
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുപദവികളില്‍ കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്നത് ബിജെപി സേവാസങ്കല്‍പ് അഭിയാനായി ആഘോഷിക്കും. 2001 ഒക്‌ടോബര്‍ ഏഴിന് ഗുജറാത്ത് മുഖ്യമന്ത്രിയായാണ് മോദി ജനസേവകനായി പൊതുപ്രവര്‍ത്തനത്തിന് തുടക്കമിട്ടത്.
പ്രധാനമന്ത്രിയുടെ ജന്മദിനമായ സപ്തംബര്‍ 17 മുതല്‍ ഒക്‌ടോബര്‍ ഏഴ് വരെ രാജ്യത്താകെ വിവിധ പരിപാടികള്‍ ബിജെപി സംഘടിപ്പിക്കും. സപ്തംബര്‍ 17ന് വൈകിട്ട് എല്ലാ വീടുകളിലും കടകളിലും പൊതുഇടങ്ങളിലും ദീപം തെളിയിക്കുന്നതോടെ സേവാസങ്കല്‍പ് അഭിയാന് തുടക്കമാകും. രാജ്യമെമ്പാടും വിവിധ സേവന പരിപാടികളും പൊതുജന സമ്പര്‍ക്ക കാമ്പയിനുകളും സംഘടിപ്പിക്കും.
രക്തദാന ക്യാമ്പുകള്‍, ശുചിത്വ പരിപാടികള്‍, ആരോഗ്യ പരിശോധനകള്‍ എന്നിവയുണ്ടാകും മോദിയുടെ പൊതുജീവിതവും സേവന പ്രവര്‍ത്തനങ്ങളും ‘നമോ സേവാ ഗാഥ’ എന്ന പേരില്‍ പൊതുജനങ്ങളിലെത്തിക്കും. പ്രധാനമന്ത്രിയുടെ ജന്മസ്ഥലം വാദ്നഗറില്‍ നിന്നും ഔദ്യോഗിക പൊതുജീവിതം ആരംഭിച്ച വാരാണസിയില്‍ നിന്നും പുറപ്പെടുന്ന രണ്ടു സംഘങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി ജനങ്ങളുമായി സംവദിക്കും. വാദ്നഗര്‍-വാരാണസി ടൂറുമുണ്ട്.
സപ്തംബര്‍ 17 മുതല്‍ ഒക്‌ടോബര്‍ ഏഴ് വരെ സ്‌കൂളുകളില്‍ സ്വപ്‌ന ഭാരതം എന്നതിനെ അടിസ്ഥാനമാക്കി ചിത്രരചനയും പ്രസംഗ മത്സരങ്ങളും എക്‌സിബിഷനുകളും സംഘടിപ്പിക്കും. ഇരുപത്തഞ്ച് വര്‍ഷത്തെ സേവനങ്ങള്‍ക്കു നന്ദി അറിയിച്ച് വികസിത ഭാരതം ലക്ഷ്യമാക്കി എല്ലാ ജില്ലകളിലും ഗ്രാമങ്ങളിലും ദീപജ്യോതി പ്രയാണം നടത്തും. നദീതീരങ്ങള്‍ ശുചീകരിക്കും. ഒക്‌ടോബര്‍ ഏഴിന് ദല്‍ഹി, ഗുരുഗ്രാം, ഗാസിയാബാദ്, സൂരജ്കുണ്ഡ്, വാരാണസി എന്നിവിടങ്ങളില്‍ 1.25 ലക്ഷം ജനപ്രതിനിധികളുടെ മഹാസംഗമം സംഘടിപ്പിക്കും. ഈ ജനപ്രതിനിധികള്‍ ഒരേ സമയം വന്ദേ മാതരം ആലപിക്കും.