ഹിരണ്മയേന പാത്രേണ
സത്യസ്യാപിഹിതം മുഖം
തത്ത്വം പൂഷന്നപാവൃണു
സത്യധര്‍മ്മായ ദൃഷ്ടയേ
സത്യത്തിന്റെ മുഖം സ്വര്‍ണ്ണമയമായ പാത്രംകൊണ്ട് മൂടപ്പെട്ടിരിയ്‌ക്കുന്നു. അല്ലയോ സൂര്യദേവാ, അവിടുന്ന് സത്യധര്‍മ്മങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി ആ ആവരണം നീക്കിത്തന്നാലും! സത്യത്തെ ബോധപൂര്‍വ്വം തിളക്കമുള്ള ആവരണംകൊണ്ടു മൂടുന്ന കപടതയെയാണ് നാം പൊയ്‌മുഖം എന്ന് വിളിക്കുന്നത്.
ഈശാവാസ്യോപനിഷത്തിലെ ഈ ശ്ലോകത്തിനു രണ്ടുഭാഗങ്ങളുണ്ട്. സമൂഹത്തില്‍ നടമാടുന്ന അധാര്‍മ്മികതയെ കൗശലപൂര്‍വ്വം സ്വന്തംസ്വാധീനത്താല്‍ മറച്ചുപിടിയ്‌ക്കാന്‍ ശ്രമിക്കുകയും ഉപരിപ്ലവമായ ധാര്‍മ്മിക പ്രകടനത്താല്‍ അതേ കൗശലത്തോടെ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് സ്വേച്ഛ സാധിതമാക്കുകയും ചെയ്യുന്ന കുത്സിതബുദ്ധികളുടെ മുഖംമൂടിയും, അത് അനാവരണം ചെയ്ത് സത്യം പ്രദീപ്തമാകുവാന്‍ ധര്‍മ്മാനുസാരിയായ -സത്യാകാംക്ഷിയായ – ഒരു യഥാര്‍ത്ഥ മനുഷ്യന്‍ നടത്തുന്ന പ്രാര്‍ത്ഥനയും ആണ് ഇതിലുള്ളത്.
നമുക്കുചുറ്റും ഇവ്വിധം മൂടപ്പെട്ട സത്യങ്ങള്‍ വിഹിതങ്ങളല്ലാത്ത സ്വാധീനങ്ങളുപയോഗിച്ച് നിലനിര്‍ത്താന്‍ ശ്രമിയ്‌ക്കുകയും ആ അമിതവും അഹിതവുമായ ഇടപെടലുകള്‍ തിരിച്ചറിയാനാവാതെ ഇത്തരം വ്യാജനിര്‍മ്മിതികളില്‍പെട്ടുപോകുന്ന മനുഷ്യര്‍ ചുമക്കേണ്ടിവരുന്ന ദുരിത-ദുര്‍വ്യയങ്ങള്‍, മാനസിക പിരിമുറുക്കങ്ങള്‍, ഭയപ്പാടുകള്‍, ലോപങ്ങള്‍(ലോഭങ്ങളും) എത്രയെന്നു പറഞ്ഞറിയിക്കാവതല്ല.
സമൂഹത്തിനോട് എന്തെങ്കിലും ഉത്തരവാദിത്വമോ ഉള്‍ക്കാഴ്ചയോ, ഉന്നതമായ ബോധമോ ബോധ്യമോ ആദ്യം പറഞ്ഞ കൂട്ടര്‍ക്കുണ്ടാവുകയില്ല എന്ന് മാത്രമല്ല, ഏതുവിധേനയും അന്തഃഛിദ്രങ്ങള്‍ സൃഷ്ടിച്ച് ആനന്ദം കണ്ടെത്തുകയും അതില്‍നിന്നും മുതലെടുക്കുകയുമാണ് അവരുടെ ആത്യന്തിക ലക്ഷ്യം. പ്രപഞ്ചസത്യത്തെ ആദരിക്കാനോ യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കണ്ണാല്‍ കാണാനോ അവര്‍ക്കാവില്ല. ഇത്തരത്തിലുള്ള മുഖമറകളെ പാടേ അടര്‍ത്തിമാറ്റുമ്പോഴാണ് കാഴ്‌ച്ച സുഗമമാകുന്നതും ഗതിയ്‌ക്ക് അനുസ്യൂതത കൈവരുന്നതും.
രാഷ്‌ട്രത്തിന്റെ നിലനില്പിനുതന്നെ ഭീഷണി സൃഷ്ടിയ്‌ക്കുന്ന ഇത്തരം സാഹചര്യത്തിനെതിരെ നാം സദാ ജാഗരൂകരായിരിക്കേണ്ടതാണ്. സത്യമറിയാതെ മറ്റൊരാളുടെ വാക്കുകേട്ട്, അയാള്‍ ചൂണ്ടിക്കാണിയ്‌ക്കുന്നത് അതേപടി വിശ്വസിച്ചു മുന്നോട്ടുപോകുന്നത് പിന്നീട് നമ്മളെ ഇതികര്‍ത്തവ്യതാമൂഢരാക്കും. ആരുതന്നെയായാലും, എന്തിനുനേരെയായാലും വിരല്‍ചൂണ്ടുന്ന വഴി സത്യമാണോ മിഥ്യയാണോ എന്ന് കുശാഗ്രബുദ്ധിയോടെ ചിന്തിക്കണം, വീക്ഷിക്കണം. എല്ലാം യഥാര്‍ത്ഥ സ്വര്‍ണ്ണത്തിന്റെ തിളക്കമല്ലെന്നു തിരിച്ചറിയുന്നതുപോലെതന്നെ സത്യം സ്വര്‍ണമോ സ്വര്‍ണസമാനമായതോ ആയ പാത്രംകൊണ്ടു മൂടപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. സത്യത്തെ നിയന്ത്രിക്കുന്നത് പ്രപഞ്ചമാണെന്നിരിക്കെ, എത്ര മൂടപ്പെട്ട സത്യവും ഒരുനാള്‍ വെളിച്ചത്തുവരും. അത് നിയതിയുടെ നിയോഗമാണെന്നതും തിരിച്ചറിയണം.















