
ന്യൂദല്‍ഹി: നിയമ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി രൂപീകരിക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വിദഗ്ധര്‍, നിയമജ്ഞര്‍, വിരമിച്ച ജഡ്ജിമാര്‍, അഭിഭാഷകര്‍, പ്രൊഫസര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന നിയമ വിദ്യാഭ്യാസ കമ്മീഷന്‍ അല്ലെങ്കില്‍ വിദഗ്‌ദ്ധ സമിതിയാണ് ലക്ഷ്യമിടുന്നത്. അഭിഭാഷകന്‍ അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കോടതി ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.
നിലവിലുള്ള 5 വര്‍ഷത്തെ സംയോജിത നിയമ കോഴ്സുകള്‍ ആനുപാതികമല്ലാത്തതും വിദ്യാര്‍ത്ഥികളുടെ മേല്‍ അമിത സാമ്പത്തിക, സമയഭാരം അടിച്ചേല്‍പ്പിക്കുന്നതുമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. പുതിയ വിദ്യാഭ്യാസ നയം എല്ലാ പ്രൊഫഷണല്‍, അക്കാദമിക് കോഴ്‌സുകളിലും 4 വര്‍ഷത്തെ ബിരുദ കോഴ്‌സുകളെയാണ് പ്രോത്സാഹിപ്പിക്കുന്നത്. നാല് വര്‍ഷത്തെ സ്റ്റാന്‍ഡ്-എലോണ്‍ നിയമ ബിരുദം മതി. 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യങ്ങളുമായി അതു കൂടുതല്‍ പൊരുത്തപ്പെടും.
‘ വിദ്യാര്‍ത്ഥിയെ എല്ലാത്തരം അറിവുകളും കൊണ്ട് ബുദ്ധിമുട്ടിക്കരുത്. നിയമം പഠിക്കാന്‍ ഒരു തരത്തിലും ബി.എ അത്യാവശ്യമല്ല. ‘ ഹര്‍ജിയില്‍ പറയുന്നു. നാലുവര്‍ഷ ബിരുദാനന്തര ബിരുദമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് നെറ്റ് എഴുതാനും പിഎച്ച്ഡി പ്രോഗ്രാമുകള്‍ പിന്തുടരാനും അനുവദിക്കുന്ന യുജിസിയുടെ തീരുമാനം ഹര്‍ജിയില്‍ എടുത്തു പറയുന്നുണ്ട്.