കൊച്ചി: വടകര മയക്കുമരുന്ന് കടത്ത് കേസില്‍ മൂന്നാം പ്രതിയായ സ്‌കൂള്‍ അധ്യാപിക കാവ്യയ്‌ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായതും അധ്യാപികയ്‌ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നതും കണക്കിലെടുത്ത് അവരെ തുടര്‍ന്നും തടങ്കലില്‍ വയ്‌ക്കേണ്ടത് ആവശ്യമാണെന്ന് തോന്നുന്നില്ലെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പറഞ്ഞു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകണം,. അന്വേഷണവുമായി സഹകരിക്കണം സാക്ഷികളെ ബന്ധപ്പെടുകയോ തെളിവുകള്‍ ശേഖരിക്കുകയോ ചെയ്യരുത്, വിചാരണ കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം.
58 ദിവസമായി ജയിലില്‍ കഴിയുകയാണെന്ന് കാവ്യയ്‌ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. കുറിച്ചുണ്ട് ചേര്‍ക്കാട് സ്വദേശിയായ കാവ്യ പേരാമ്പ്ര ബിആര്‍സിയിലെ അധ്യാപികയായിരുന്നു. കേസിലെ രണ്ടാംപ്രതിയും അധ്യാപികയുമായ കീര്‍ത്തനയ്‌ക്കും നേരത്തെ ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു.
പ്രതികളിലൊരാളുടെ പക്കല്‍ നിന്ന് 2.108 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെത്തിയിരുന്നു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ കാവ്യയുടെ ബാങ്ക് അക്കൗണ്ടിലൂടെയും മറ്റൊരു പ്രതിയുടെ ബാങ്ക് അക്കൗണ്ടിലൂടെയും നടത്തിയതായും പോലീസ് ആരോപിച്ചു.
















