തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കാന്‍ ശ്രമം. കെഎസ്ഇബി ഡയറക്ടര്‍മാര്‍ ഉത്തര്‍പ്രദേശ് ഗുജറാത്ത്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നേരിട്ട് പോയി സംസാരിക്കും. ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങുമ്പോള്‍ സഹായിക്കണമെന്ന് കെഎസ്ഇബി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിലവില്‍ 13 രൂപ വരെ നല്‍കിയാണ് വൈദ്യുതി വാങ്ങുന്നത്. ഒക്ടോബര്‍ മുതല്‍ മേയ് വരെ ഹ്രസ്വകാല കരാറിലൂടെ ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മിഷന്‍ കെഎസ്ഇബിക്ക് അനുമതി നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് അധികം വൈകാതെ വൈദ്യുതി ലഭിക്കുമെന്ന പ്രതീക്ഷയാണ് കെഎസ്ഇബി അധികൃതര്‍ക്കുളളത്.സംസ്ഥാനത്ത് മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ വൈദ്യുതി ഉപഭോഗത്തില്‍ കുറവ് വരുമെന്ന വിലയിരുത്തലുമുണ്ട്.
പീക്ക് സമയങ്ങളില്‍ വൈദ്യുതി ഉപഭോഗം 5400 മെഗാ വാട്ട് കടന്നതോടെ നിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യമാണ്. ഈ മാസം 30 വരെ വൈകിട്ട് 6 .15 മുതല്‍ രാത്രി 12 .45വരെ നിയന്ത്രണം ഉണ്ടാകും. മുന്‍കൂട്ടി വൈദ്യുതി നിയന്ത്രണത്തിന്റെ സമയം അറിയിക്കുന്നുണ്ടെങ്കിലും പലതവണ കറന്റ് പോകുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നുണ്ട്.
















