തിരുവനന്തപുരം: അതീവ ഗുരുതരമായ വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നത്. ദീര്‍ഘകാല കരാറുകള്‍ വഴിയുള്ള വൈദ്യുതി ലഭ്യതയിലുണ്ടായ കുറവും, ആഭ്യന്തര ഉപഭോഗത്തിലുണ്ടായ ക്രമാതീതമായ വര്‍ദ്ധനവുമാണ് കെഎസ്ഇബിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ദീര്‍ഘകാല കരാറുകള്‍ വഴി സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയില്‍ ഏകദേശം 270 മെഗാവാട്ടിലധികം കുറവുണ്ടായിട്ടുണ്ട്. പവര്‍ എക്‌സ്‌ചേഞ്ചുകളില്‍ നിന്നുള്ള ലഭ്യതക്കുറവും ദേശീയ ഗ്രിഡിലെ പ്രശ്‌നങ്ങളും പ്രതിസന്ധി കൂടുതല്‍ വഷളാക്കി. സംസ്ഥാനത്ത് പീക്ക് അവറില്‍ ആവശ്യമുള്ളത് 5400 മെഗാവാട്ട് വൈദ്യുതിയാണ്. എന്നാല്‍ കൈവശമുള്ളത് 4300 മെഗാവാട്ട് മാത്രമാണ്. കേന്ദ്രവിഹിതം 1700 മെഗാവാട്ടും ആഭ്യന്തര ജലവൈദ്യുതോത്പാദനം 1800 മെഗാവാട്ടുമാണ്. പിന്നെയുള്ളതില്‍ 750 മെഗാവാട്ടും 2014ന് മുമ്പുള്ള ദീര്‍ഘകാല കരാര്‍ മുഖേനയാണ് ലഭിക്കുന്നത്.
രാത്രിയിലെ വൈദ്യുതി നിയന്ത്രണത്തില്‍ ജനരോഷം ഉയര്‍ന്നതിനെ തുടര്‍ന്ന്, വൈകിട്ട് 6.45 മുതല്‍ രാത്രി 12.35 വരെയുള്ള സമയങ്ങളില്‍ സംസ്ഥാനത്ത് പലയിടത്തും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് (ഉത്തര്‍പ്രദേശ്, ദല്‍ഹി, ഒഡീഷ, ഹിമാചല്‍ പ്രദേശ് തുടങ്ങിയവ) അടിയന്തരമായി വൈദ്യുതി എത്തിക്കാന്‍ കെഎസ്ഇബി ഡയറക്ടര്‍മാര്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും തല്‍ക്കാലം അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടായിട്ടില്ല.
പ്രതിസന്ധി ഒറ്റയടിക്ക് തീരില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. ഗുരുതരമായ ഈ പ്രതിസന്ധിയും പരിഹാര നിര്‍ദേശങ്ങളും അടങ്ങിയ കെഎസ്ഇബി ചെയര്‍മാന്‍ എം.ജി. രാജമാണിക്യം തയാറാക്കിയ സമഗ്രമായ റിപ്പോര്‍ട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറും. റിപ്പോര്‍ട്ടില്‍ ആണവനിലയ സാധ്യതയും പുതിയ ജലവൈദ്യുത പദ്ധതികളുടെ വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര പൂളില്‍ നിന്ന് 44.72 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലഭിച്ചിട്ടുണ്ട്. ഈ മാസത്തെ ശരാശരി 38.49 ദശലക്ഷം യൂണിറ്റാണ്. കേന്ദ്ര വിഹിതം വര്‍ദ്ധിക്കുന്നതും മഴ കനക്കുന്നതും വരും ദിവസങ്ങളില്‍ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
മഴയെ മാത്രം ആശ്രയിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന കേരളത്തിന് ആവശ്യമായ വൈദ്യുതി ഉറപ്പാക്കാന്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഒരു ദീര്‍ഘകാല കരാര്‍ പോലും ഉണ്ടാക്കാന്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല. ഹ്രസ്വകാല കരാറുകളെ മാത്രം ആശ്രയിച്ചുള്ള ഈ രീതിയാണ് ഇന്നത്തെ പ്രതിസന്ധിയുടെ പ്രധാന കാരണം.
















