കൊച്ചി: ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെമ്പാടും വിപുലമായി ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു. നഗര ഗ്രാമ മേഖലകളിലായി 10,000 ശോഭായാത്രകളാണ് നടന്നത്. കിരീടവും മയില്‍പ്പീലിയും ധരിച്ച ഉണ്ണിക്കണ്ണന്മാരും ഗോപികാ വേഷമണിഞ്ഞ ബാലികമാരും ശോഭായാത്രകളുടെ പ്രധാന ആകര്‍ഷണമായി. മായ വിട്ടുണരൂ, മാനവനായി വളരൂ എന്ന സന്ദേശവാക്യവുമായി നടത്തിയ പരിപാടികളില്‍ രണ്ട് ലക്ഷത്തോളം കൃഷ്ണവേഷധാരികള്‍ ഉള്‍പ്പെടെ അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുത്തു. കൃഷ്ണനാമജപവും ഭജനയും പുല്ലാങ്കുഴല്‍ നാദവും മേളപ്പെരുക്കവും ആഘോഷത്തെ ഭക്തിസാന്ദ്രമാക്കി.
എറണാകുളം ടൗണ്‍ഹാളില്‍ നിന്ന് ആരംഭിച്ച കൊച്ചി മഹാനഗരത്തിന്റെ ശോഭായാത്ര ആന്ധ്രാപ്രദേശ് നിയമസഭാ കൗണ്‍സില്‍ അംഗം ബല്ലി കല്യാണ്‍ ചക്രവര്‍ത്തി ശ്രീകൃഷ്ണ വിഗ്രഹത്തില്‍ തുളസിമാല ചാര്‍ത്തി ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ പി.ആര്‍. ശശിധരന്‍ സന്ദേശം നല്‍കി. കൊച്ചി മേയര്‍ വി.കെ. മിനിമോള്‍ ഗോകുല പതാക കൈമാറി. ബാലഗോകുലം മാര്‍ഗദര്‍ശി എം.എ. കൃഷ്ണന്‍ ചടങ്ങില്‍ സംബന്ധിച്ചു.
തിരുവനന്തപുരത്ത് മഹാശോഭായാത്ര ചേങ്കോട്ടുകോണം ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ ശക്തി ശാന്താനന്ദ മഹര്‍ഷി കൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്തു. പ്രൊഫ. പി.എസ്. രാജന്‍ അധ്യക്ഷത വഹിച്ചു. ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ ശ്രീകൃഷ്ണ ജയന്തി സന്ദേശം നല്‍കി. വിശിഷ്ടാതിഥിയായി പങ്കെടുത്ത തിരുവനന്തപുരം മേയര്‍ വി.വി രാജേഷ് ഗോകുല പതാക കൈമാറി. വി. മുരളീധരന്‍ എംഎല്‍എ, റിഗാറ്റ നാട്യ സംഗീത വിദ്യാലയം അദ്ധ്യാപിക ഗിരിജ ചന്ദ്രന്‍, സ്വാഗത സംഘം ചെയര്‍മാന്‍ ലിജു വി. നായര്‍, ജനറല്‍ കണ്‍വീനര്‍ വഴയില ഉണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഉപശോഭായാത്രകള്‍ പാളയം മഹാഗണപതി ക്ഷേത്രത്തിന് മുന്നില്‍ സംഗമിച്ച്, അവിടെ നിന്ന് മഹാശോഭായാത്രയായി കിഴക്കേകോട്ടയില്‍ സമാപിച്ചു.
















