
പത്തനാപുരം: പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും സംഗീതത്തോടുള്ള ഇഷ്ടം കൈവിടാതെ മുന്നേറിയ കടയ്‌ക്കാമണ്‍ അംബേദ്കര്‍ ഉന്നതി സ്വദേശി അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു. കുട്ടിക്കാലം മുതല്‍ പാട്ടിനെ നെഞ്ചോട് ചേര്‍ത്ത അഖില്‍ വിവിധ വേദികളിലൂടെയാണ് തന്റെ കഴിവ് വളര്‍ത്തിയെടുത്തത്.
കൊച്ചുനാള്‍ മുതല്‍ തന്നെ പാട്ടിനോട് താല്‍പര്യമുണ്ടായിരുന്ന അഖില്‍ സ്‌കൂള്‍ പഠനകാലത്ത് കലോത്സവങ്ങളിലൂടെ നിരവധി വേദികളിലെത്തി. സംസ്ഥാനതലം വരെയുള്ള മത്സരങ്ങളിലും പങ്കെടുത്തു. പിന്നീട് കേരളോത്സവങ്ങള്‍, ക്ലബ് പരിപാടികള്‍, ഗാനമേള വേദികള്‍ തുടങ്ങി ലഭിച്ച അവസരങ്ങളിലെല്ലാം അഖില്‍ പാടി. എന്നാല്‍ സംഗീതത്തില്‍ കാര്യമായ പരിശീലനം നേടുന്നതിനുള്ള സാഹചര്യം ലഭിച്ചിരുന്നില്ല.
ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ച് പിന്നീട് ഡ്രൈവര്‍ ജോലിയിലേക്ക് തിരിഞ്ഞു. ഇതിനിടെയാണ് കോളേജ് ബസ് ഓടിക്കുന്നതിനിടെ അഖില്‍ പാടിയ പാട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ സംഗീതരംഗത്തുള്ളവരുടെ പിന്തുണയും അവസരങ്ങളും അഖിലിനെ തേടിയെത്തി. ഇതോടെ വീണ്ടും സംഗീതവേദികളില്‍ സജീവമായി.
2017ല്‍ ഗള്‍ഫില്‍ സംഗീതപരിപാടി അവതരിപ്പിക്കാനും അഖിലിന് അവസരം ലഭിച്ചു. തുടര്‍ന്ന് നിരവധി സംഗീതപരിപാടികളിലും ടെലിവിഷന്‍ പരിപാടികളിലും പങ്കെടുത്തു. സ്വന്തമായി പാടിയ ഗാനങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചും അഖില്‍ ശ്രദ്ധ നേടി. അഖിലിന്റെ സംഗീതയാത്രയിലെ മറ്റൊരു ശ്രദ്ധേയമായ വഴിത്തിരിവായിരുന്നു സിനിമയിലേക്കുള്ള അവസരം. അഖില്‍ സ്വന്തം നിലയില്‍ പാടിയ ‘പ്രമദവനം’ എന്ന ഗാനം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഒരു സിനിമയിലെ രംഗത്തില്‍ ഉപയോഗിക്കുകയായിരുന്നു.
വലിയ സംഗീതപരിശീലനമോ സാമ്പത്തിക പിന്തുണയോ ഇല്ലാതെയാണ് അഖില്‍ സംഗീതരംഗത്ത് മുന്നേറിയത്. ലഭിച്ച അവസരങ്ങളെല്ലാം ആത്മവിശ്വാസത്തോടെ ഉപയോഗപ്പെടുത്തി തന്റെ കഴിവ് തെളിയിക്കുകയായിരുന്നു. ദൈവാനുഗ്രഹവും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയുമാണ് തന്റെ സംഗീതയാത്രയുടെ കരുത്തെന്ന് അഖില്‍ പറയുന്നു. ഡ്രൈവര്‍ ജോലിക്കിടയില്‍ പാടിയ പാട്ട് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയതോടെ വീണ്ടും അവസരങ്ങള്‍ ലഭിക്കുകയും അവയെല്ലാം മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുകയും ചെയ്ത അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര പുതുതലമുറയ്‌ക്ക് പ്രചോദനമാകുകയാണ്.