കൊച്ചി: വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാമെന്ന് കരാറുണ്ടാക്കിയ ശേഷം അത് പാലിക്കാതെ ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ കാറ്ററിംഗ് സ്ഥാപന ഉടമയെ കൂത്താട്ടുകുളം പൊലിസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തു. കോട്ടയം കാഞ്ഞിരപ്പള്ളി ആസ്ഥാനമായ ഉദയം ഇവന്റ് കാറ്ററിംഗ്’ ഉടമ വിഷ്ണു മോഹനാണ് കേസിലെ പ്രതി.
സമാനമായ മറ്റൊരു തട്ടിപ്പ് കേസില്‍ കോട്ടയം ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ ആയിരുന്ന ഇയാളെ കൂത്താട്ടുകുളം പൊലിസ് കോടതി മുഖേനയാണ് കസ്റ്റഡിയില്‍ വാങ്ങിയത്.പാലക്കുഴ കോഴിപ്പിള്ളി പടിഞ്ഞാറേമ്യാലില്‍ സുമംഗലാദേവിയുടെ പരാതിയിലാണ് പൊലിസ് നടപടി. പരാതിക്കാരിയുടെ മകന്റെ വിവാഹത്തിന് ആഗസ്റ്റ് 16ന് നടന്ന ഹല്‍ദി ചടങ്ങിന് 150 പേര്‍ക്കും 22ലെ വിവാഹ റിസപ്ഷന് 1000 പേര്‍ക്കും ഭക്ഷണം നല്‍കാം എന്നായിരുന്നു വിഷ്ണു മോഹനുമായി കരാര്‍.
ഇതിനായി പരാതിക്കാരിയില്‍ നിന്നും മകനില്‍ നിന്നുമായി ഗൂഗിള്‍ പേയിലൂടെ വിവിധ ഘട്ടങ്ങളിലായി 1,35,000 രൂപ ഇയാള്‍ മുന്‍കൂറായി കൈപ്പറ്റി. എന്നാല്‍ ഹല്‍ദി ചടങ്ങിന് 100 പേര്‍ക്ക് മാത്രമാണ് ഇയാള്‍ ഭക്ഷണം നല്‍കിയത്. പ്രധാന വിവാഹ റിസപ്ഷന് രണ്ടു ദിവസം മാത്രം ശേഷിക്കെ ഭക്ഷണം നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞ് വിഷ്ണു പിന്മാറി.
ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ പ്രതി ഹല്‍ദിക്ക് നല്‍കിയ ഭക്ഷണത്തിന്റെ തുകയായ 25,000 രൂപ കിഴിച്ച് ബാക്കി നല്‍കേണ്ട 1,10,000 രൂപ തിരികെ നല്‍കിയില്ല എന്നാണ് കേസ്. കൂത്താട്ടുകുളം സ്റ്റേഷനില്‍ വച്ച് ചോദ്യം ചെയ്ത ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി വീണ്ടും റിമാന്‍ഡ് ചെയ്തു.
















