പട്ന : ബീഹാറിലെ കൃഷ്ണ ജന്മാഷ്ടമി ചിത്രങ്ങളിൽ ഏറെ വൈറലായത് രണ്ട് വയസുകാരൻ ഉണ്ണിക്കണ്ണന്റെ ചിത്രമാണ് . ട്രാഫിക് ഡിഎസ്പി സദ്ദാം ഹുസൈന്റെ മകൻ മുഹമ്മദ് അലിയാണ് ഉണ്ണിക്കണ്ണനായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത് . മഞ്ഞ കുർത്തയും , ധോത്തിയും , തലയിൽ മയിൽപ്പീലിയും, കിരീടവും ചൂടി കൈയിൽ ഓടക്കുഴലുമേന്തി നിൽക്കുന്ന അലിയുടെ ചിത്രം നിരവധി പേരാണ് ഷെയർ ചെയ്തിരിക്കുന്നത് .
എന്നാൽ വെറും ഫോട്ടോഷൂട്ടിന് വേണ്ടിയല്ല ഡിഎസ്പി സദ്ദാം ഹുസൈൻ മകനെ കൃഷ്ണ വേഷം ധരിപ്പിച്ചത് . മുഹമ്മദലിയെ ശ്രീകൃഷ്ണന്റെ വേഷം ധരിപ്പിച്ച ശേഷം, സദ്ദാം ഹുസൈനും ഭാര്യയോടൊപ്പം തെരുവിലിറങ്ങി ജന്മാഷ്ടമി ആഘോഷങ്ങളിൽ പങ്കുചേർന്നു.
ഇത് കണ്ട സാധാരണജനങ്ങൾ മുതൽ പോലീസുകാർ വരെ അദ്ദേഹത്തോടൊപ്പം ഫോട്ടോകൾ എടുക്കാനും സോഷ്യൽ മീഡിയയിൽ പങ്കിടാനും തുടങ്ങി . പലരും ഇത് സാമൂഹിക ഐക്യത്തിന്റെ സന്ദേശമാണെന്നാണ് കമന്റ് ചെയ്തിരിക്കുന്നത് . ചുരുങ്ങിയ സമയത്തിനുള്ളിൽ, അദ്ദേഹത്തിന്റെ ഫോട്ടോകൾ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തുകയും ഓൺലൈനിൽ ട്രെൻഡ് ആകുകയും ചെയ്തു.
ഡിഎസ്പി സദ്ദാം ഹുസൈൻ ഇത്തരമൊരു കാര്യം ചെയ്യുന്നത് ഇതാദ്യമല്ല. ഹിന്ദു-മുസ്ലീം ഐക്യം പ്രോത്സാഹിപ്പിക്കുന്ന നിരവധി പ്രവർത്തനങ്ങൾക്ക് അദ്ദേഹം മുമ്പ് വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.
















