ന്യൂദല്‍ഹി: സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല. ഉപഭോക്താക്കളെ കരുതി ടെലികോം അതോറിറ്റി നിഷ്‌കര്‍ഷിച്ച ചെറിയ റീചാര്‍ജ് പ്ലാനുകള്‍ കാണാന്‍ പറ്റാത്ത വിധം ഒളിപ്പിക്കുന്നതിനെതിരെ കര്‍ക്കശ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ചെറിയ പ്ലാനുകള്‍ കമ്പനികളുടെ വെബ്‌സൈറ്റുകളിലും ആപ്പുകളിലും എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് ഉപഭോക്താക്കളില്‍ നിന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
എളുപ്പത്തില്‍ കണ്ടുപിടിക്കാനാവും വിധം ചെറിയ പ്ലാനുകള്‍ പ്രത്യേക വിഭാഗമായി കാണിച്ചിരിക്കണം. 30 ദിവസത്തിനുള്ളില്‍ ഇതു നടപ്പാക്കുകയുംവേണം. പ്രീപെയ്ഡ് റീചാര്‍ജ് വിഭാഗത്തിലെ ആദ്യത്തെ ടാബായി ഇതു നല്‍കണമെന്നാണ് നിര്‍ദേശം. എല്ലാ മാസവും ഒരേ തീയതിയില്‍ പുതുക്കാവുന്ന പ്ലാനും നല്‍കേണ്ടതുണ്ട്, വോയിസ് കോള്‍, എസ്എംഎസ് എന്നിവയ്‌ക്ക് മാത്രമുള്ള പ്രത്യേക വൗച്ചറുകളും നല്‍കണം.














