ന്യൂദല്‍ഹി : മികച്ച സുരക്ഷാ നയം രൂപീകരിക്കുന്നതിന് യാഥാര്‍ത്ഥ്യവും ദേശീയ താല്‍പ്പര്യവും കണക്കിലെടുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ന്യൂദല്‍ഹിയില്‍ ഒരു മാധ്യമ സ്ഥാപനം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ നേരിടാന്‍ സമഗ്രമായ സമീപനം സ്വീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നയതന്ത്രപരമായ ഇടപെടലുകള്‍ ഇല്ലെങ്കില്‍, സൈനിക മുന്നൊരുക്കങ്ങള്‍ സംഘര്‍ഷത്തിലേക്കും സുരക്ഷാ പ്രതിസന്ധികളിലേക്കും നയിച്ചേക്കാമെന്ന് മന്ത്രി പറഞ്ഞു. അതേസമയം, മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടുമെന്നും അത് ദേശീയ സുരക്ഷയ്‌ക്ക് അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു; അതിനാല്‍ ഇവ രണ്ടും തമ്മിലുള്ള സന്തുലിതാവസ്ഥ അനിവാര്യമാണ്. ലോകമെമ്പാടും സമാധാനം സ്ഥാപിക്കാന്‍ നയതന്ത്രത്തിലൂടെ ഇന്ത്യ പരിശ്രമിക്കുന്നുണ്ടെന്നും, ഒപ്പം ഏത് തരത്തിലുള്ള ഭീഷണികളെയും നേരിടാന്‍ പാകത്തില്‍ പ്രതിരോധ-തന്ത്രപരമായ ശേഷി വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
തന്ത്രപരമായ പങ്കാളിത്തങ്ങള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം സഹകരണത്തിനായി പുതിയ വേദികള്‍ ഒരുക്കുകയും ആഗോളതലത്തില്‍ നയതന്ത്ര ബന്ധങ്ങള്‍ വിപുലീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടി.
നിര്‍മ്മിത ബുദ്ധി (AI) ഉപയോഗിച്ചുള്ള ഭീഷണി , മുന്നറിയിപ്പ് സംവിധാനങ്ങള്‍, വേഗത്തിലുള്ള തീരുമാനമെടുക്കല്‍ തുടങ്ങിയ തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനുള്ള ഭാരതത്തിന്റെ ശ്രമങ്ങളെ മന്ത്രി എടുത്തുപറഞ്ഞു. ഭീകരവാദികളും അവരെ സഹായിക്കുന്നവരെയും ഒരു പോലെ കാണുമെന്ന സന്ദേശം രാജ്യം നല്‍കിക്കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതിലൂടെ, ‘രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല’ എന്ന് ഇന്ത്യ വ്യക്തമാക്കിയതായും രാജ്നാഥ് സിംഗ് ഊന്നിപ്പറഞ്ഞു.
















