അബുദാബി:ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഇളയ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം(76) അന്തരിച്ചു.എമിറേറ്റില്‍ പത്തു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദുഃഖാചരണ വേളയില്‍ പതാകകള്‍ പകുതി താഴ്‌ത്തിക്കെട്ടും.
സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച സന്ദേശത്തില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തന്റെ സഹോദരന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഷെയ്ഖ് അഹമ്മദിന്റെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിച്ച അദ്ദേഹം, അദ്ദേഹം കണ്‍മുന്നില്‍ ഇല്ലെങ്കിലും തങ്ങളുടെ പ്രാര്‍ത്ഥനകളിലും ഹൃദയങ്ങളിലും എന്നും നിലനില്‍ക്കുമെന്ന് പറഞ്ഞു.
യുഎഇയുടെ രൂപീകരണം മുതല്‍ അതിന്റെ വികസനത്തില്‍ ഷെയ്ഖ് അഹമ്മദ് നല്‍കിയ ദീര്‍ഘകാല സംഭാവനകള്‍ അനുസ്മരിച്ചുകൊണ്ട്, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദിനെയും അല്‍ മക്തൂം കുടുംബത്തെയും അനുശോചനം അറിയിച്ചു. മറ്റ് മുതിര്‍ന്ന നേതാക്കളും ഉദ്യോഗസ്ഥരും അന്തരിച്ച ഷെയ്ഖ് അഹമ്മദിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.സമൂഹത്തെ സേവിക്കാനുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ വരുംതലമുറകള്‍ ഓര്‍മ്മിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു. രാജകുടുംബത്തോടും ദുബായിലെ ജനങ്ങളോടും അദ്ദേഹം ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും അന്തരിച്ച ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്ന് പ്രാര്‍ത്ഥിക്കുന്നതായും പറഞ്ഞു.
ദുബായിലെ മുന്‍ ഭരണാധികാരിയായിരുന്ന അന്തരിച്ച ഷെയ്ഖ് റാഷിദ് ബിന്‍ സായിദ് അല്‍ മക്തൂമിന്റെ നാലാമത്തെയും ഏറ്റവും ഇളയതുമായ മകനായിരുന്നു ഷെയ്ഖ് അഹമ്മദ്. 1975-ല്‍ ബ്രിട്ടനിലെ റോയല്‍ മിലിട്ടറി അക്കാദമി സാന്‍ഡ്ഹേഴ്സ്റ്റില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം തുടര്‍ന്ന് ദുബായിലെ സെന്‍ട്രല്‍ മിലിട്ടറി റീജിയണില്‍ സേവനമനുഷ്ഠിക്കുകയും പിന്നീട് അതിന്റെ കമാന്‍ഡര്‍-ഇന്‍-ചീഫ് ആകുകയും ചെയ്തു. ദുബായിലെ സുരക്ഷ, കായികം, ബിസിനസ് മേഖലകളില്‍ അദ്ദേഹം ഉന്നത പദവികള്‍ വഹിച്ചിട്ടുണ്ട്. ദുബായ് പൊലീസ് , പൊതു സുരക്ഷാ ഡെപ്യൂട്ടി ചെയര്‍മാന്‍, എ ആര്‍എം. ഹോള്‍ഡിംഗിന്റെ ഗ്രൂപ്പ് ചെയര്‍മാന്‍, അല്‍ വാസ്ല്‍ സ്‌പോര്‍ട്‌സ് ക്ലബിന്റെ പ്രസിഡന്റ് എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. ജെബല്‍ അലി റേസ്‌കോഴ്സിന്റെ വികസനവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം, കുതിരപ്പന്തയത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ കായിക ഇനത്തില്‍ യുഎഇയുടെ അന്താരാഷ്‌ട്ര സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും സഹായിച്ചു.
















