കാലദേശങ്ങള്‍ കടന്ന് സനാതന ധര്‍മ്മത്തിന്റെ അനശ്വര സന്ദേശം ജനപഥങ്ങള്‍ തോറും പകര്‍ന്നു നല്‍കുന്നതാണ് രാമായണത്തിന്റെ ചരിത്രാനുഭവം. കലയിലും സാഹിത്യത്തിലും മാത്രമല്ല, സാമൂഹികവും സാംസ്‌കാരികവും ആത്മീയവുമായ ജീവിതത്തിലും രാമായണം നിരന്തരം ആവിഷ്‌കരിക്കപ്പെടുന്നു. ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്കും മതഭേദങ്ങള്‍ക്കുമപ്പുറം വിശാല ഭാരതത്തിന്റെ മനസ്സില്‍ രാമായണം നിറഞ്ഞുനില്‍ക്കുന്നു. ‘വണ്‍ എപിക് മെനി സ്റ്റോറീസ്, രാമകഥ എക്രോസ് ഭാരത് ആന്‍ഡ് ബിയോണ്ട്’ എന്ന പേരില്‍ ജന്മഭൂമി ദിനപ്പത്രം എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച രാജ്യാന്തര രാമായണ കോണ്‍ക്ലേവ് മാനവരാശിയുടെ ജീവിതത്തില്‍ ആദികാവ്യത്തിന്റെ ശാശ്വത പ്രസക്തിക്ക് അടിവരയിടുന്നതായിരുന്നു.
സമകാല കേരളത്തിന്റെ സാംസ്‌കാരിക വിനിമയങ്ങളെ സ്വാധീനിക്കുന്ന വിധം സമ്പന്നമായ രാമായണ കോണ്‍ക്ലേവിന്റെ മുഖ്യാതിഥിയും ഉദ്ഘാടകനുമായെത്തിയത് രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായ രാജ്‌നാഥ് സിങ്ങായിരുന്നു. മര്യാദാപുരുഷോത്തമനായ രാമന്റെ നാട്ടില്‍നിന്ന് തുഞ്ചത്താചാര്യന്റെ നാട്ടിലെത്തി രാമായണ കോണ്‍ക്ലേവിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് രാജ്‌നാഥ് സിങ് നടത്തിയ പ്രൗഢഗംഭീരമായ പ്രസംഗം ആശയ സമ്പുഷ്ടമായിരുന്നു.
ജനാധിപത്യ സംരക്ഷണത്തിന്റെയും സാമൂഹ്യ പരിഷ്‌കരണത്തിന്റെയും ദേശീയ പുനര്‍നിര്‍മ്മാണത്തിന്റെയും കര്‍ത്തവ്യമേറ്റെടുത്ത് മാധ്യമലോകത്ത് യാത്ര തുടരുന്ന ജന്മഭൂമിയെ അഭിനന്ദിച്ച രാജ്‌നാഥ് സിങ്, കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തിലും മലയാളികളുടെ വ്യക്തിജീവിതത്തിലും ആത്മീയ ജീവിതത്തിലും രാമനും രാമായണത്തിനുമുള്ള ബന്ധത്തിന്റെ ആഴവും പരപ്പും അക്കമിട്ട് നിരത്തി. അയോധ്യയിലെ രാമവിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠക്ക് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത് രാജനാഥ് ചൂണ്ടിക്കാട്ടി. രാമായണ മാസാചരണത്തിലൂടെ ആധുനിക കേരളത്തിന്റെ ഹൃദയത്തില്‍ ധാര്‍മിക ജീവിതത്തിന്റെ മഹത്വം പ്രതിഷ്ഠിച്ച പി. പരമേശ്വര്‍ജിക്കും പി. മാധവ്ജിക്കും ശ്രദ്ധാഞ്ജലി അര്‍പ്പിക്കാനും രാജ്‌നാഥ് സിങ് മറന്നില്ല.
അതിരുകള്‍ ഭേദിച്ച രാമകഥകള്‍
ഓരോ കണികയിലും രാമനുള്ളതുപോലെ ഭാരതത്തിലും ലോകത്താകെയും രാമന്റെ കഥ നിറഞ്ഞുനില്‍ക്കുകയാണെന്നും, ഓരോ ഗ്രാമത്തിലും നഗരത്തിലും തങ്ങളുടെതായ രാമകഥയുണ്ടെന്നും, ഗീതങ്ങളിലും നാടകങ്ങളിലും നൃത്തരൂപങ്ങളിലും പാവക്കൂത്ത് പരമ്പരയിലും രാമനുണ്ടെന്നും രാജ്‌നാഥ് സിങ് ഓര്‍മ്മിപ്പിച്ചു.
”രാമകഥയുടെ യാത്ര ഭാരതത്തിന്റെ അതിരുകളില്‍ അവസാനിക്കുന്നില്ല. ഏഷ്യയിലാകെ രാമകഥ പറയുന്നു, കേള്‍ക്കുന്നു. ഏഷ്യയാകെ ഒരു കഥയുണ്ടെങ്കില്‍ അത് രാമകഥയാണെന്ന് ഒരു പണ്ഡിതന്‍ പറഞ്ഞതോര്‍ക്കുന്നു. നേപ്പാളിലെ ആദ്യത്തെയും മഹത്തായതുമായ മഹാകാവ്യമായി കണക്കാക്കുന്നത് ഭാനുഭക്തന്‍ രചിച്ച രാമായണത്തെയാണ്. ശ്രീലങ്കയിലെ ഗോത്ര പാരമ്പര്യത്തില്‍ തലമുറകളായി രാമകഥ പാടിപ്പകര്‍ന്നുകൊണ്ടിരിക്കുന്നു. ഞാന്‍ ശ്രീലങ്ക സന്ദര്‍ശിച്ചപ്പോള്‍ സീതാ അമ്മന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. മാതാ സീതയെ രാവണന്‍ തടവില്‍ പാര്‍പ്പിച്ചത് ഈ പ്രദേശത്താണെന്ന് വിശ്വസിക്കപ്പെടുന്നു… ജപ്പാനീസ് ഗ്രന്ഥമായ ഹോബുട്‌സുഷുവില്‍ രാമകഥ പ്രതിപാദിക്കുന്നു. മധ്യേഷ്യയില്‍ ഖോത്താനി രാമായണം ഏറെ പ്രശസ്തമാണ്… മലേഷ്യയില്‍ ഹിക്കായത്ത് സെരി രാമയും തായ്ലന്‍ഡില്‍ ഖോണ്‍ രാമലീലയും പ്രശസ്തമാണ്. 90 ശതമാനം മുസ്ലിങ്ങളുള്ള ഇന്തോനേഷ്യയില്‍ രാമകഥയ്‌ക്ക് മഹത്തായ പാരമ്പര്യമുണ്ട്.”
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സാംസ്‌കാരിക നവോത്ഥാനത്തിന് രാഷ്‌ട്രം സാക്ഷ്യം വഹിക്കുകയാണെന്നും, കൊളോണിയല്‍ മാനസികാവസ്ഥ നാം പൂര്‍ണമായും ഉപേക്ഷിക്കുകയാണെന്നും രാജ്‌നാഥ് സിങ് പറയുകയുണ്ടായി. ”യുവാക്കള്‍ നമ്മുടെ സംസ്‌കൃതിയെക്കുറിച്ച് അറിയുമ്പോള്‍ രാഷ്‌ട്ര ചേതന കൂടുതല്‍ കരുത്താര്‍ജിക്കും. സാമ്പത്തിക, സാമൂഹ്യ, രാഷ്‌ട്രീയ മുന്നേറ്റം സംഭവിക്കും. ഈ ദിശയില്‍ രാമായണ കോണ്‍ക്ലേവ് പോലുള്ള വേദികള്‍ക്ക് മഹത്തായ പങ്കുവഹിക്കാനാവും” എന്ന വാക്കുകളോടെയാണ് പ്രതിരോധ മന്ത്രി നിലയ്‌ക്കാത്ത കരഘോഷങ്ങള്‍ക്കിടയില്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
ഉദ്ഘാടന സമ്മേളനത്തില്‍ വന്ദേമാതരം ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതനിലെ വിദ്യാര്‍ത്ഥികളുമായി സംസാരിക്കാന്‍ രാജ്‌നാഥ് സിങ് സമയം കണ്ടെത്തി.
ജന്മഭൂമിയെ പ്രതിനിധീകരിച്ച് മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍ നമ്പൂതിരി, സ്വാഗതസംഘം അധ്യക്ഷന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, കണ്‍വീനര്‍ ആര്‍. രാജേഷ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ദേശീയ സമിതി അംഗം പി. കെ. കൃഷ്ണദാസ്, കേണല്‍ ഡിന്നി എന്നിവരുടെ സാന്നിധ്യം ഉദ്ഘാടന വേദിയെ കൂടുതല്‍ ആധികാരികമാക്കി.
ചരിത്രപ്പഴമയും സാഹിത്യവും
രാമായണത്തിന്റെ ചരിത്രപ്പഴമയെക്കുറിച്ചും സാഹിത്യ വൈവിധ്യത്തെക്കുറിച്ചും സാംസ്‌കാരിക ഐക്യത്തെക്കുറിച്ചും, രാമകഥ പകര്‍ന്നു നല്‍കുന്ന തത്വചിന്തയെക്കുറിച്ചും മൂല്യസങ്കല്‍പ്പങ്ങളെക്കുറിച്ചും ആത്മീയ വിചാരങ്ങളെക്കുറിച്ചും വിവിധ സെഷനുകളിലായി പ്രഗത്ഭ പണ്ഡിതന്മാരും ഗവേഷകരും അവതരിപ്പിച്ച പ്രബന്ധങ്ങള്‍ രാമായണ കോണ്‍ക്ലേവിന്റെ സവിശേഷതയായിരുന്നു.
”വാല്മീകിയേയും എഴുത്തച്ഛനേയും കൂടാതെ ആത്മീയ രാമായണം പോലുള്ള രാമകഥകള്‍ സൃഷ്ടിച്ച ഗോത്രവര്‍ഗ പാട്ടുകാരും നമ്മുടെ ആദരവിന് അര്‍ഹരാണ്. ഇതും ഹിന്ദു നാഗരികതയുടെ മറ്റൊരു സവിശേഷതയാണ്. രാമായണത്തില്‍ അന്തര്‍ലീനമായ സത്യം തിരിച്ചറിയാനുള്ള ഏകമാര്‍ഗം ഇതിഹാസത്തെ ഹിന്ദു ദര്‍ശനത്തിന്റെ കാഴ്ചപ്പാടിലൂടെ നോക്കുകയാണ് ” എന്നാണ് ഗവേഷകനും പ്രഭാഷകനുമായ കെ. കെ. വാമനന്‍ ‘അദ്ധ്യാത്മ രാമായണവും മലയാള പാരമ്പര്യങ്ങളും’ എന്ന വിഷയത്തില്‍ പറഞ്ഞത്.
രാമായണം കഥയോ മിത്തോ അല്ലെന്നും, രാജ്യാന്തര തലങ്ങളില്‍ അറിയപ്പെടുന്ന ചരിത്രമാണെന്നുമുള്ള കാഴ്ചപ്പാടാണ് ‘രാമന്റെ ആഗോള സ്വീകാര്യതയും പശ്ചാത്തലവും’ എന്ന വിഷയത്തില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരി ഡോ. വേദ ചൈതന്യ മുന്നോട്ടുവച്ചത്. ”രാമന്റെ ആഗോള സ്വീകാര്യതയെ മതപരമായ കാഴ്ചപ്പാടില്‍ മാത്രം കാണാതെ സാഹിത്യം, സംസ്‌കാരം, കല, ചരിത്രം എന്നിവയുടെ പശ്ചാത്തലത്തില്‍ മനസ്സിലാക്കാന്‍ കഴിയണം” എന്നതായിരുന്നു വേദ ചൈതന്യയുടെ അഭിപ്രായം.

രൂപം മാറുമ്പോഴും കഥ തുടരുന്നു
വാല്മീകി രാമായണം കേവലം പുരാണകഥയല്ല, വിവിധ സാഹചര്യങ്ങളില്‍ എങ്ങനെ ശരിയായ ജീവിതമാര്‍ഗം തെരഞ്ഞെടുക്കണം എന്നു പഠിപ്പിക്കുന്ന കൃതികൂടിയാണെന്ന് പറയുകയായിരുന്നു ചിന്മയ വിശ്വവിദ്യാപീഠം അസോസിയേറ്റ് പ്രൊഫസര്‍ സുദര്‍ശന്‍ ചിപ്ലുങ്കര്‍. ‘വാല്മീകി രാമായണത്തിലെ ജീവിത മൂല്യങ്ങളുടെ പര്യവേഷണം’ എന്ന വിഷയമാണ് ചിപ്ലുങ്കര്‍ അവതരിപ്പിച്ചത്. ”രാമന്‍ സ്വന്തം ജീവിതത്തിലൂടെ പകര്‍ന്നു നല്‍കിയ നീതി, കടമ, സത്യനിഷ്ഠ, ഉത്തരവാദിത്വം, കരുണ, ആത്മനിയന്ത്രണം, മറ്റുള്ളവരോടുള്ള ബഹുമാനം തുടങ്ങിയവ എന്നെന്നും ഒപ്പമുണ്ടാവേണ്ടതാണ്.”
രാമായണത്തിന് കാലദേശങ്ങള്‍ക്കനുസരിച്ച് മാറ്റമുണ്ടെന്ന കാഴ്ചപ്പാടാണ് ‘കിഴക്കന്‍ ഏഷ്യയിലെ രാമകഥ’ എന്ന വിഷയത്തില്‍ ഹിമാചല്‍ സര്‍വ്വകലാശാലയിലെ പ്രൊഫ. സോണിയ ജസ്‌റോട്ടിയ അവതരിപ്പിച്ചത്. ”രാമായണത്തിന് വന്‍ സാംസ്‌കാരിക സ്വാധീനമുണ്ട്. കംബോഡിയ, തായ്ലന്‍ഡ്, ലാവോസ്, മ്യാന്‍മര്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ ബുദ്ധമത തത്വങ്ങളും പ്രാദേശിക കലാസൃഷ്ടികളും സമന്വയിപ്പിച്ചാണ് രാമായണം അവതരിപ്പിക്കപ്പെടുന്നത്.”
വാല്മീകി രാമായണത്തിന്റെയും കമ്പരാമായണത്തിന്റെയും കഥകള്‍ താരതമ്യം ചെയ്താണ് പിറവം ചിന്മയ വിശ്വവിദ്യാപീഠ് ഡീംഡ് യൂണിവേഴ്‌സിറ്റിയിലെ ഡോ. സമ്പത്ത് കുമാര്‍ ‘കമ്പരാമായണം- തമിഴ് ക്ലാസിക്കല്‍ പാരമ്പര്യം’ എന്ന വിഷയം അവതരിപ്പിച്ചത്. ”വാല്മീകി രാമായണത്തിന്റെ കഥയെ തമിഴ് ഭാഷയുടെയും സംസ്‌കാരത്തിന്റെയും ഭക്തിയുടെയും അതുല്യമായ ഭാവനയുടെയും സമന്വയത്തിലൂടെ അവതരിപ്പിച്ച കൃതിയാണ് കമ്പരാമായണം. തമിഴ്‌നാടിന്റെ ജീവിതരീതികളും ആചാരങ്ങളും പ്രകൃതിഭംഗിയും കാവ്യത്തില്‍ പ്രതിഫലിക്കുന്നു.”
രാമായണത്തില്‍ പഠിക്കുന്നത് ജീവിത പുണ്യമാണെന്ന് പറയുകയായിരുന്നു ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ. ”രാമന്‍ ജീവിതത്തിലുടനീളം ധര്‍മ്മം പിന്തുടര്‍ന്നു. മനുഷ്യത്വത്തെ അറിയാന്‍ ജീവിതം കൊണ്ടു മാത്രമേ കഴിയൂവെന്ന് രാമന്‍ പഠിപ്പിച്ചു. ഒരു വ്യക്തിയുടെ ചിന്തയിലും പെരുമാറ്റത്തിലും ബന്ധങ്ങളിലും ഉണ്ടായിരിക്കേണ്ട സ്‌നേഹം, കരുതല്‍, പങ്കിടല്‍, അംഗീകരിക്കല്‍, ഒരുമ, വിശ്വാസം, ബഹുമാനം, സഹാനുഭൂതി തുടങ്ങിയ മഹത്തായ മൂല്യങ്ങളുടെ സമാഹാരമാണ് ധര്‍മ്മം.”
ഭരതനാട്യം കലാകാരിയായ ശ്രീലക്ഷ്മി ശങ്കര്‍ ‘അവതരണ കലകളിലൂടെ രാമായണം’ എന്ന വിഷയം അവതരിപ്പിച്ചത് അഭിനയ കലയിലൂടെയാണ്. ”ഭരതനാട്യം രാമകഥയില്‍ മുദ്രകളിലൂടെയും കണ്ണുകളിലൂടെയും മുഖഭാവങ്ങളിലൂടെയും അവതരിപ്പിക്കുന്നു. കഥകളി അതിനെ വേഷം, നിറം, മുഖാഭിനയം, ശരീരചലനം എന്നിവയിലൂടെ അവതരിപ്പിക്കുന്നു. കുച്ചുപ്പുടിക്ക് നാടകീയമായ അവതരണ രീതിയുണ്ട്. മോഹിനിയാട്ടം രാമകഥയ്‌ക്ക് കൂടുതല്‍ മൃദുവും ലാളിത്യപൂര്‍ണ്ണവുമായ ഭാവം നല്‍കുന്നു… ഓരോ കഥയിലും രൂപം മാറുന്നു, ഭാഷ മാറുന്നു, വേഷവിധാനം മാറുന്നു. പക്ഷേ കഥയുടെ ഹൃദയം തുടരുന്നു. കാഴ്ചക്കാരുടെ മനസ്സില്‍ അവ തങ്ങിനില്‍ക്കുന്നു.”
വടക്കു കിഴക്കന്‍ ഭാരതത്തിലെ രാമകഥാ സ്വാധീനത്തെക്കുറിച്ചാണ് ഗവേഷകന്‍ വൈഭവ് ഭൂഷണ്‍ ത്രിപാഠി സംസാരിച്ചത്. രാമായണം അയോധ്യയുടെയും രാമസീതമാരുടെയും കഥ മാത്രമല്ലെന്നും, വടക്കുകിഴക്കന്‍ ഭാരതത്തില്‍ ഒരേയൊരു രാമകഥാ പാരമ്പര്യമല്ല, വിവിധ രൂപങ്ങളിലും ധാരകളിലുമായാണ് രാമകഥ നിലനില്‍ക്കുന്നതെന്നും വൈഭവ് ഭൂഷണ്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.
തുളസീദാസ രാമായണം ഉത്തരഭാരതത്തിലെ ജനജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചാണ് ‘ഹിന്ദി മേഖലയിലെ രാമകഥാ പാരമ്പര്യം’ എന്ന വിഷയം അവതരിപ്പിച്ച് എറണാകുളം മഹാരാജാസ് കോളജിലെ ഹിന്ദി വിഭാഗം മേധാവി ഡോ. അംബാശങ്കര്‍ വാജ്‌പേയി സംസാരിച്ചത്. ”ഹിന്ദി പ്രദേശങ്ങളിലെ പ്രാദേശിക ഭാഷകളായ ബ്രജ്, ഭോജ്പുരി തുടങ്ങിയവയില്‍ രാമായണങ്ങളുണ്ട്. ആളുകള്‍ കണ്ടുമുട്ടുമ്പോള്‍ ‘രാം രാം’ എന്നാണ് അഭിവാദ്യം ചെയ്യാറുള്ളത്. ഇടതുപക്ഷ ചരിത്രകാരന്മാര്‍ കിണഞ്ഞു ശ്രമിച്ചിട്ടും ഭാരതത്തില്‍ രാമായണത്തിന്റെ പ്രാധാന്യത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല.”
രാമായണത്തിലെ പരിസ്ഥിതി സങ്കല്‍പ്പത്തെക്കുറിച്ച് നടന്ന പാനല്‍ ചര്‍ച്ച ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതായിരുന്നു. പരിസ്ഥിതി വിദഗ്ധന്‍ ഡോ. സി. എം.ജോയ് മോഡറേറ്ററായിരുന്ന ചര്‍ച്ച ഭാരതത്തിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്‌ക്കും രാമായണവുമായുള്ള അഭേദ്യ ബന്ധവും, സുസ്ഥിര വികസന നയം ആവിഷ്‌കരിക്കാന്‍ രാമായണത്തിനുള്ള സാധ്യതയും, രാമായണത്തിലെ പരിസ്ഥിതി ദര്‍ശനവും ചൂണ്ടിക്കാട്ടുകയുണ്ടായി.
രാമകഥയുടെ കലാഭംഗികള്‍
രാമകഥയുടെ സത്യസൗന്ദര്യങ്ങളെ ആവിഷ്‌കരിക്കുന്ന കലകളുടെ കളിയരങ്ങായും രാമായണ കോണ്‍ക്ലേവ് മാറി. സുകൃതം ഭാഗവത യജ്ഞസമിതിയുടെ 700 ലേറെ അമ്മമാര്‍ പങ്കെടുത്ത രാമായണ പാരായണം ഉദ്ഘാടന ചടങ്ങില്‍ അദ്ധ്യാത്മരാമായണത്തിന്റെ ആത്മീയ വിശുദ്ധി നിറച്ചു. ബാലകാണ്ഡത്തിലെ അഹല്യാ സ്തുതിയും അയോദ്ധ്യാകാണ്ഡത്തിലെ ലക്ഷ്മണോപദേശവും ശബര്യാശ്രമപ്രവേശവും ആലാപനമാധുര്യത്തിന്റെ ഒരായിരം സ്വര്‍ണ്ണച്ചിറകിലേറി തിങ്ങിനിറഞ്ഞ സദസ്സിനെ ത്രേതായുഗ സ്മൃതികളിലേക്ക് കൂട്ടിക്കൊണ്ടുപോയി. രാവണവധം കഥ ഉത്തര കേരളത്തിന്റെ കലാരൂപമായ യക്ഷഗാനത്തിലൂടെ അവതരിപ്പിച്ചത് കാണികളുടെ മനംകവര്‍ന്നു.
രാമായണ കഥ വിവിധ രൂപഭാവങ്ങളില്‍ അവതരിപ്പിക്കുന്ന എണ്ണിയാലൊടുങ്ങാത്ത കലാരൂപങ്ങളുണ്ട്. വാചികവും ആംഗികവും ദൃശ്യപരവുമായ ഇവയെല്ലാം ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ആസ്വാദനത്തിന്റെ ഭിന്നമാനങ്ങള്‍ സമ്മാനിക്കുന്നു. രാമകഥാ കോണ്‍ക്ലേവില്‍ അവതരിപ്പിച്ച ശ്രീരാമ പട്ടാഭിഷേകം കഥകളി പുതിയൊരു അനുഭൂതിയായിരുന്നു. അതിമനോഹരവും വികാരഭരിതവുമായ രംഗങ്ങള്‍ കേരളത്തിന്റെ തനതു കലാരൂപമായി കരുതപ്പെടുന്ന കഥകളിയുടെ അനന്ത സാധ്യത വിളിച്ചോതുന്നതായിരുന്നു. ശ്രീരാമനും സീതാദേവിയും ഹനുമാനും സുഗ്രീവനും വിഭീഷണനും ഗുഹനുമെല്ലാം അണിനിരന്നപ്പോള്‍ രാമായണകഥയുടെ അപരിചിതമായ ഭാവതലം വിരിയുകയായിരുന്നു.
രാമായണത്തെ കേന്ദ്രീകരിച്ച് സംസ്‌കാരത്തിന്റെയും സാഹിത്യത്തിന്റെയും കലയുടെയും വിജ്ഞാനത്തിന്റെയും ചരിത്രത്തിന്റെയും ആത്മീയതയുടെയും മേഖലകളിലൂടെ സഞ്ചരിച്ച രാമായണ കോണ്‍ക്ലേവിന്റെ സമാപനവും അര്‍ത്ഥപൂര്‍ണ്ണമായിരുന്നു. മഹാഭാരതം കര്‍മ്മത്തില്‍ ഊന്നുമ്പോള്‍ രാമായണം ധര്‍മ്മത്തിനാണ് ശ്രദ്ധ നല്‍കുന്നതെന്നും, വിശ്വഗുരു ആകുന്നതിനുള്ള പ്രയാണത്തില്‍ രാഷ്‌ട്രത്തിന്റെ സാധ്യതയെ രാമായണം ഉറപ്പുവരുത്തുന്നുവെന്നും എംജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. മാവൂത്ത് സമാപന സഭയുടെ ഉദ്ഘാടനത്തില്‍ പറഞ്ഞു. ”സ്വാതന്ത്ര്യസമര സേനാനികള്‍ സ്വപ്‌നം കണ്ടത് രാമരാജ്യമാണ്. രാമരാജ്യത്തിലേക്കുള്ള യാത്രയില്‍ ഉണര്‍വ്വ് പകരുന്നതാണ് ഈ കോണ്‍ക്ലേവ്” എന്ന മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിയുടെ വാക്കുകള്‍ രാമായണ സന്ദേശം വര്‍ത്തമാന കാലത്തിന്റെ സ്പന്ദനമാകണമെന്ന ആഹ്വാനമായിരുന്നു.
തുടക്കം മുതല്‍ ഒടുക്കം വരെ വിവിധ മേഖലകളില്‍ പ്രഗത്ഭരും പ്രശസ്തരുമായ നിരവധി പേര്‍ പ്രതിനിധികളായും അതിഥികളായും പങ്കെടുത്തത് കോണ്‍ക്ലേവിന്റെ സൗഭാഗ്യങ്ങളില്‍ ഒന്നായിരുന്നു. ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ.സാജു, മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍, ദക്ഷിണ കേരളം പ്രാന്തപ്രചാരക്, എസ്. സുദര്‍ശന്‍, പ്രാന്തകാര്യവാഹ് ടി.വി. പ്രസാദ് ബാബു, ചിന്മയ വിശ്വവിദ്യാപീഠത്തിലെ ഡോ. മഞ്ജുള അയ്യര്‍, ഡോ.പ്രമോദ് ദിനകര്‍, ഡോ.കവിത രാജന്‍, ഡോ.എം.പി.ബിന്ദു, തൃപ്പൂണിത്തുറ സംസ്‌കൃത കോളജ് പ്രൊഫസര്‍ ഡോ. അജിത് കുമാര്‍, കാലടി ശ്രീശങ്കര കോളജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. അനില്‍കുമാര്‍ എം, മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എബിവിപിയുടെ ഡോ. സവിത രാജേഷ്, ഗവേഷകരെ സഹായിക്കുന്ന ‘ശോധ് ഗംഗ’ ദേശീയ കണ്‍വീനര്‍ ആര്‍.ഇന്ദുചൂഡന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ ഗവേഷകരുടെ ഒരു നീണ്ടനിര തന്നെ കോണ്‍ക്ലേവില്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും ജെന്‍സി പ്രാതിനിധ്യം ശ്രദ്ധേയമായിരുന്നു. കോണ്‍ക്ലേവില്‍ രാമായണവുമായി ബന്ധപ്പെട്ട 114 പ്രബന്ധങ്ങള്‍ അവതരിപ്പിച്ചതില്‍ 14 എണ്ണം പുരസ്‌കാരത്തിന് അര്‍ഹമായത് ഗവേഷണത്തിന്റെ നവീനമുഖമാണ് കാട്ടിത്തരുന്നത്.
ജന്മഭൂമിയുടെ സാംസ്‌കാരിക ദൗത്യം
ജന്മഭൂമി ഒരു ദിനപത്രം എന്നതിനപ്പുറം കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് ഭാരതീയ സംസ്‌കാരത്തിന്റെയും ദേശീയ ഐക്യത്തിന്റെയും ദൗത്യം നിര്‍വ്വഹിക്കുന്നതിന്റെ സാക്ഷ്യപത്രമായിരുന്നു രാമായണ കോണ്‍ക്ലേവ്. എറണാകുളം യൂണിറ്റ് മാനേജര്‍ എന്‍.എസ്.ബാബുവിന്റെ നേതൃത്വത്തില്‍ ജന്മഭൂമിയുടെ മുഴുവന്‍ പ്രവര്‍ത്തകരും കോണ്‍ക്ലേവിന്റെ ഭാഗമായി. രജിസ്‌ട്രേഷന്‍ മുതല്‍ സമാപനം വരെ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തകര്‍ക്കും സ്വാഗത സംഘത്തിലെ അംഗങ്ങള്‍ക്കുമൊപ്പം ഇവര്‍ ഒരേ മനസ്സോടെ സഹകരിച്ചപ്പോള്‍ രാമായണ കോണ്‍ക്ലേവിന്റെ വിജയം സുനിശ്ചിതമാവുകയായിരുന്നു. അരനൂറ്റാണ്ടു പിന്നിടുന്ന ജന്മഭൂമിയുടെ ചരിത്രത്തില്‍ അഭിമാനകരമായ ഒരു സംഭവമായി ഇത് ഇടംപിടിക്കുകയും ചെയ്തു.
















