ന്യൂദൽഹി: ഇരുപതാമത് ‘റോസ്ഗാർ മേള’യിൽ 51,000 യുവാക്കൾക്ക് വീഡിയോ കോൺഫറൻസിംഗ് വഴി നിയമന ഉത്തരവുകൾ കൈമാറി പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധ സർക്കാർ വകുപ്പുകളിലേക്കും സ്ഥാപനങ്ങളിലേക്കും തെരഞ്ഞെടുക്കപ്പെട്ട യുവതീ-യുവാക്കൾക്കാണ് ഈ നിയമന ഉത്തരവുകൾ നൽകിയത്. റവന്യൂ വകുപ്പ്, റെയിൽവേ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ആരോഗ്യം-കുടുംബക്ഷേമ മന്ത്രാലയം, ധനകാര്യ സേവന വകുപ്പ്, പ്രതിരോധ മന്ത്രാലയം എന്നിവയുൾപ്പെടെയുള്ള കേന്ദ്രസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായാണ് നിയമനം.
രാജ്യത്തുടനീളം 45 കേന്ദ്രങ്ങളിൽ നടന്ന തൊഴിൽ മേളകളിലെ യുവാക്കളെ അദ്ദേഹം അഭിസംബോധന ചെയ്തു. ഇതുവരെ, വിവിധ സർക്കാർ വകുപ്പുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള നിയമന ഉത്തരവുകൾ 12.75 ലക്ഷത്തോളം യുവതീ-യുവാക്കൾക്ക് ഈ തൊഴിൽ മേളകളിലൂടെ ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ യുവജനങ്ങളുടെ കഴിവും നൈപുണ്യവും ലോകത്തിന്റെയാകെ വിശ്വാസം ആർജ്ജിച്ചിട്ടുണ്ടെന്നും, ഇന്ത്യൻ നവീന ആശയക്കാർ, സംരംഭകർ, രാജ്യത്തിന്റെ യുവശക്തി എന്നിവയിൽ ലോകത്തിന് വലിയ പ്രതീക്ഷകളാണുള്ളതെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
രാജ്യത്തെ സ്റ്റാർട്ടപ്പുകളിൽ ഇന്ത്യയുടെ യുവശക്തി പ്രതിഫലിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. മാത്രമല്ല, ഇത്തരം സംരംഭങ്ങൾ ഇപ്പോൾ വലിയ നഗരങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കാതെ മറ്റ് ചെറിയ നഗരങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2047-ഓടെ ഇന്ത്യയെ വികസിതമാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് നമ്മൾ മുന്നോട്ട് പോകുന്നത്. യുവാക്കൾക്ക് ഇതിൽ വലിയ പങ്കുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
















