ചെന്നൈ: പായ്‌ക്ക് ചെയ്ത വെള്ളത്തിലും ഉപ്പിലും പഞ്ചസാരയിലും മൈക്രോപ്ലാസ്റ്റിക് അടങ്ങിയിരിക്കാമെന്ന് വെളിപ്പെടുത്തുന്ന ലേബലുകള്‍ പതിക്കണമെന്ന ഇടക്കാല ഉത്തരവ് തി്‌രുത്താന്‍ മദ്രാസ് ഹൈക്കോടതി വിസമ്മതിച്ചു. ഉത്തരവിനെതിരെ വ്യവസായ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച അപേക്ഷകളും ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ പുനപരിശോധനാ ഹര്‍ജിയും ബെഞ്ച് തള്ളി.
ഇത്തരമൊരു വെളിപ്പെടുത്തല്‍ ഉപഭോക്താക്കളെ ശരിയായ തിരഞ്ഞെടുപ്പിന് സഹായിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
പായ്‌ക്കു ചെയ്ത വെള്ളം, പഞ്ചസാര, ഉപ്പ് എന്നിവയില്‍ നാനോ പ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം ഭക്ഷ്യസുരക്ഷാ അതോറിറ്റിയോ, പിഇടി പാക്കേജിംഗ് അസോസിയേഷനോ, ഓള്‍ ഇന്ത്യ പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷനോ നിഷേധിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു.
വെള്ളം വില്‍ക്കുന്ന പ്ലാസ്റ്റിക് അല്ലെങ്കില്‍ പെറ്റ് ജാറുകളില്‍ കുറഞ്ഞത് 10 ഫോണ്ട് സൈസിലും കടും ചുവപ്പ് അക്ഷരങ്ങളിലും ‘ ഈ വെള്ളത്തില്‍ മൈക്രോ/നാനോ പ്ലാസ്റ്റിക്കുകള്‍ അടങ്ങിയിരിക്കാം ‘ എന്ന ലേബല്‍ ഉണ്ടായിരിക്കണമെന്ന് ഫെബ്രുവരിയില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
മൈക്രോപ്ലാസ്റ്റിക്കിന്‌റെ അപകടസാധ്യതയെക്കുറിച്ചുള്ള വിലയിരുത്തല്‍ പൂര്‍ത്തിയാക്കുന്നതുവരെ അത്തരം ലേബലുകള്‍ പതിക്കുന്നത് മരവിപ്പിക്കണമെന്നാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നിലപാട്.
















