മുൻകൂട്ടിയുള്ള തയ്യാറെടുപ്പുകളേക്കാൾ സെറ്റിലെത്തുന്ന ആദ്യ നിമിഷങ്ങളിൽ സംഭവിക്കുന്ന അപ്രതീക്ഷിത “മാജിക്കാണ്” തന്റെ അഭിനയത്തിന്റെ രഹസ്യമെന്ന് വെളിപ്പെടുത്തി. സിനിമയിൽ പ്രേക്ഷകരെ വിറപ്പിച്ച ‘കൊടുമൺ പോറ്റി’ എന്ന കഥാപാത്രം തന്നോട് പറഞ്ഞതിനെക്കാൾ വ്യത്യസ്തമായിരുന്നു സിനിമയിലെത്തിയപ്പോൾ എന്ന് മമ്മൂട്ടി പറയുന്നു.
‘ഭ്രമയുഗ’ത്തിലേക്ക് കടക്കുമ്പോൾ അവർ ആദ്യം എനിക്ക് മുന്നിൽ വെച്ച കഥാപാത്ര രൂപരേഖയായിരുന്നില്ല പിന്നീട് സംഭവിച്ചത്. എന്റെ മേക്കപ്പ്മാനോടും കോസ്റ്റ്യൂമറോടുമൊപ്പം അരമണിക്കൂർ ചെലവഴിച്ചപ്പോഴേക്കും ‘കൊടുമൺ പോറ്റി’ എന്ന കഥാപാത്രത്തിലേക്ക് പരകായപ്രവേശം നടത്താൻ എനിക്ക് സാധിച്ചു.
ഇതൊരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ്. പണ്ടെന്നോ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയിൽ ഒരു ചെറിയ അതിഥിവേഷം ചെയ്തിട്ടുണ്ടെന്നതൊഴിച്ചാൽ, ഒരുപക്ഷേ എന്റെ കരിയറിലെ ആദ്യത്തെ സമ്പൂർണ ബ്ലാക്ക് ആൻഡ് വൈറ്റ് പരീക്ഷണമാണിത്. എന്റെ സംവിധായകനോടും മേക്കപ്പ് –മാനോടും കോസ്റ്റ്യൂമറോടും, പ്രത്യേകിച്ച് ഇതിന് ദൃശ്യഭാഷയൊരുക്കിയ ക്യാമറാമാനോടും ഞാൻ ഏറെ കടപ്പെട്ടിരിക്കുന്നു.
മാതൃരാജ്യത്തിന്റെ ഈ മഹത്തായ ആദരം ഏതൊരു കലാകാരനും സർഗ്ഗാത്മകതയുടെ ആകാശം തൊടാനുള്ള വലിയൊരു പ്രചോദനമാണ്. എന്നെ വിശ്വസിച്ച സംവിധായകർ, അക്ഷരങ്ങളിലൂടെ ശ്വാസം നൽകിയ എഴുത്തുകാർ, ഒപ്പം നിന്ന സഹനടന്മാർ, നിർമ്മാതാക്കൾ, എല്ലാറ്റിലുമുപരി എന്നെ സ്നേഹിച്ച പ്രിയപ്പെട്ട പ്രേക്ഷകർ… ഇവരെല്ലാം ചേർന്നതാണ് ഈ ദീർഘമായ യാത്ര.
ഒരു സിനിമ തിരഞ്ഞെടുക്കുമ്പോൾ ഞാൻ ആദ്യം നോക്കുന്നത് തിരക്കഥയും അതിനുശേഷം കഥാപാത്രത്തിന്റെ ആഴവുമാണ്. വലിയ തയാറെടുപ്പുകളൊന്നും മുൻകൂട്ടി നടത്തുന്ന ശീലം എനിക്കില്ല. എന്നാൽ, ചിത്രീകരണത്തിന്റെ ആദ്യ ദിനം ക്യാമറയ്‌ക്ക് മുന്നിലെത്തുമ്പോൾ എന്നിലേക്ക് ഏതോ ഒരു ഊർജ്ജം വന്നുനിറയും. അതെന്തൊരു മാജിക്കാണെന്ന് എനിക്ക് ഇപ്പോഴും അജ്ഞാതമാണ്. ഞാനായിട്ട് യാതൊരു മാജിക്കും കാട്ടുന്നില്ല, എന്നാൽ യാദൃച്ഛികമായി ഏതോ ഒരു വശ്യത എന്നെ ആവാഹിക്കുകയും ആ കഥാപാത്രം യാഥാർത്ഥ്യമാവുകയും ചെയ്യുന്നു.“ എന്നാണ് തന്റ് വിജയരഹസ്യമായി മമ്മൂട്ടി പറയുന്നത്.
















