കാഠ്മണ്ഡു : വെള്ളപ്പൊക്കത്തെ തുടർന്ന് നേപ്പാളിലെ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുമ്പോൾ ഒരു തൊഴിലാളി ‘ഹരേ കൃഷ്ണ’ മന്ത്രം ചൊല്ലിക്കൊണ്ടിരിക്കുകയായിരുന്നുവെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുത്തയാൾ. യാദൃശ്ചികമായി കൃഷ്ണ ജന്മാഷ്ടമി ദിനത്തിൽ തന്നെ അദ്ദേഹത്തെ രക്ഷപ്പെടുത്താൻ സാധിച്ചെന്നും രക്ഷാപ്രവർത്തകൻ പറഞ്ഞു.
നേപ്പാൾ വൈദ്യുതി അതോറിറ്റിയിലെ (എൻഇഎ) ജീവനക്കാരനായ 30 കാരനായ സഞ്ജയ് സാഹാണ് കൃഷ്‌ണ മന്ത്രം ചൊല്ലി ദിവസങ്ങൾ തള്ളി നീക്കിയത്. നേപ്പാളിലെ മാധേഷ് പ്രവിശ്യയിലെ സപ്താരി ജില്ലയിൽ നിന്നുള്ളയാളാണ് ഇയാൾ. തുരങ്കത്തിനുള്ളിൽ കുടുങ്ങിയതിന് ഒമ്പത് ദിവസത്തിന് ശേഷമാണ് ഉദ്യോഗസ്ഥർ ഇയാളെ രക്ഷപ്പെടുത്തിയത്.
‘ഹരേകൃഷ്ണ മഹാമന്ത്രം ജപിച്ചുകൊണ്ടിരുന്നു’
അത്ഭുതകരമായി രക്ഷപ്പെട്ടതിന് ശേഷം വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിച്ച സാഹ , ദുരന്തത്തെത്തുടർന്ന് മറ്റുള്ളവർ ഓടിപ്പോയതിനുശേഷം തുരങ്കത്തിനുള്ളിൽ ഒമ്പത് ദിവസം തുടർച്ചയായി ‘ഹരേ കൃഷ്ണ’ മന്ത്രം ജപിച്ചുകൊണ്ടിരുന്നുവെന്ന് പറഞ്ഞു. “കഴിഞ്ഞ ഒമ്പത് ദിവസമായി ഞാൻ ഹരേ കൃഷ്ണ മഹാമന്ത്രം ജപിച്ചുകൊണ്ടിരുന്നു,”- അദ്ദേഹം പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
അതേ സമയം രക്ഷപ്പെടുത്തിയ ശേഷം സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രാഥമിക വൈദ്യസഹായം നൽകിയ ശേഷം സാഹിനെ ത്രിശൂലിയിലുള്ള ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹത്തിന്റെ നില സ്ഥിരമായി തുടരുന്നു. ആരോഗ്യപരമായ ആശങ്കകളൊന്നുമില്ലെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ പറയുന്നത്.
















