കോട്ടയം:വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ് നടത്തിയ കാറ്ററിംഗ് സ്ഥാപന ഉടമയെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിംഗ് ഈവന്റ്‌സ് ഉടമ വിഷ്ണു മോഹനെ ആണ് പിടികൂടിയത്. മൂന്ന് വിവാഹങ്ങള്‍ക്ക് ഭക്ഷണം എത്തിക്കാന്‍ ഓര്‍ഡര്‍ സ്വീകരിച്ച് പണം വാങ്ങിയ ശേഷമാണ് ഇയാള്‍ മുങ്ങിയത്.
മുണ്ടക്കയം ചോറ്റി, കോട്ടയം കഞ്ഞിക്കുഴി, എറണാകുളം പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ മൂന്ന് വിവാഹങ്ങള്‍ക്കാണ് ഭക്ഷണം മുടങ്ങിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
ഓണ്‍ലൈന്‍ വഴിയാണ് രണ്ട് വീട്ടുകാര്‍ ഉദയം കാറ്ററിംഗ് സര്‍വീസിനെ കുറിച്ച് അറിഞ്ഞത്. കാറ്ററിംഗ് നടത്തിപ്പുകാരനായ വിഷ്ണുവിന് മുന്‍കൂറായി ഒരു ലക്ഷം രൂപയും നല്‍കി. പെരുമ്പാവൂര്‍ സ്വദേശികളില്‍ നിന്നും മൂന്ന് ലക്ഷത്തിലധികം രൂപയാണ് കാറ്ററിംഗ് ഉടമ വിഷ്ണു തട്ടിയത്.
















