തിരുവനന്തപുരം:കന്റോണ്‍മെന്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സതീഷ് കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ ഗോകുല്‍ എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍. നാലു ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.
രണ്ടുപേര്‍ക്കുമെതിരായ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെയാണ് നടപടി.ഉദ്യോഗസ്ഥരുടെ വിശദീകരണം ലഭിച്ച ശേഷമായിരിക്കും തുടര്‍നടപടിയില്‍ അന്തിമ തീരുമാനം.
എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിലാണ് എസ്‌ഐ ഗോകുലിന് നോട്ടീസ് നല്‍കിയത്.ഇത് തെറ്റായ നടപടിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.
എസ് എഫ് ഐക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിനാണ് സിഐക്ക് നോട്ടീസ്. പോസ്റ്റിട്ടത് സോഷ്യല്‍ മീഡിയ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എസ്എഫ്ഐയുമായുള്ള പോര്‍വിളിക്ക് പിന്നാലെ അവധിയില്‍ പോയ സിഐ സതീഷ് കുമാറിനെ ആഭ്യന്തര വകുപ്പ് തിരികെ വിളിച്ചതിനെ തുടര്‍ന്ന് ജോലിയില്‍ തിരികെ പ്രവേശിച്ചിരുന്നു. എസ് ഐ ഗോകുലിനെ മൂന്ന് ദിവസത്തെ പരിശീലനത്തിനും വിട്ടിരുന്നു. എസ് ഐക്ക് വിവാഹത്തോടനുബന്ധിച്ച് ഒരു മാസത്തെ അവധിയും നല്‍കി. ഭരണാനുകൂല സംഘടനകള്‍ ഇടപെട്ടതോടെയാണ് സി ഐയെ തിരികെ വിളിച്ചത്.
രണ്ട് പൊലീസുദ്യോഗസ്ഥരെയും 10 ദിവസത്തിനുള്ളില്‍ മാറ്റണമെന്നാണ് എസ് എഫ് ഐയും സി പി എമ്മും മുന്നറിയിപ്പ് നല്‍കിയിട്ടുളളത്.
















