കണ്ണൂര്‍: അച്ഛന്റെ മരണ സര്‍ട്ടിഫിക്കറ്റിനായി എത്തിയ 22 കാരിയുടെ ഫോണ്‍ നമ്പര്‍ വാങ്ങി അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍
രാത്രി യുവതിയുടെ വീട്ടിലെത്തിയ എടക്കാട് വില്ലേജ് ഓഫീസര്‍ ജിജു സ്‌കറിയ(47) യെ യുവതിയുടെ ബന്ധുക്കള്‍ തടഞ്ഞ് വച്ച് പൊലീസിന് കൈമാറുകയായിരുന്നു. ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായെന്ന വില്ലേജ് ഓഫീസറുടെ പരാതിയില്‍ യുവതിക്കും ഭര്‍ത്താവിനും കണ്ടാലറിയാവുന്ന 12 പേര്‍ക്കും എതിരെയും കേസ് എടുത്തിട്ടുണ്ട്. നിയമവിരുദ്ധമായ സംഘം ചേരല്‍, ആള്‍ക്കൂട്ട വിചാരണ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്
വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. യുവതിയുടെ വീട് തേടി എത്തിയ ജിജു സ്‌കറിയയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് തടഞ്ഞ് വച്ച് ചോദ്യം ചെയിതു.തുടര്‍ന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
മൂന്ന് വര്‍ഷം മുന്‍പ് മരിച്ച അച്ഛന്റെ മരണ സര്‍ട്ടിഫിക്കറ്റിന് വേണ്ടിയാണ് യുവതി ഏതാനും ദിവസം മുമ്പ് എടക്കാട് വില്ലേജ് ഓഫീസിലെത്തിയത്.നമ്പര്‍ വാങ്ങിയ ജിജു സ്‌കറിയ കഴിഞ്ഞ രാത്രി 9 മണിയോടെ യുവതിക്ക് വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയച്ച് തുടങ്ങി. ഭര്‍ത്താവ് അടുത്തില്ലെന്ന് മനസിലായതോടെ സന്ദേശങ്ങളില്‍ അശ്ലീലം നിറഞ്ഞു.യുവതി ഭര്‍ത്താവിനെയും സഹോദരനെയും അറിയിച്ചു. ഇതോടെ ലൈംഗിക ചുവയോടെ വില്ലേജ് ഓഫീസര്‍ അയച്ച സന്ദേശങ്ങള്‍ക്ക് യുവതിയുടെ ഭര്‍ത്താവ് മറുപടി അയച്ചു.
വീടിന്റെ ലൊക്കേഷനും അയച്ചത് പ്രകാരം രാത്രി 11 ഓടെ ജിജു സ്‌കറിയ കണ്ണൂര്‍ നഗര പരിധിയിലുള്ള യുവതിയുടെ വീട്ടിലെത്തുകയും ഇവരുടെ ബന്ധുക്കളുടെ പിടിയിലാവുകയും ചെയ്യുകയായിരുന്നു.
















