
ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)
ന്യൂദല്‍ഹി:: വെടിയുണ്ടകൾക്ക് സമാനമായ 70mm റോക്കറ്റുകളുടെ ആവശ്യകത ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും വര്‍ധിച്ചുവരികയാണ്. വെടിയുണ്ടകള്‍ തോക്കുകളില്‍ നിന്നുമാണ് തൊടുക്കുന്നതെങ്കില്‍ ഈ 70 എംഎം റോക്കറ്റുകള്‍ ഇന്ത്യയുടെ വ്യോമസേനയുടെയും കരസേനയുടെയും ഹെലികോപ്റ്ററുകളിൽ നിന്നുമാണ് തൊടുക്കുക. യുദ്ധത്തില്‍ നിര്‍ണ്ണായകമായ ഈ70എംഎം റോക്കറ്റുകള്‍ ഇന്ത്യയില്‍ തദ്ദേശമായി നിര്‍മ്മിക്കാനൊരുങ്ങി പ്രതിരോധമന്ത്രാലയം.
ഉഗ്രസ്ഫോടനം നടത്താന്‍ ശേഷിയുള്ള 70എംഎം റോക്കറ്റുകള്‍
യുദ്ധ ഹെലികോപ്റ്ററുകളുടെ ഇരുവശത്തും ഘടിപ്പിച്ചിട്ടുള്ള റോക്കറ്റ് ലോഞ്ചറുകളിലാണ് ഈ 70എംഎം റോക്കറ്റുകള്‍ ഘടിപ്പിക്കുക. ഇവിടെ നിന്നാണ് ഇവ ശത്രുവിന്റെ കവചിത വാഹനങ്ങളും റഡാര്‍ സംവിധാനങ്ങളും തകര്‍ക്കാന്‍ കുതിച്ചുപായുക. ശബ്ദത്തേക്കാള്‍ അല്‍പം കുറഞ്ഞ വേഗതയില്‍ കുതിക്കുന്ന 70എംഎം റോക്കറ്റുകള്‍ക്ക് 1.8 മീറ്റര്‍ വരെ നീളമുണ്ടാകും. 4.1 കിലോഗ്രാം വരെയുള്ള പോര്‍മുനകള്‍ ഇവയ്‌ക്ക് വഹിക്കാന്‍ കഴിയുന്നതിനാല്‍ ഉഗ്രസ്ഫോടനം സൃഷ്ടിക്കാന്‍ സാധിക്കും.ഒരു 70 എംഎം റോക്കറ്റിന് ഒമ്പതര ലക്ഷം രൂപ വരെയാണ് വില വരിക. പക്ഷെ ഇന്ത്യയില്‍ ഇവ കുറഞ്ഞ വിലയ്‌ക്ക് നിര്‍മ്മിക്കാനാവുമെന്ന് കരുതുന്നു.
ആധുനിക യുദ്ധങ്ങളില്‍ എന്തുകൊണ്ട് 70എംഎം റോക്കറ്റുകള്‍ കൂടുതലായി ഉപയോഗിക്കുന്നു?
ഏറ്റവും വലിയ മെച്ചം ഇവയുടെ വിലക്കുറവു തന്നെയാണ്. മിസൈലുകള്‍ 30 ലക്ഷം മുതല്‍ 50 ലക്ഷം വരെ വില വരുമ്പോള്‍ ഗൈഡഡ് അല്ലാത്ത യുദ്ധോപകരണങ്ങള്‍ തീരെ വിലകുറഞ്ഞവയുമാണ്. ഇതിനിടയില്‍ വിലയുള്ള എന്നാല്‍ മികച്ച ഫലം തരുന്ന ആയുധമാണ് എന്നതാണ് 70എംഎം റോക്കറ്റുകളെ ആകര്‍ഷകമാക്കുന്നത്. ഉക്രൈന്‍-റഷ്യ യുദ്ധത്തില്‍ വ്യാപകമായി 70എംഎം റോക്കറ്റുകള്‍ ഉപയോഗിക്കുന്നു. ആധുനികമായ യുദ്ധത്തില്‍ ഡ്രോണ്‍ ആക്രമണമാണ് വലിയ ഭീഷണി. ഡ്രോണുകളെ മിസൈലുകള്‍ക്ക് കൊണ്ട് തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കനത്ത ചെലവ് കൊണ്ട് രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടും. ഇറാന്റെ ഡ്രോണുകളെ പേട്രിയറ്റ് മിസൈലുകള്‍കൊണ്ട് നശിപ്പിക്കാന്‍ ശ്രമിച്ച അമേരിക്കയുടെ ഖജനാവ് കാലിയാക്കിയ കാര്യം ഈയിടെ നമ്മള്‍ വായിച്ചതാണ്. ഇവിടെയാണ് ഒമ്പതര ലക്ഷം മാത്രം വിലയുള്ള 70എംഎം റോക്കറ്റുകള്‍ പ്രധാനമാകുന്നത്. കുറഞ്ഞ ചെലവിൽ, ഉയർന്ന കൃത്യതയുള്ള പ്രഹരശേഷിയും ഡ്രോണുകളെ ആക്രമിക്കാനുള്ള കഴിവുമാണ് 70എംഎം റോക്കറ്റുകളെ ആധുനിക യുദ്ധമുഖത്തെ ഒഴിച്ചുകൂടാനാവാത്ത ആയുധമാക്കി മാറ്റുന്നത്.
ബെല്‍ജിയം പ്രധാനമന്ത്രി ഇന്ത്യയില്‍ എത്തിയത് വെറുതെയല്ല
റോക്കറ്റ് നിര്‍മ്മാണത്തിലെ വിദഗ്ധരായ ബെല്‍ജിയത്തിലെ താലെസ് (ഫ്രഞ്ച് ഉച്ചാരണമാണ് താലെസ്. ഇതിനെ തെയ് ലീസ് എന്നും തെയ്ല്‍സ് എന്നും ഉച്ചരിക്കാറുണ്ട്) എന്ന കമ്പനിയെയാണ് കൊണ്ടുവരുന്നത്. സെപ്തബര്‍ 2,3,4 തീയതികളില്‍ ഇന്ത്യ സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്ന ബെല്‍ജിയം പ്രധാനമന്ത്രി ബാര്‍ട് ഡെ വെവെര്‍ ഇന്ത്യയില്‍ താലെസ് ഗ്രൂപ്പിന്റെ ആധുനികമായ 70എംഎം റോക്കറ്റ് നിര്‍മ്മാണകേന്ദ്രം തുടങ്ങുന്നതിനുള്ള കരാറുകള്‍ ഒപ്പുവെയ്‌ക്കാനാണ് എത്തിയിരിക്കുന്നത്. ബെല്‍ജിയം പ്രതിരോധമന്ത്രി തിയോ ഫ്രാങ്കെനും ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്.
കവചിത വാഹനങ്ങൾ (Light armored vehicles), ബങ്കറുകൾ, റഡാർ സ്റ്റേഷനുകൾ, വായു പ്രതിരോധ സംവിധാനങ്ങൾ (Air defence facilities) എന്നിവയെ കൃത്യതയോടെ തകർക്കാൻ 70എംഎം റോക്കറ്റുകൾക്ക് സാധിക്കും. ഇന്ത്യയെ ഈ അത്യാധുനിക റോക്കറ്റ് സംവിധാനങ്ങളുടെ ഒരു ആഗോള നിർമ്മാണ-കയറ്റുമതി ഹബ്ബാക്കി (Export Hub) കൂടി മാറ്റുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.
ഇന്ത്യയിൽ 70എംഎം (70mm) റോക്കറ്റുകൾ നിർമ്മിക്കുന്നതിനായി റോക്കറ്റ് നിര്‍മ്മാണത്തിലെ വിദഗ്ധരായ ബെല്‍ജിയത്തിലെ താലെസ് എന്ന കമ്പനിയെയാണ് ഇന്ത്യ കൊണ്ടുവരുന്നത്. ഇന്ത്യയിലെ രണ്ട് സ്വകാര്യകമ്പനികളുമായും ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനവുമായും ബെല്‍ജിയത്തിലെ താലെസ് കരാറില്‍ ഒപ്പുവെച്ചു. കല്യാണി സ്ട്രാറ്റജിക് സിസ്റ്റംസ് (KSSL) , അദാനി ഡിഫൻസ് എന്നീ സ്വകാര്യ പ്രതിരോധകമ്പനികളും ഭാരത് ഡയനാമിക്സ് ലിമിറ്റഡ് (BDL)എന്ന പൊതുമേഖലാ സ്ഥാപനവുമാണ് താലെസുമായി കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്.
ഭാരത് ഫോർജിന്റെ ഉപകമ്പനിയായ കല്യാണി സ്ട്രാറ്റജിക് സിസ്റ്റംസ് ലിമിറ്റഡ്, ബെൽജിയം ആസ്ഥാനമായുള്ള പ്രമുഖ ആയുധ നിർമ്മാതാക്കളായ താലെസ് ഗ്രൂപ്പുമായി റോക്കറ്റ് നിര്‍മ്മാണത്തിന് കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. താലെസിന്റെ 70എംഎം അൺഗൈഡഡ്, ലേസർ ഗൈഡഡ് റോക്കറ്റ് സിസ്റ്റങ്ങൾ എന്നിവയാണ് ഇന്ത്യയിൽ നിർമ്മിക്കുക.
അദാനി ഡിഫൻസ് ആൻഡ് എയറോസ്‌പേസും നേരത്തെ താലെസുമായി ചേർന്ന് ഡിഫൻസ് അക്വിസിഷൻ പ്രൊസീജ്യർ (DAP 2020) പ്രകാരം ഇന്ത്യയിൽ 70എംഎം ലേസർ ഗൈഡഡ് റോക്കറ്റുകൾ നിർമ്മിക്കാനും അസംബിൾ ചെയ്യാനും പരീക്ഷിക്കാനുമുള്ള കരാർ ഒപ്പിട്ടിട്ടുണ്ട്. കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് ഡയനാമിക്സ് ലിമിറ്റഡും താലെസിന്റെ പ്രശസ്തമായ 70എംഎം ലേസര്‍ ഗൈഡഡ് റോക്കറ്റായ FZ275 ലേസർ ഗൈഡഡ് റോക്കറ്റുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിനായുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. ലേസർ സംവിധാനത്തിന്റെ സഹായത്തോടെ വളരെ ദൂരെയുള്ള ലക്ഷ്യങ്ങൾ പോലും കൃത്യതയോടെ (Surgical strike capability) തകർക്കാൻ ലേസർ ഗൈഡഡ് റോക്കറ്റുകൾക്ക് കഴിയും. ഇത് ജനവാസ മേഖലകളിലെ യുദ്ധങ്ങളിൽ വൻ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നു.
ഇന്ത്യൻ സൈന്യത്തിന്റെ പ്രധാന അറ്റാക്ക് ഹെലികോപ്റ്ററുകളായ രുദ്ര (ALH Rudra), ലഘു യുദ്ധ ഹെലികോപ്റ്ററായ പ്രചണ്ഡ് (LCH Prachand), കൂടാതെ അപ്പാച്ചെ (Apache AH-64), Mi-35 എന്നിവയിലാണ് ഈ റോക്കറ്റുകൾ ഘടിപ്പിക്കുന്നത്. ശത്രുവിന്റെ കവചിത വാഹനങ്ങൾ (Light armored vehicles), ബങ്കറുകൾ, റഡാർ സ്റ്റേഷനുകൾ, വായു പ്രതിരോധ സംവിധാനങ്ങൾ (Air defence facilities) എന്നിവ കൃത്യതയോടെ തകർക്കാൻ ഈ റോക്കറ്റുകൾക്ക് സാധിക്കും
ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നേറ്റോ രാജ്യങ്ങളില്‍ 70എംഎം ലേസര്‍ഗൈഡഡ് റോക്കറ്റുകളുടെ ആവശ്യകത ഏറിവരികയാണ്. ഇത് ഇന്ത്യയ്‌ക്ക് കയറ്റുമതി സാധ്യതയും തുറക്കും. മാത്രമല്ല, ഇന്ത്യയ്‌ക്ക് റോക്കറ്റുകള്‍ക്കായി വിദേശരാജ്യങ്ങളെ ആശ്രയിക്കേണ്ട ഗതികേട് ഒഴിവായിക്കിട്ടും. ബെല്‍ജിയത്തിലെ താലെസുമായുള്ള റോക്കറ്റ് നിര്‍മ്മാണത്തിനുള്ള കൂട്ടുകെട്ട് ഇന്ത്യയ്‌ക്കും താലെസിനും ഒരുപോലെ ഗുണകരമാണ്. താലെസിന് ബെല്‍ജിയത്തിലെ കേന്ദ്രം കൂടാതെ ഇന്ത്യയിലും ഒരു റോക്കറ്റ് നിര്‍മമാണകേന്ദ്രം ഒരുങ്ങും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം 70 എംഎം റോക്കറ്റുകള്‍ വ്യാപകമായി നിര്‍മ്മിക്കുകയും ചെയ്യാം. യൂറോപ്യന്‍ രാജ്യങ്ങളുടെ സഹായമില്ലാത്തെ ബെല്‍ജിയത്തിലെ താലെസിന് നേറ്റോ രാജ്യങ്ങള്‍ക്കാവശ്യമായ റോക്കറ്റുകള്‍ നിര്‍മ്മിച്ച് അയയ്‌ക്കാന്‍ താലെസിന് കഴിയും.