ന്യൂഡൽഹി ; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) ഗ്യാനേഷ് കുമാറിനെതിരെ പാർലമെന്റിന്റെ ഇരുസഭകളിലും ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാനുള്ള നീക്കവുമായി പ്രതിപക്ഷം . വിഷയത്തിൽ കോൺഗ്രസ് പ്രതിപക്ഷ പാർട്ടികളുമായി ബന്ധപ്പെടാൻ തുടങ്ങിയിട്ടുണ്ട്. അടുത്ത രണ്ടാഴ്ചയ്‌ക്കുള്ളിൽ പ്രമേയത്തിന്റെ നോട്ടീസ് പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടുന്ന INDI സഖ്യം ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ മുമ്പ് നോട്ടീസ് സമർപ്പിച്ചിരുന്നു . 2026 ഏപ്രിലിൽ, രാജ്യസഭയിൽ പ്രതിപക്ഷ എംപിമാർ ഇതിനായി നോട്ടീസ് നൽകിയിരുന്നു. അതിൽ 73 എംപിമാർ ഒപ്പിട്ടതായാണ് വിവരം. ഇരുസഭകളിലും പുതിയ പ്രമേയം അവതരിപ്പിക്കുന്നതിനായി പ്രതിപക്ഷ പാർട്ടികളെ ഒരുമിച്ച് കൊണ്ടുവരാൻ കോൺഗ്രസ് ഇപ്പോൾ തയ്യാറെടുക്കുകയാണ്.
ഭരണഘടനയുടെ ആർട്ടിക്കിൾ 324(5) പ്രകാരമാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമം നിർദ്ദേശിക്കുന്നത്. ഇതിന് പാർലമെന്റിൽ നിർദ്ദേശിച്ചിരിക്കുന്ന നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്.
















