India

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ചെന്നൈ: ജപ്പാനിൽ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ അംഗം കമലിനിക്ക് പ്രത്യേക അഭിനന്ദനവും പരിതോഷികവും പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. കമലിനിയുടെ മികച്ച നേട്ടത്തിന് സർക്കാർ 75 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. കമലിനിയുടെ വിജയം തമിഴ്നാട്ടിലെ യുവജനങ്ങൾക്ക് പുതിയ പ്രചോദനവും ആത്മവിശ്വാസവുമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

‘ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ വനിതാ ക്രിക്കറ്റ് വിഭാഗത്തിൽ സ്വർണ മെഡൽ നേടി ചരിത്രം കൈവരിച്ച ഇന്ത്യൻ വനിതാ ടീമിനും ആ ടീമിലെ അംഗമായ തമിഴ്നാട്ടിലെ മധുര സ്വദേശി കമലിനിക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ക്രിക്കറ്റ് താരം കമലിനിയുടെ മികച്ച നേട്ടത്തിന് സർക്കാർ 75 ലക്ഷം രൂപ ക്യാഷ് അവാർഡ് നൽകും. ഇതുപോലെയുള്ള കായികതാരങ്ങളെ ഇനിയും തമിഴ്നാട് സർക്കാർ പിന്തുണയ്‌ക്കും. കമലിനിയുടെ വിജയം തമിഴ്നാട്ടിലെ യുവജനങ്ങൾക്ക് പുതിയ പ്രചോദനവും ആത്മവിശ്വാസവുമാണ്. ഇനിയും ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കാൻ കമലിനിക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു’- വിജയ് എക്സിൽ കുറിച്ചു.

ഫൈനലിൽ 147 റൺസിനാണ് ഇന്ത്യ ശ്രീലങ്കയെ കീഴടക്കിയത്. ഇതോടെ ഈ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വർണനേട്ടക്കാരായും ഹർമൻപ്രീതും സംഘവും തിളങ്ങി. അർദ്ധസെഞ്ച്വറി നേടിയ സ്മൃതി മാന്ഥനയും (79), 48 റൺസ് നേടിയ ഓപ്പണർ ഷെഫാലി വെർമ്മയും പുറത്താകാതെ 49 റൺസ് നേടിയ റിച്ച ഘോഷുമാണ് ഇന്ത്യൻ ബാറ്റിംഗിൽ തിളങ്ങിയത്. ഹർമൻപ്രീത് 19 റൺസെടുത്ത് പുറത്തായി.

Recent Posts