ന്യൂദൽഹി: ടിക്കറ്റ് ബുക്കിംഗിൽ റെക്കോർഡ് കുറിച്ച് ഇന്ത്യൻ റെയിൽവേ. ഒറ്റദിവസം ഏറ്റവും കൂടുതൽ ടിക്കറ്റ് ബുക്കിംഗുണ്ടായ ദിവസമെന്ന റെക്കോർഡാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആന്റ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) സ്വന്തമാക്കിയിരിക്കുന്നത്. ഈ റെയിൽവേ ടിക്കറ്റുകളിൽ 89 ശതമാനത്തോളവും ഓൺലൈനായാണ് ബുക്ക് ചെയ്തത്.
സെപ്തംബർ ഏഴിന് 20 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ബുക്ക് ചെയ്യപ്പെട്ടത്. 20,06,353 ടിക്കറ്റുകൾ അന്നേദിവസം വിറ്റതോടെ ആദ്യമായാണ് റെയിൽവേയുടെ ചരിത്രത്തിൽ ബുക്കിംഗ് 20 ലക്ഷം കടന്നത്. കഴിഞ്ഞ വർഷത്തെ ഉത്സവ സീസണിൽ ഒരു ദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ബുക്കിംഗ് ആയ 18,40,203 ടിക്കറ്റുകളേക്കാൾ ആറ് ശതമാനം കൂടുതലാണിത്. ഐആർസിടിസി റെയിൽ കണക്റ്റ് ആപ്പും വെബ്‌സൈറ്റും കൂടാതെ പേടിഎം, മേക്‌മൈട്രിപ്പ് , ഇക്‌സിഗോതുടങ്ങിയ തേർഡ്-പാർട്ടി ആപ്പുകൾ വഴിയാണ് പണം അടച്ചത്.
അടുത്ത ദിവസവും ട്രെയിൻ ടിക്കറ്റിന് ആവശ്യം ഉയർന്ന നിലയിൽ തുടർന്നിരുന്നു. സെപ്തംബർ എട്ടിന് 19,50,699 ടിക്കറ്റുകളാണ് ബുക്ക് ചെയ്യപ്പെട്ടത്. അമിതമായ തിരക്കും തത്കാൽ ബുക്കിംഗ് സമയത്തെ വലിയ തോതിലുള്ള ആവശ്യകതയും ലഘൂകരിക്കുന്നതിനായി, മിനിറ്റിൽ 1.25 ലക്ഷം വരെ ബുക്കിംഗുകൾ കൈകാര്യം ചെയ്യാൻ പാകത്തിൽ ഇന്ത്യൻ റെയിൽവേ തങ്ങളുടെ റിസർവേഷൻ ശൃംഖല നവീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് റെയിൽവേ വ്യക്തമാക്കി.
വിവിധ ക്ലാസുകളിലെ സീറ്റ് ലഭ്യത ഒരൊറ്റ സ്‌ക്രീനിൽ കാണാൻ സാധിക്കുന്ന പുതിയൊരു വെബ്‌സൈറ്റും യൂസർ ഇന്റർഫേസും ഐആർസിടിസി ജൂലായ് 15ന് അവതരിപ്പിച്ചിരുന്നു. ബോട്ടുകൾക്കും ബുക്കിംഗ് തട്ടിപ്പുകൾക്കുമെതിരായ നടപടികൾ ശക്തമാക്കി. ‘ആന്റി-ബോട്ട്’ സംവിധാനം സംശയാസ്പദമായ ബോട്ട് ട്രാഫിക് 55 മുതൽ 65 ശതമാനം വരെ കുറച്ചതായും ഐആർസിടിസി അറിയിച്ചു.
















