കൊച്ചി: ആയുര്‍വേദ ചികിത്സയുടെയും ബോഡി മസാജിന്റെയും മറവില്‍ പ്രവര്‍ത്തിക്കുന്ന ചില സ്പാ മസാജിങ് കേന്ദ്രങ്ങള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളായി മാറുന്നതായി ആക്ഷേപം. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍, ലഹരി ഇടപാടുകള്‍, ഹണിട്രാപ്പ്, ബ്ലാക്ക്മെയിലിങ് തുടങ്ങിയവയുമായി ചില സ്ഥാപനങ്ങള്‍ക്ക് ബന്ധമുണ്ടെന്ന പരാതികളാണ് ഉയരുന്നത്. 2024 ജനുവരിയില്‍ പാലാരിവട്ടത്തും തേവരയിലുമായി നിരവധി കേന്ദ്രങ്ങളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. 2024 ഡിസംബറില്‍ കൊച്ചിയിലെ ഒരു ആയുര്‍വേദ സ്പായില്‍ നടത്തിയ പരിശോധനയില്‍ അനാശാസ്യ പ്രവര്‍ത്തനം കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കിയിരുന്നു. എട്ട് യുവതികളടക്കം 12 പേരെ അന്ന് പിടികൂടിയിരുന്നു.
സ്പാ മേഖലയിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചില പോലീസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നുവെന്ന ആരോപണങ്ങള്‍ക്ക് കൂടുതല്‍ ഗൗരവം നല്‍കുന്നതാണ് 2025ല്‍ പുറത്തുവന്ന മറ്റൊരു കേസ്. സ്പായുമായി ബന്ധപ്പെട്ട് ഒരു പോലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെന്ന കേസില്‍ ഗ്രേഡ് എസ്ഐക്കെതിരെ കേസെടുക്കുകയും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. സ്പാ നടത്തിപ്പുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ സംബന്ധിച്ചും അന്വേഷണം നടന്നിരുന്നു.
ഇത്തരം സംഭവങ്ങള്‍ പുറത്തുവന്നിട്ടും പരിശോധനകള്‍ക്ക് പിന്നാലെ സ്ഥാപനങ്ങള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നുവെന്ന പരാതിയാണ് ഉയരുന്നത്. നഗരത്തില്‍ നൂറുകണക്കിന് സ്പാകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയില്‍ പലതിന്റെയും ലൈസന്‍സ് സംബന്ധിച്ച് സംശയങ്ങള്‍ ഉയരുന്നുണ്ട്. 2023ല്‍ മാത്രം 83 കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.
നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സ്പാകളെയും സംശയത്തിന്റെ നിഴലിലാക്കുന്ന തരത്തിലാണ് ചില സ്ഥാപനങ്ങളെക്കുറിച്ചുള്ള പരാതികള്‍. സ്പാകളുടെ യഥാര്‍ത്ഥ ഉടമകള്‍ ആരാണ്, സ്ഥാപനങ്ങളുടെ ലൈസന്‍സ് എവിടെ നിന്നാണ് ലഭിച്ചത്, നടത്തിപ്പുകാര്‍ക്ക് പിന്നില്‍ ആരൊക്കെയാണ്, വാടകക്കരാറുകളും ബാങ്ക് ഇടപാടുകളും ആരുടെ പേരിലാണ്, പോലീസ് ഉദ്യോഗസ്ഥര്‍ക്കോ രാഷ്‌ട്രീയ ബന്ധമുള്ളവര്‍ക്കോ നേരിട്ടോ ബിനാമിയായോ സാമ്പത്തിക പങ്കാളിത്തമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണ വിധേയമാക്കണമെന്നാണ് ആവശ്യം.
ചില സ്ഥാപനങ്ങള്‍ക്ക് രാഷ്‌ട്രീയ നേതാക്കളുടെയും പ്രാദേശിക സ്വാധീനശക്തികളുടെയും സംരക്ഷണം ലഭിക്കുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്.
ഒറ്റപ്പെട്ട റെയ്ഡുകള്‍ക്കപ്പുറം സ്ഥിരം നിരീക്ഷണവും തുടര്‍നടപടിയും ഉറപ്പാക്കണമെന്നാണ് പ്രധാന ആവശ്യം. ലഹരി ഇടപാടുകള്‍ക്കെതിരെ സംസ്ഥാനത്ത് പോലീസ് നടത്തുന്ന ഓപ്പറേഷന്‍ തൂഫാന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ശക്തമാക്കിയ സാഹചര്യത്തില്‍ സ്പാ മസാജിങ് കേന്ദ്രങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കേണ്ടതുണ്ട്.
നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സ്പാകള്‍ക്ക് തടസമുണ്ടാക്കാതെ, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയാകുന്ന സ്ഥാപനങ്ങളെ കണ്ടെത്തി അടച്ചുപൂട്ടുകയും പിന്നിലുള്ള സാമ്പത്തികക്രിമിനല്‍ ശൃംഖല പുറത്തുകൊണ്ടുവരികയും ചെയ്യണമെന്ന ആവശ്യമാണ് ഉയരുന്നത്.
















