
കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)
തൃശൂർ :കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം ഉദിച്ചുയരുന്നു. അതാണ് കല്യാണി സിരിന്‍. ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടിയാണ്. ഇന്ത്യൻ വനിതാ ചെസ് റാങ്കിംഗില്‍ ആറാം സ്ഥാനവുമുണ്ട്.
അന്താരാഷ്‌ട്ര ചെസ് ഫെഡറേഷൻ (ഫിഡെ) പുറത്തുവിട്ട റാങ്ക് പട്ടികയനുസരിച്ച് 2400 റേറ്റിംഗ് പിന്നിടുന്ന ആദ്യ മലയാളി വനിതാ ചെസ് താരമെന്ന നേട്ടവും കല്യാണി സിരിന് സ്വന്തം. യൂറോപ്പില്‍ നടന്ന അന്താരാഷ്‌ട്ര ഓപ്പണ്‍ ചെസ് ടൂർണമെന്റുകളില്‍ തകർപ്പൻ പ്രകടനം പുറത്തെടുത്തിരുന്നു.
കേരളത്തില്‍നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ വനിതാ ഇന്റർനാഷണല്‍ മാസ്റ്റർ കൂടിയാണ് കല്യാണി. . 2023ല്‍ കേരള വനിതാ ചാമ്പ്യനായ കല്യാണി, 2024ലെ കോമണ്‍വെല്‍ത്ത് മത്സരങ്ങളില്‍ അണ്ടർ- 20 പെണ്‍കുട്ടികളുടെ ക്ലാസിക്, റാപിഡ് വിഭാഗങ്ങളിലും വനിതാ ബ്ലിറ്റ്‌സിലും സ്വർണം നേടിയിരുന്നു. കൊടുങ്ങല്ലൂർ നഗരസഭാ മുൻ ചെയർമാൻ പരേതനായ വി.കെ. ഗോപിയുടെ മകനും സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനുമായ സിരിന്റെയും കുഴൂർ ഗവ. ഹൈസ്‌കൂള്‍ അദ്ധ്യാപിക കെ.വി. ധന്യയുടെയും മകളാണ്.
സംസ്ഥാന സ്‌കൂള്‍ ചാമ്പ്യൻഷിപ്പില്‍ തുടർച്ചയായി രണ്ട് വർഷം സബ് ജൂനിയർ ചാമ്പ്യനായതോടെയാണ് ശ്രദ്ധേയായത്. രഘുനാഥൻ മേനോന്റെയും ഇ.പി. നിർമ്മലിന്റെയും ശിക്ഷണത്തില്‍ ചെസ് പരിശീലനം ആരംഭിച്ച കല്യാണി പിന്നീട് ഗ്രാൻഡ് മാസ്റ്റർമാരായ ജി.എ. സ്റ്റാനി , സ്വയംസ് മിശ്ര എന്നിവരുടെ കീഴിലും പരിശീലനം നടത്തിയിരുന്നു.