ന്യൂദല്‍ഹി : തിരുവനന്തപുരത്തെ റിസര്‍ച്ച് ആന്റ് ഇന്നവേഷന്‍ ക്ളസ്റ്റര്‍റായി(ടി -ആര്‍ഐസി)പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ ജിതേന്ദ്ര സിംഗുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ കൂടിക്കാഴ്ച നടത്തി. സംസ്ഥാന തലസ്ഥാനത്തെ നാല്പതോളം സ്ഥാപനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതാണ് പദ്ധതി.
തിരുവനന്തപുരത്തെ ഒരു ഗവേഷണ – നവീകരണ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ യഥാര്‍ത്ഥ്യമാകും. സുഹൃത്തും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതല കൂടിയുള്ള കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ ജിതേന്ദ്രസിംഗുമായി നടത്തിയ ചര്‍ച്ച ഫലപ്രദമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ പിന്തുണയോടെ ടി -ആര്‍ഐസിയാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതായി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.
2024 ജൂലായില്‍ ആണ് ടി -ആര്‍ ഐ സി എന്ന ആശയം ആദ്യമായി പ്രധാനമന്ത്രിയുടെ മുന്നില്‍ അവതരിപ്പിച്ചത്. തിരുവനന്തപുരത്ത് തന്നെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ 40-ലധികം വരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും ശേഷി ഒരുമിപ്പിച്ച് തിരുവനന്തപുരത്തെ ഒരു റിസര്‍ച്ച് ആന്‍ഡ് ഇന്നവേഷന്‍ ക്ലസ്റ്റര്‍ ആക്കി മാറ്റുക എന്നത് തന്റെ സ്വപ്ന പദ്ധതിയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച രാജ്യത്തെ പ്രധാന വ്യാവസായിക-ലോജിസ്റ്റിക്സ് ഇടനാഴികള്‍ക്ക് സമീപമായി ആദ്യഘട്ടത്തില്‍ വരുന്ന അഞ്ച് യൂണിവേഴ്സിറ്റി ടൗണ്‍ഷിപ്പുകളില്‍ ഒരെണ്ണം തിരുവനന്തപുരത്ത് നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സിതാരാമന്‍ രാജീവ് ചന്ദ്രശേഖറിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ വമ്പന്‍ പദ്ധതിക്ക് കൂടുതല്‍ പ്രോത്സാഹനമായി ഗവേഷണ ഇന്നവേഷന്‍ ക്ളസ്റ്റര്‍ മാറുമെന്നാണ് പ്രതീക്ഷ.
















