വയനാട്: സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം. സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ ഏഴ് ചാക്കുകള്‍ കാണാതായ സംഭവത്തിലാണ് നടപടി. എസ്ഐമാര്‍ അടക്കം സ്റ്റേഷനിലെ 21 ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സബിത്ത് ആണ് തൊണ്ടിമുതല്‍ മോഷ്ടിച്ചതെന്നാണ് ആരോപണം.
സബിത്തിനായി അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും പൊലീസ് വ്യാപിപ്പിച്ചു. നാല് പ്രത്യേക സംഘങ്ങളാണ് സബിത്തിനെ കണ്ടെത്താന്‍ വിവിധ ഇടങ്ങളില്‍ അന്വേഷണം നടത്തുന്നത്. സൈബര്‍ വിഭാഗവും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്.
നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയുമായി നേരത്തെ ബന്ധമുള്ളവരെയും സമാന കേസുകളില്‍ പിടിയിലായവരെയും നിരീക്ഷിക്കുന്നുണ്ട്.
















