
കോഴിക്കോട്:വടകരയില്‍ അധ്യാപകര്‍ പ്രതിയായ എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീര്‍ത്തനയ്‌ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കോഴിക്കോട് മരുതോങ്കര സ്വദേശിനി കീര്‍ത്തനയെ നേരത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
ബാങ്ക് ഇടപാട് നടത്തുന്നത് കുറ്റകരമല്ലെന്ന് പ്രതിഭാഗം വാദിച്ചു.5000 രൂപയുടെ സാമ്പത്തിക ഇടപാട് മാത്രമാണ് നടത്തിയതെന്നണ് പ്രതിഭാഗം വാദം.
എന്നാല്‍ ലഹരി സംഘവുമായി പ്രതിക്ക് നേരിട്ട് ബന്ധമുണ്ടെന്നും കൂടുതല്‍ പ്രതികളിലേക്ക് എത്താനും തെളിവ് ശേഖരിക്കാനും കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. ലഹരിമരുന്ന് കേസില്‍ പിടിയിലായതിന് പിന്നാലെ കീര്‍ത്തനയെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതേ കേസിലെ പ്രതി പേരാമ്പ്ര ബിആര്‍സി സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ കാവ്യയെയും പുറത്താക്കിയിരുന്നു.
മയക്കുമരുന്ന് വാങ്ങുന്നവര്‍ കാവ്യയുടെ അക്കൗണ്ടിലേക്കായിരുന്നു പണം അയച്ചിരുന്നത്. അധ്യാപകരെ ഇടനിലക്കാരാക്കിയുള്ള ലഹരി വ്യാപാരം കഴിഞ്ഞ മാസം 28ന് വടകര സ്വദേശി പിടിയിലായതോടെയാണ് പുറത്ത് വന്നത്. ഈ കേസിലെ അന്വേഷണമാണ് അധ്യാപികമാരിലേക്ക് എത്തിയത്.