തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പ്രസിദ്ധമായ തുറവൂര്‍ ക്ഷേത്രത്തിന്റെ വൈക്കം സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന നിരവധി അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാനില്ല എന്നത് ഗൗരവകരമെന്ന് ഹിന്ദുഐക്യവേദി. മുരാരി ബാബു ഉള്‍പ്പെടെയുള്ളവര്‍ ജോലി ചെയ്തിട്ടുള്ള വൈക്കം, കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിന്റെയും തിരുവാഭരണങ്ങളുടെ ഓഡിറ്റിങ് കൂടി ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ് ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ എല്ലാ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളുടേയും സ്വര്‍ണം ഉള്‍പ്പെടെ വിലപിടിപ്പുള്ള മുഴുവന്‍ വസ്തുക്കളുടെയും പരിശോധന കൂടി സമയബന്ധിതമായി നടത്തണം. വൈക്കം ക്ഷേത്രത്തിന്റെ 1000 ഏക്കര്‍ ഭൂമി ആണ് റീസര്‍വേയില്‍ നഷ്ടപ്പെട്ടിരിക്കുന്നത്. ഇത് തിരിച്ചുപിടിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. ശബരിമലയില്‍ അന്നദാനപ്രസാദം തയാറാക്കാന്‍ അന്യമതത്തില്‍ പെട്ടവര്‍ക്ക് കരാര്‍ നല്‍കിയത് പുനപരിശോധിക്കണം. പുറം കരാര്‍ നല്‍കുന്ന പോലെ ക്ഷേത്ര അനുഷ്ഠാനകാര്യങ്ങളില്‍ വിശ്വാസികള്‍ക്ക് ആയിരിക്കണം കരാര്‍ നല്‍കേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
















