നിരവധി താരങ്ങളാണ് ദിലീപിന്റെ ചെന്നെെയിലെ ദേ പുട്ട് ഉദ്ഘാടനത്തിനെത്തിയത്. പഴയ കാല നടിമാരായ ശാരദ, ഷീല, സീമ തുടങ്ങിയവർ ചടങ്ങിനെത്തി. ഇതേക്കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഞങ്ങൾ ദേ പുട്ട് ആദ്യം തുടങ്ങുന്നത് ഞങ്ങളുടെ അമ്മമാരെ വെച്ചാണ്. ഇപ്പോൾ എന്റെ അമ്മയ്‌ക്ക് അൾഷിമേഴാണ്. പേരറിയാം. നമ്മളെ അറിയില്ല. അതിനാൽ അമ്മയെ കൂട്ടി വരാൻ പറ്റില്ല. അതിനാൽ ഞങ്ങളുടെ പല സിനിമകളിലും അമ്മയുടെ സ്ഥാനത്ത് അഭിനയിച്ച ആൾക്കാർ വന്നു.
മലയാളികൾക്കും തമിഴർക്കുമെല്ലാം ഇഷ്ടപ്പെടുന്ന താരങ്ങളാണ് വന്നതെന്നും ദിലീപ് പറഞ്ഞു. ദിലീപിന്റെ ജീവിതത്തിലെ ഏറ്റവും പ്രശ്ന കലുഷിതമായ സമയത്താണ് അമ്മയുടെ ഓർമ നഷ്‌ടപ്പെടുന്നത്. ഇന്ന് നടൻ പഴയ സന്തോഷങ്ങളിലേക്ക് തിരിച്ചെത്തിയപ്പോൾ അമ്മയ്‌ക്ക് ഈ സന്തോഷങ്ങൾ കണ്ട് മനസിലാക്കാൻ പറ്റുന്നില്ല. സരോജം എന്നാണ് ദിലീപിന്റെ അമ്മയുടെ പേര്.
ദിലീപ് 2017 ൽ നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായത് മുതൽ നടന്റെ അമ്മയുടെ ഓർമ നഷ്ടപ്പെട്ടെന്ന് സജി നന്ത്യാട്ട് നേരത്തെ പറഞ്ഞിരുന്നു. ദിലീപിനെ അറസ്റ്റ് ചെയ്ത അന്ന് അമ്മ ചാനലിൽ ഇത് കാണുകയാണ്. അമ്മ വിഷമിക്കരുതെന്ന് പറഞ്ഞു. രാത്രി ഉറങ്ങി. രാവിലെ അനൂപ് പോയി. പ്രിയ ചെന്ന് നോക്കുമ്പോൾ അമ്മയെ കാണുന്നില്ല. അമ്മ വീടിന്റെ ഗേറ്റിന്റെ അവിടെ പോയി നിൽക്കുകയാണ്.അമ്മയെന്താ ഇവിടെ വന്ന് നിൽക്കുന്നതെന്ന് ചോദിച്ചപ്പോൾ അച്ഛൻ വരുന്നുണ്ടെന്ന് പറഞ്ഞു.അച്ഛൻ മരിച്ച് പോയതാണ്. ഈ ഷോക്കിൽ അവരുടെ ഓർമ പോയെന്നും സജി നന്ത്യാട്ട് അന്ന് പറഞ്ഞു.
















