Kerala

സംസ്ഥാനത്ത് കനത്ത മഴ; മരണം ഒൻപതായി, മലപ്പുറത്ത് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ മരിച്ചവരുടെ എണ്ണം ഒൻപതായി. മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ കാണാതായ ആറ് പേരിൽ അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തി. മഴ കനക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രി വി ഡി സതീശൻ നിർദേശം നൽകി.

ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. മലയോര മേഖലകളിൽ ഉൾപ്പെടെ മഴ കനക്കുന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രതാ നിർദേശം പാലിക്കണം.

നിലമ്പൂർ അമരമ്പലം ടി.കെ. നഗറിലെ വിനോദസഞ്ചാരകേന്ദ്രത്തിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട മൂന്നുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. രണ്ടുപേരുടെ മൃതദേഹങ്ങൾ കഴിഞ്ഞരാത്രി തന്നെ കണ്ടെത്തിയിരുന്നു. ഒരു സ്ത്രീയെ കൂടി കാണാതായിട്ടുണ്ട്. കൂടുതൽ പേർ ഒഴുക്കിൽപ്പെട്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. പ്രദേശത്ത് തിരച്ചിൽ ഊർജിതമായി തുടരുകയാണ്.

തിങ്കളാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയത്. കരുവാരക്കുണ്ട് സ്വദേശി റഹീം, വണ്ടൂർ കോട്ടക്കുന്ന് സ്വദേശികളായ റഫീഖ്, സജ്ജാദ് എന്നിവരുടെ മൃതദേഹങ്ങളാണ് രാവിലെ കണ്ടെടുത്തത്. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മങ്ങാടൻ ബസ് ഉടമ കോട്ടക്കൽ മങ്ങാടൻ ഹമീദിന്റെ മകൻ അനസ് (31), തിരൂർ സ്വദേശി മുഹമ്മദ് കുട്ടി(63) എന്നിവരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞദിവസം കണ്ടെത്തിയത്. ടി.കെ. നഗർ വെളുത്തേടത്ത് സഞ്ജയ്ദാസിന്റെ ഭാര്യ സജിതയെയാണ് കാണാതായത്.

ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. സംഭവസമയത്ത് പുഴയിലോ പരിസരത്തോ മഴയുണ്ടായിരുന്നില്ല. നിരവധി വിനോദസഞ്ചാരികൾ പുഴയിലുണ്ടായിരുന്ന സമയത്ത് അപ്രതീക്ഷിതമായി മലവെള്ളം കുത്തിയൊലിച്ചെത്തുകയായിരുന്നു. ക്രമാതീതമായി വെള്ളം ഉയർന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വനം ഉദ്യോഗസ്ഥരും നാട്ടുകാരും നടത്തിയ അടിയന്തര ഇടപെടലിൽ കുറെപ്പേരുടെ ജീവൻ രക്ഷിക്കാനായി.

വെള്ളം പെട്ടെന്ന് ഇരച്ചെത്തിയതോടെ പലരും ഓടിരക്ഷപ്പെട്ടു. ഒഴുക്കിൽപ്പെട്ട ചിലർ മരക്കൊമ്പിലും പാറപ്പുറത്തും കയറി രക്ഷതേടി. നാട്ടുകാർ കയറിട്ട് ഇവരെ കരയിലെത്തിച്ചു. പോലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ട്രോമാകെയർ പ്രവർത്തകരും സ്ഥലത്തെത്തി തിരച്ചിലിൽ മുഴുകി. ഇരുട്ടായതോടെ രക്ഷാപ്രവർത്തനവും തിരച്ചിലും ദുഷ്‌കരമായി. ഇവിടെ പുഴയുടെ തീരത്തോ സമീപപ്രദേശങ്ങളിലോ മഴയില്ലെങ്കിലും മുകൾഭാഗത്തെ മഴവെള്ളം നിമിഷങ്ങൾക്കകം പുഴയിൽ ഒഴുകിയെത്തും. ഞായറാഴ്ചയും സഭവിച്ചത് ഇതുതന്നെയാണ്. പുഴയിൽ വെള്ളം ഉയരുന്നതിന്റെ സൂചന ലഭിക്കുന്നതിന് മുൻപുതന്നെ ഒഴുക്ക് ശക്തമായി. അപകടത്തിൽപ്പെടുന്നവരിൽ പ്രദേശവാസികൾ കുറവാണെന്നും പുറത്തുനിന്നെത്തുന്നവരാണ് കൂടുതലെന്നും നാട്ടുകാർ പറയുന്നു.

അപ്രതീക്ഷിതമായി പെയ്ത കനത്ത മഴ സംസ്ഥാനത്തെ പലയിടങ്ങളിലും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. നദികളിലും ജലാശയങ്ങളിലും ജലനിരപ്പ് ഉയരുന്നതിനാൽ തീരദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. രാത്രി സമയങ്ങളിൽ മലയോര മേഖലകളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. താലൂക്ക് അടിസ്ഥാനത്തിലും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി.

പോലീസ്, ഫയർഫോഴ്സ്, റവന്യു വകുപ്പുകൾ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ് നിലവിൽ പുരോഗമിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ ദുരിതാശ്വാസ കാമ്പുകൾ സജ്ജമാക്കാനും തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന. അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ റവന്യു ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതല നൽകി. ദേശീയ ദുരന്തനിവാരണ സേനയുടെ കൂടുതൽ സംഘങ്ങളെ ആവശ്യമെങ്കിൽ സംസ്ഥാനത്ത് എത്തിക്കാനും സർക്കാർ തലത്തിൽ ആശയവിനിമയം നടത്തുന്നുണ്ട്. അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായതിനാൽ ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കാൻ കെഎസ്ഇബിക്കും ജലസേചന വകുപ്പിനും നിർദേശം നൽകി.

Recent Posts