണം. പക്ഷേ അധിക താപത്തില്‍ മഞ്ഞുരുകുമ്പോള്‍ പാറക്കെട്ടുകള്‍ക്കും ഹിമാനികള്‍ക്കുമിടയില്‍ വെള്ളപ്പാളികള്‍ രൂപമെടുക്കും. അതോടെ പെര്‍മാഫ്രോസ്റ്റും പാറക്കെട്ടുകളും നല്‍കുന്ന ഘര്‍ഷണം നശിക്കും; ഹിമാനി തകര്‍ന്നുവീഴാന്‍ റെഡി.

ബ്രിട്ടനിലെ ന്യൂകാസില്‍ സര്‍വകലാശാലയിലെ ഗവേഷകരായ ഗുഞ്ജന്‍ സില്‍വലും സംഘവും ഇത്തരം അപകടങ്ങളെക്കുറിച്ച് നേരത്തെതന്നെ പ്രവചിച്ചിരുന്നു. 1977-2010 കാലഘട്ടത്തില്‍ മാത്രം നേപ്പാള്‍ മലനിരകളിലെ ഹിമാനികളുടെ വിസ്തീര്‍ണം കാല്‍ഭാഗംകൊണ്ട് ശോഷിച്ചതായി ഗവേഷണ സംഘം കണ്ടെത്തി. അതിവേഗം മഞ്ഞുമലകള്‍ ഉരുകുകയാണെന്നും ആയത് അത്യാപത്തിന് വഴിമരുന്നിടുമെന്നും അവര്‍ പ്രവചിച്ചു. പക്ഷേ ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പുകള്‍ക്ക് എത്രപേര്‍ വിലകല്‍പ്പിക്കുന്നു?

ഹിമാനികളും ഹിമ തടാകങ്ങളുമൊക്കെ അത്യന്തം അപകടകാരികളാണ്. അവയെ നിയന്ത്രിക്കാനാവില്ല. ആപത്ത് പ്രവചിക്കാനുമാവില്ല. പക്ഷേ അവയുടെ അടിസ്ഥാന കാരണം ആഗോള താപനത്തിലെ വര്‍ധനയാണെന്ന കാര്യം ഭരണകൂടങ്ങള്‍ മറക്കുന്നു. കാര്‍ബണും മീതേനും മറ്റ് ഗ്രീന്‍ഹൗസ് മലിനവാതകങ്ങളും ഭൂമണ്ഡലത്തെ അനുനിമിഷം ഭീഷണിയുടെ മുള്‍മുനയില്‍ നിറുത്തിയിരിക്കുകയാണെന്ന് നാം മനസിലാക്കണം. അത്തരം വാതകങ്ങള്‍ പുറത്തുവിട്ട് സമ്പത്തുണ്ടാക്കുന്ന അമേരിക്കയെയും ചൈനയെയും മാത്രം അതിന് കുറ്റപ്പെടുത്തിയതുകൊണ്ട് മാത്രമായില്ല. ഭൂലോകത്തില്‍ വസിക്കുന്ന ഓരോ മനുഷ്യനും അതിന് ഉത്തരവാദിയാണെന്നത് വിസ്മരിക്കാനാവില്ല.

മനുഷ്യന്റെ ചെയ്തികള്‍കൊണ്ട് പുറത്തുവരുന്ന ഓരോ മാലിന്യവും ബാഹ്യാകാശ താപകിരണങ്ങളെയും സൂര്യരശ്മികളെയുമൊക്കെ തിരികെ വിടാതെ ഭൂമണ്ഡലത്തില്‍ കുരുക്കിയിടാന്‍ അവസരമൊരുക്കുന്നു. അങ്ങിനെയാണ് ഭൂമി വെന്തുരുകുന്നതും ഹിമാനികള്‍ തകരുന്നതും കടല്‍വെള്ളമുയര്‍ന്ന് ദ്വീപുകളെ വിഴുങ്ങുന്നതും. അനാവൃഷ്ടിയും അതിവൃഷ്ടിയും അറിയാരോഗങ്ങളുടെ പേക്കൂത്തുകളും കാണാക്കീടങ്ങള്‍ നടത്തുന്ന വിളനശീകരണവും ഗതിമുട്ടിയ ഗോത്രങ്ങളുടെ ദേശാന്തരഗമനവുമൊക്കെ അതിന്റെ നേര്‍ഫലങ്ങള്‍. ഓര്‍ക്കുക.. നേപ്പാള്‍ ഒരു മുന്നറിയിപ്പാണ്. കണ്ടുകൊണ്ടും അനുഭവിച്ചും പഠിക്കാനുള്ള മുന്നറിയിപ്പ്.

Recent Posts