ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും തെറ്റായ വിവരങ്ങളും പൊള്ളയായ വാഗ്ദാനങ്ങളും അടിസ്ഥാനമാക്കിയുള്ളതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.
കഴിഞ്ഞ 12 വര്‍ഷത്തെ അദ്ദേഹത്തിന്റെ രാഷ്‌ട്രീയ പ്രവര്‍ത്തനം പരിശോധിച്ചാല്‍ രാജ്യത്തിനും കേരളത്തിനും മുന്നില്‍ വയ്‌ക്കാന്‍ ക്രിയാത്മകമായ രാഷ്‌ട്രീയ അജണ്ടയൊന്നും രാഹുല്‍ ഗാന്ധിക്കില്ലെന്ന് വ്യക്തമാകും. ഇവിഎം, റഫാല്‍, പെഗസസ് തുടങ്ങിയ വിഷയങ്ങളില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെ ഇപ്പോള്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെയും തെറ്റായ പ്രചാരണമാണ് നടത്തുന്നത്. ജനാധിപത്യ സ്ഥാപനങ്ങളിലുള്ള ജനവിശ്വാസം തകര്‍ക്കാനുള്ള ശ്രമമാണ് ഇതെന്നും ബിജെപി കേന്ദ്ര ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ഭാരത സമ്പദ്വ്യവസ്ഥ തകര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രചാരണം യാഥാര്‍ഥ്യത്തിന് വിരുദ്ധമാണ്. ഉയര്‍ന്ന വളര്‍ച്ചാനിരക്കോടെ ഭാരതം മുന്നേറുകയാണ്. നിര്‍മ്മാണം, പ്രതിരോധ ഉല്‍പ്പാദനം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ രാജ്യം വലിയ മുന്നേറ്റം നടത്തി. യുവാക്കള്‍ക്ക് നൈപുണ്യ വികസനത്തിനും സംരംഭകത്വത്തിനും പുതിയ അവസരങ്ങള്‍ ലഭിച്ചിട്ടും അതൊന്നും അംഗീകരിക്കാതെ രാഷ്‌ട്രീയ നേട്ടത്തിനായി തെറ്റായ ചിത്രം സൃഷ്ടിക്കുകയാണ് രാഹുല്‍ ഗാന്ധിയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കേരളത്തിലും രാഹുല്‍ ഗാന്ധിയുടെ വാക്കുകളും പ്രവൃത്തികളും തമ്മില്‍ വൈരുധ്യമാണ്. തെരഞ്ഞെടുപ്പിന് മുമ്പ് പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധികാരത്തിലെത്തിയതിന് ശേഷം അതേ വിഷയങ്ങളില്‍ മൗനം പാലിക്കുകയാണ്. അഴിമതിക്കെതിരെ ശക്തമായ നടപടി വേണമെന്ന് പറഞ്ഞവര്‍ ഇന്ന് സിപിഎമ്മിനെതിരെ നടപടി സ്വീകരിക്കാത്തത് കോണ്‍ഗ്രസ്- സിപിഎം രാഷ്‌ട്രീയ ധാരണയുടെ യാഥാര്‍ത്ഥ്യമാണ് വ്യക്തമാക്കുന്നത്. ‘കോണ്‍ഗ്രസും സിപിഎമ്മും രണ്ടല്ല, ഒന്നാണ്’ എന്ന ബിജെപിയുടെ നിലപാട് ഇതിലൂടെ വീണ്ടും ശരിവയ്‌ക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തിലും രാഹുല്‍ ഗാന്ധി കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിച്ചിട്ടില്ല. ശബരിമല ഭക്തര്‍ക്കൊപ്പമാണെന്നും സ്വര്‍ണക്കൊള്ള പുറത്തുകൊണ്ടുവരുമെന്നും പറഞ്ഞ് രാഷ്‌ട്രീയ നേട്ടം നേടിയ ശേഷം 150 ദിവസങ്ങള്‍ പിന്നിട്ടിട്ടും കേസുകളില്‍ കാര്യമായ പുരോഗതിയില്ല. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് പ്രസംഗിക്കുന്ന രാഹുല്‍ ഗാന്ധി, കേരളത്തിലെ സ്വന്തം രാഷ്‌ട്രീയ സഖ്യകക്ഷികളില്‍ നിന്ന് ഉയരുന്ന സ്ത്രീ വിരുദ്ധ നിലപാടുകളോട് പ്രതികരിക്കുന്നില്ല. വാക്കിലും പ്രവൃത്തിയിലും ഇത്രയധികം വൈരുധ്യമുള്ള രാഷ്‌ട്രീയത്തിന് ജനങ്ങളെ വഞ്ചിക്കാന്‍ മാത്രമേ കഴിയൂവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നുവെന്ന് അവകാശപ്പെടുന്ന രാഹുല്‍ ഗാന്ധി, തിരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ സംശയങ്ങള്‍ സൃഷ്ടിക്കുകയാണ്. എസ്‌ഐആര്‍ നടപടിയിലൂടെ വോട്ടര്‍പട്ടിക ശുദ്ധീകരിക്കേണ്ടതിന്റെ ആവശ്യകത കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അംഗീകരിച്ചിട്ടുള്ളതാണ്.
വോട്ടര്‍പട്ടികയുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിനുള്ള നടപടിയെ രാഷ്‌ട്രീയ ആയുധമാക്കുന്നത് ജനാധിപത്യത്തോടുള്ള ഉത്തരവാദിത്വമില്ലായ്‌മയാണ്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് പറയുന്നതിനൊപ്പം അതിന്റെ അടിസ്ഥാന തത്വങ്ങളോട് വിരുദ്ധമായ രാഷ്‌ട്രീയ കൂട്ടുകെട്ടുകള്‍ സ്വീകരിക്കുന്നതും രാഹുല്‍ ഗാന്ധിയുടെ ഇരട്ടത്താപ്പാണ്.
തെലങ്കാനയിലും കേരളത്തിലും ഉള്‍പ്പെടെ ഗ്യാരണ്ടികളുടെ പേരില്‍ വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലെത്തിയ ശേഷം അവ പൂര്‍ണമായി നടപ്പാക്കാത്തത് കോണ്‍ഗ്രസിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. കുടുംബപാരമ്പര്യത്തെ ആശ്രയിച്ചുള്ള രാഷ്‌ട്രീയം, തെറ്റായ പ്രചാരണങ്ങള്‍, നടപ്പാക്കാത്ത വാഗ്ദാനങ്ങള്‍, രാഷ്‌ട്രീയ എതിരാളികള്‍ക്കെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ എന്നിവയാണ് രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയത്തിന്റെ മുഖമുദ്ര.
രാജ്യത്തിനും കേരളത്തിനും മുന്നില്‍ വ്യക്തമായ വികസന അജണ്ട അവതരിപ്പിക്കുന്നതിന് പകരം ആശയക്കുഴപ്പവും തെറ്റായ വിവരങ്ങളും സൃഷ്ടിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. അതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം വഞ്ചനയുടെ രാഷ്‌ട്രീയമാണെന്ന് താന്‍ വിശേഷിപ്പിച്ചതെന്നും ആ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
















