
ന്യൂദല്‍ഹി: യൂറോപ്പില്‍ ചില രാജ്യങ്ങള്‍ മനപൂര്‍വം കെട്ടിപ്പടുത്ത വ്യാപാര മേഖലയിലെ ആശ്രിതത്വം വ്യാവസായിക അടിത്തറയെ ദുര്‍ബലപ്പെടുത്തിയെന്നും ആഭ്യന്തര വ്യാവസായത്തെ തകര്‍ത്തുവെന്നും ബെല്‍ജിയം പ്രധാനമന്ത്രി ബാര്‍ട് ഡി വെവര്‍. ചൈനയുടെ പേര് പറയാതെ ഇവിടെ അടുത്തള്ള രാജ്യം എന്നുപറഞ്ഞാണ് പരോക്ഷ വിമര്‍ശനം അദ്ദേഹം ഉന്നയിച്ചത്. ഭാരതം മുന്നേ ഈ അപകടസാധ്യത മുന്നില്‍ കണ്ട് നടപടി സ്വീകരിച്ചു. ഈ അപകടസാധ്യതകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നയിപ്പ് നല്‍കിയെങ്കിലും അന്ന് അത് കാര്യമായെടുത്തില്ല. എന്നാല്‍ ഇപ്പോള്‍ യൂറോപ്പ് അത് തിരിച്ചറിഞ്ഞുവെന്നും രാജ്യം ഉണര്‍വിന്റെ പാതയിലാണെന്നും വെവര്‍ പറഞ്ഞു. ദല്‍ഹിയില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഡിവൈവര്‍.
ചില രാജ്യങ്ങളില്‍ നിന്ന് കുറഞ്ഞ വിലയിലുള്ള വിദേശ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ അനുമതി നല്‍കിയത് ആഭ്യന്തര വ്യവസായങ്ങളെ തകര്‍ക്കുകയും മറ്റ് രാജ്യങ്ങളെയും വിതരണക്കാരെയും ആശ്രയിക്കേണ്ട നിലയിലേക്കും എത്തിച്ചു. പിന്നീട് ആശ്രിതത്വം ആ രാജ്യം സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്കായി ഉപയോഗിക്കാന്‍ തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നറിയിപ്പുകള്‍ അന്ന് യൂറോപ്പ് അവഗണിച്ചു. ഇപ്പോള്‍ വൈകിയാണെങ്കിലും തിരച്ചറിഞ്ഞു. സ്വതന്ത്ര വ്യാപാരത്തിന് ആവശ്യമായ വിശ്വാസം നിലനിര്‍ത്തുന്നതിന് ദേശീയ താത്പര്യങ്ങള്‍ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബലപ്രയോഗത്തിലല്ല, ബഹുമാനത്തില്‍ അധിഷ്ഠിതമായ ബഹുരാഷ്‌ട്രവാദത്തിലും സഹകരണത്തിലും വിശ്വസിക്കുന്ന പങ്കാളികളെ തെരഞ്ഞെടുക്കുമ്പോള്‍ ആ പട്ടികയില്‍ ഭാരതം ഒന്നാം സ്ഥാനത്താണെന്നും ഭാരതത്തെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ വലിയ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്തിലെ ഏറ്റവും വലുതും വേഗത്തില്‍ വളരുന്നതുമായ സമ്പദ്‌വ്യവസ്ഥയാണ് ഭാരതമെന്ന് ഡി വെവര്‍ പറഞ്ഞു. പരസ്പരം പ്രയോജനകരമായ വളര്‍ച്ചയ്‌ക്ക് ഭാരതം ഗണ്യമായ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഭാരതം നവീകരണത്തില്‍ നേതൃതസ്ഥാനത്താണ്. സ്വതന്ത്രവും സമൃദ്ധവുമായ ഒരു ലോകം രൂപപ്പെടുമ്പോള്‍ ഭാരതത്തെ അവഗണിക്കാനാകില്ല. വ്യാപാരനയങ്ങള്‍ പെട്ടെന്ന് മാറ്റുന്ന രാജ്യങ്ങളെ വിശ്വസിക്കാന്‍ കഴിയില്ല. അതിനാല്‍ തന്നെ ഭാരതവുമായി സാമ്പത്തിക, രാഷ്‌ട്രീയ, തന്ത്രപ്രധാനബന്ധങ്ങള്‍ പുതിയ തലത്തിലേക്ക് ഉയര്‍ത്താന്‍ ബെല്‍ജിയം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.