സര്‍പ്പക്കാവുകളില്‍ പുള്ളുവന്‍ നടത്തുന്ന ആരാധനാ രീതിയാണ് സര്‍പ്പം തുള്ളല്‍. പഞ്ചവര്‍ണ്ണപ്പൊടികള്‍ കൊണ്ട് സര്‍പ്പക്കളം വരയ്‌ക്കുന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. വെള്ള, കറുപ്പ്, പച്ച, ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങളിലുള്ള പൊടികളാണ് കളം വരയ്‌ക്കാന്‍ ഉപയോഗിക്കുന്നത്. ഇത് തികച്ചും അനുഷ്ഠാനപ്രധാനമായ ആരാധനാ രീതിയാണ്. സര്‍പ്പം തുള്ളലില്‍ വരയ്‌ക്കുന്ന കളം സര്‍പ്പങ്ങളുടെ സാവയവ രൂപങ്ങളാണ്. അഷ്ടനാഗക്കളം, നാഗയക്ഷിക്കളം, നാഗരാജാവിന്റെ കളം, അനന്തശയനക്കളം, സന്താനക്കളം, കാളിയമര്‍ദ്ദനക്കളം തുടങ്ങി വിവിധ കളങ്ങള്‍ പുള്ളുവന്മാര്‍ വരയ്‌ക്കാറുണ്ട്.
വ്യത്യസ്തമായ ആരാധനാസമ്പ്രദായങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും സമ്മിശ്രണമാണ് കളമെഴുത്ത്. പുള്ളുവന്മാര്‍ വരയ്‌ക്കുന്ന കളത്തില്‍ രൂപങ്ങളാണുള്ളത്. താന്ത്രികവിധിപ്രകാരമുള്ള സര്‍പ്പാരാധനയില്‍ പത്മങ്ങള്‍ ഇടുകയാണ് ചെയ്യുന്നത്. ഒരു ചതുരക്കളം വരച്ച് അതിനെ നാലു കള്ളികളായി വിഭജിച്ച് അവയില്‍ ഒന്നിടവിട്ട് വെള്ളയും മഞ്ഞയും പൊടികള്‍ ഇടുകയാണ് പത്മക്കളത്തിലെ രീതി. ബിന്ദു, നേര്‍രേഖകള്‍, വൃത്തങ്ങള്‍, ത്രികോണങ്ങള്‍, ചതുഷ്‌കോണുകള്‍ തുടങ്ങിയവയാണ് പത്മങ്ങള്‍ക്ക് രൂപം നല്‍കുന്നത്. പു
ള്ളുവന്മാര്‍ വരയ്‌ക്കുന്ന സര്‍പ്പക്കളങ്ങള്‍ ത്രിമാന രൂപങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. രൂപങ്ങളുടെ അവയവങ്ങള്‍ക്ക് അനുഗുണമായി വര്‍ണ്ണപ്പൊടികള്‍കൊണ്ട് വര്‍ണ്ണപ്പൊലിമ ഉണ്ടാക്കുന്നതോടൊപ്പം ആനുപാതികമായ നിമ്നോന്നതി വരുത്താനും കളങ്ങളില്‍ സാധിക്കുന്നു. പത്മങ്ങളിലാകട്ടെ ഇത് ചെറിയ തോതില്‍ മാത്രമേ സാധിക്കുകയുള്ളൂ.
സര്‍പ്പം തുള്ളലില്‍ കളം വരച്ച് പൂജ നടത്തുന്നതിന് വാദ്യങ്ങളുടെ അകമ്പടിയോടെയുള്ള പാട്ടും നിര്‍ബന്ധമാണ്. പുള്ളുവക്കുടം, പുള്ളുവവീണ, ഇലത്താളം എന്നിവയാണ് സര്‍പ്പം തുള്ളലില്‍ ഉപയോഗിക്കുന്ന വാദ്യങ്ങള്‍. മഹേശ്വരന്റെ കയ്യില്‍ വീണ, ബ്രഹ്‌മന്റെ കയ്യില്‍ കുടം, വിഷ്ണുവിന്റെ കയ്യില്‍ താളം എന്നതാണ് വാദ്യത്തിന്റെ അടിസ്ഥാനം. തുള്ളല്‍ നടത്തുമ്പോള്‍ ഈ വാദ്യങ്ങളുടെ കൂട്ടായ ഉപയോഗമുണ്ടാകും. ആ നാദപ്രപഞ്ചം അത്യന്തം ആനന്ദദായകമാണ്.
സര്‍പ്പങ്ങളെ പ്രീതിപ്പെടുത്തി മനുഷ്യന്റെ ദുരിത ദോഷങ്ങളകറ്റി ജീവിതം ഭയരഹിതവും സമ്പല്‍സമൃദ്ധവുമാക്കുകയെന്നത് സര്‍പ്പം തുള്ളലിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ത്വക്ക് രോഗ പരിഹാരത്തിനും സന്താനലാഭത്തിനുമുള്ള ചികിത്സയുടെ ധര്‍മ്മമാണ് സര്‍പ്പം തുള്ളലില്‍ ഭക്തന്മാര്‍ കാണുന്നത്. രോഗങ്ങളെ അകറ്റാനും പ്രതിരോധമായും ചികിത്സ നടത്തുന്നതുപോലെ സര്‍പ്പകോപം വരാതിരിക്കാന്‍ പ്രതിരോധമായും സര്‍പ്പാരാധന നടത്താറുണ്ട്. അതായത് സര്‍പ്പം തുള്ളലിനും മറ്റ് സര്‍പ്പാരാധനാ മാര്‍ഗ്ഗങ്ങള്‍ക്കും പ്രതിരോധത്തിന്റെ ധര്‍മ്മവുമുണ്ടെന്നു ചുരുക്കം. അനുഷ്ഠാനപരമായ ഈ ആരാധനയിലൂടെ യഥാര്‍ത്ഥത്തില്‍ നശിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത് മനുഷ്യ മനസ്സിലെ അഹങ്കാരത്തെയാണ്.
സര്‍പ്പക്കാവുകള്‍ മനുഷ്യന്റെ ചുറ്റുപാടുകളെ പ്രകൃതിയുടെ താളത്തിനനുസരിച്ച് നിലനിര്‍ത്താനും സഹായിക്കുന്നു. സര്‍പ്പക്കാവുകളിലെ വൃക്ഷങ്ങളും പക്ഷിമൃഗാദികളും പരിസ്ഥിതി സന്തുലനത്തിന്റെ സന്ദേശമാണ് നല്‍കുന്നത്. ജനങ്ങള്‍ തിങ്ങിനിറഞ്ഞ പ്രദേശങ്ങളില്‍ ഇത്തരം വൃക്ഷ സങ്കേതങ്ങള്‍ അന്തരീക്ഷത്തെ ശുദ്ധീകരിക്കുന്നു. പ്രാചീന കാലത്ത് കേരളക്കരയില്‍ വ്യാപകമായി സര്‍പ്പക്കാവുകളുണ്ടായിരുന്നു. ഇവയ്‌ക്ക് ഒരു സാമാന്യ ധര്‍മ്മമുണ്ട്. അവ ഒരു പാര്‍ക്കുപോലെ നാട്ടിന്‍പുറങ്ങളില്‍ ശുദ്ധവായു ശ്വസിക്കാന്‍ ലഭിക്കുന്ന കേന്ദ്രങ്ങളായിരുന്നു. പാമ്പും മനുഷ്യനും തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്റെ ഉത്തമോദാഹരണമാണിത്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള വേര്‍തിരിക്കാനാകാത്ത ബന്ധത്തിന്റെ മകുടോദാഹരണമാണ് സര്‍പ്പക്കാവുകള്‍.
(അവസാനിച്ചു)
















