
കൊച്ചി: സിപിഎം വിശാല സംസ്ഥാന കമ്മിറ്റി കോഴിക്കോട് ഇന്ന് തുടങ്ങുമ്പോള്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് നിര്‍ണായകം. തെര. തോല്‍വിയുടെയും മാസപ്പടി കേസിന്റെയും പശ്ചാത്തലത്തില്‍ യോഗം പിണറായിയെ എങ്ങനെ ബാധിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അഖിലേന്ത്യാ സെക്രട്ടറി എം.എ. ബേബിയും മുന്‍ ധനമന്ത്രി തോമസ് ഐസക്കുമെല്ലാം പിണറായിയെ പരോക്ഷമായി വിമര്‍ശിച്ചിരുന്നു.
എക്സാലോജിക്-സിഎംആര്‍എല്‍ മാസപ്പടി കേസില്‍ പിണറായി വിജയന്‍ മകള്‍ വീണ വഴി 3.28 കോടി കൈപ്പറ്റിയെന്ന ഇ ഡി കണ്ടെത്തലും സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. പിണറായി വിജയന്‍, മകള്‍ വീണ, മരുമകനും മുന്‍മന്ത്രിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഇ ഡി സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം ഉയരാം. അതിന് പ്രതിരോധം തീര്‍ക്കാനാണ് ഇന്നലെ തിരക്കിട്ട് വാര്‍ത്താസമ്മേളനം വിളിച്ച് ഇ ഡിക്കെതിരെ പറഞ്ഞത്. അതും പതിവ് പല്ലവി. വലതുപക്ഷ ശക്തികള്‍ തനിക്കെതിരെ ആക്രമണം നടത്തുകയാണെന്നും സിപിഎമ്മിനെ തകര്‍ക്കുകയാണ് ലക്ഷ്യമെന്നുമുള്ള ആരോപണം സംസ്ഥാന സമിതിയില്‍ തനിക്കെതിരെ ഉയരുന്ന ആരോപണത്തെ പ്രതിരോധിക്കാനാണ്.
പിണറായിയുടെ നിലപാടിനെ തോമസ് ഐസക്ക് മുതല്‍ ഷംസീര്‍ വരെയുള്ളവര്‍ ചോദ്യം ചെയ്യുന്നുണ്ട്. മാസപ്പടി കേസ് വ്യക്തിപരമാണെന്നും അതിലേക്ക് പാര്‍ട്ടിയെ വലിച്ചിഴക്കേണ്ടതില്ലെന്നുമാണ് പല നേതാക്കളും ചൂണ്ടിക്കാണിക്കുന്നത്. ഇ ഡി കേസിനെ പിണറായിയും വീണയും മുഹമ്മദ് റിയാസും വ്യക്തിപരമായി തന്നെ നേരിടണ്ടേയെന്നാണ് പല നേതാക്കളുടെയും നിലപാട്. പിണറായിയുടെ നീക്കത്തെ നേതാക്കള്‍ തിരിച്ചറിയുന്നുണ്ട്. അതിനാല്‍ പിണറായിയുടെ നീക്കം പാളും.
തുടര്‍ഭരണത്തിന് തിരിച്ചടിയായത് പിണറായിയുടെ ശൈലിയാണെന്നാണ് വിമര്‍ശനം. ഇക്കാര്യം പലരും തുടര്‍ന്നടിച്ചേക്കും. എന്നാല്‍ ഈ വിമര്‍ശനങ്ങളെയെല്ലാം ഇ ഡി പാര്‍ട്ടിയെ തകര്‍ക്കാന്‍ നീക്കമെന്ന് പറഞ്ഞ് പ്രതിരോധിക്കാമെന്നാണ് പിണറായി വൃത്തങ്ങള്‍ കണക്കുകൂട്ടുന്നത്. എന്നാല്‍ പിണറായിക്കും വീണക്കും റിയാസിനുമെതിരെ കേസെടുക്കണമെന്ന ഇ ഡിയുടെ കത്തിനെ പ്രതിരോധിക്കുന്നതില്‍ തണുത്ത നിലപാടാണ് പാര്‍ട്ടിക്കുള്ളിലുള്ളതെന്നതാണ് നേതൃത്വത്തെ ഭയപ്പെടുത്തുന്നത്. ഇ ഡി പേടി പരത്തി പാര്‍ട്ടിയെ ഹൈജാക്ക് ചെയ്ത് മുന്നോട്ടുകൊണ്ടുപോകാനാണ് പിണറായിയുടെ ശ്രമമെങ്കില്‍ സര്‍വനാശമായിരിക്കും പ്രസ്ഥാനത്തിനുണ്ടാകുകയെന്നാണ് ഒരു വിഭാഗം പറയുന്നത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും വിശാല സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം ഉയരാനാണ് സാധ്യത. പ്രത്യേകിച്ച് ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കി കനത്ത പരാജയം നേരിട്ട പശ്ചാത്തലത്തില്‍. പാര്‍ട്ടി കോട്ടകള്‍ എങ്ങനെ വിമതര്‍ പിടിച്ചുവെന്നതിന് ഉത്തരം പറയാന്‍ നേതൃത്വം വിയര്‍ക്കും. എന്തായാലും ഇന്ന് ആരംഭിക്കുന്ന വിശാല സംസ്ഥാന കമ്മിറ്റി പിണറായിക്ക് നിര്‍ണായകമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.