കൃഷ്ണന്റെ ജീവിതം ബാലലീലകളില്‍ മാത്രം അവസാനിക്കുന്നില്ല. മഥുരയില്‍നിന്ന് ദ്വാരകയിലേക്കുള്ള യാത്രയ്‌ക്കുശേഷം, ജനജീവിതത്തിനും രാജ്യത്തിനും നേതൃത്വം നല്‍കുന്ന ദ്വാരകാധിപനായ കൃഷ്ണനെയാണ് നാം കാണുന്നത്. അധികാരവും സമ്പത്തും സ്വാധീനവും കൈവന്നിട്ടും, അവയെ വ്യക്തിപരമായ ആസ്വാദനത്തിനുള്ള ഉപാധികളായി മാത്രം കാണാതെ സമൂഹത്തിന്റെ സുരക്ഷയ്‌ക്കും ക്ഷേമത്തിനുമായി ഉപയോഗിക്കുന്ന കൃഷ്ണരൂപമാണ് ഇവിടെ ശ്രദ്ധേയമാകുന്നത്.
ഈ കഥാസന്ദര്‍ഭം, നമുക്ക് ലഭിക്കുന്ന അധികാരവും സ്ഥാനവും എങ്ങനെ ഉപയോഗിക്കണം എന്ന ചിന്തയാണ് ഉണര്‍ത്തുന്നത്.സ്ഥാനം ഉയരുമ്പോള്‍ ഉത്തരവാദിത്തവും ഉയരണം.
അധികാരം ഒരാളെ മറ്റുള്ളവരില്‍നിന്ന് അകറ്റാനുള്ള അവസരമല്ല. കൂടുതല്‍ ആളുകളുടെ ജീവിതത്തെ സ്വാധീനിക്കാനുള്ള ഉത്തരവാദിത്തമാണ്. ഒരു സ്ഥാനത്തേക്ക് ഉയര്‍ന്നാല്‍ ആദ്യം മാറേണ്ടത് മറ്റുള്ളവരോടുള്ള നമ്മുടെ സമീപനമാണ്; അവര്‍ക്കുമേലുള്ള നമ്മുടെ അധികാരഇന്നത്തെ ജീവിതത്തില്‍ ചെറിയൊരു അധികാരം ലഭിച്ചാല്‍ പോലും അതിന്റെ സ്വഭാവം മാറുന്ന മനുഷ്യരെ കാണാം. പക്ഷേ സ്ഥാനം മനുഷ്യനെ വലുതാക്കുന്നില്ല; ആ സ്ഥാനം ഉപയോഗിക്കുന്ന രീതിയാണ് മനുഷ്യന്റെ വലുപ്പം കാണിക്കുന്നത്.
നമ്മുടെ ജീവിതത്തിലും ചെറിയ അധികാരങ്ങള്‍ പല രൂപത്തില്‍ വരുന്നു. മാതാപിതാക്കളെന്ന നിലയില്‍ മക്കളോടുള്ള അധികാരം. അധ്യാപകനെന്ന നിലയില്‍ വിദ്യാര്‍ത്ഥികളോടുള്ള സ്വാധീനം. മേലധികാരിയെന്ന നിലയില്‍ ജീവനക്കാരോടുള്ള ഉത്തരവാദിത്തം. സുഹൃത്ത് എന്ന നിലയില്‍ മറ്റൊരാളുടെ വിശ്വാസം. ഇവയെല്ലാം അധികാരത്തിന്റെ വ്യത്യസ്ത രൂപങ്ങളാണ്. ജീവിതത്തില്‍ ഉയരുക എന്നത് തെറ്റല്ല. സമ്പത്ത് നേടുന്നതും സ്ഥാനത്തെത്തുന്നതും അഭിമാനിക്കാവുന്ന കാര്യങ്ങളാണ്. പക്ഷേ ഉയരുന്നതിനൊപ്പം താഴെയുള്ളവരെ കാണാനുള്ള കഴിവ് നഷ്ടപ്പെടരുത്. നമ്മള്‍ ഇന്ന് നില്‍ക്കുന്ന സ്ഥാനത്തേക്ക് എത്താന്‍ ആരൊക്കെയോ സഹായിച്ചിട്ടുണ്ടാകും. നാളെ നമ്മള്‍ ഉയരുമ്പോള്‍ മറ്റൊരാള്‍ക്ക് കൈത്താങ്ങാകാന്‍ കഴിയണം. അധികാരം കൈയില്‍ വരുമ്പോള്‍ മനുഷ്യന്റെ യഥാര്‍ഥ സ്വഭാവം കൂടുതല്‍ വ്യക്തമായി കാണാം. കൃഷ്ണന്റെ ദ്വാരകാധിപത്യത്തെ ജീവിതത്തില്‍ വായിക്കുമ്പോള്‍ അതാണ് വലിയ പാഠം സ്ഥാനം ഒരു കിരീടമല്ല; മറ്റുള്ളവരുടെ വിശ്വാസം ഏല്‍പ്പിച്ചിരിക്കുന്ന ഒരു ഉത്തരവാദിത്തമാണ്.
കൃഷ്ണസ്പര്‍ശം:
ഉയരുമ്പോള്‍ തല ഉയര്‍ത്താം; പക്ഷേ മറ്റുള്ളവരെ കാണാന്‍ കണ്ണുകള്‍ താഴ്‌ത്താന്‍ മറക്കരുത്.
















