കാത്തിരിക്കുന്നു രാമ, വൈദേഹി
ആര്‍ത്തിയില്‍ നിറകണ്ണുകളോടെ
നിന്‍ സമാഗമം നോക്കിയിരിപ്പൂ
രാപ്പകലുകളെല്ലാം ഇവിടെ
ഇരുളില്‍ ഞാനുമെന്‍ സ്വപ്‌നവുമൊക്കെ
സൂര്യവംശത്തിന്‍ സൂര്യനെവിടെ ?
കൂട്ടിനുണ്ടീയശോകവനത്തില്‍
ക്രൂരരായ നിശാചരര്‍ മാത്രം
രാമനാമമവര്‍ക്കറിയില്ല
രാമഭക്തരെ കണ്ടില്ലവരും
കഷ്ടമീവിധി വന്നുപെട്ടീടാന്‍
ദുഷ്ടതയെന്തു ചെയ്തു ഞാന്‍ രാമ
കണ്ടു ഞാനൊട്ടു ഭക്തിയില്‍ നിന്നെ
രാവണനിലൂമന്നു ഹാ രാമ
ലക്ഷ്മണന്‍ തീര്‍ത്ത രേഖകള്‍ ഞാനും
ഓര്‍ത്തിടാതെ മുറിച്ചു കടന്നു
രാമരേഖകള്‍ ഒന്നുപോലും ഞാന്‍
തെല്ലുപോലും കടന്നതില്ലല്ലോ
ഭക്തിപോരെന്നോ ശ്രദ്ധപോരെന്നോ
ഭൂമിജയ്‌ക്കു ക്ഷമ കുറവെന്നൊ
ഏതു പാപം കഴുകി കളയാന്‍
എന്നെ രാമന്‍ പരീക്ഷിപ്പതിന്നും
ധ്യാനമഗ്‌നയായി ഞാന്‍ ജപിക്കുന്നു
രാമനാമമാമദ്ദിവ്യ മന്ത്രം
രാമചന്ദ്രസ്മിതമില്ലയെങ്കില്‍
യാമിനീശ പ്രഭ മങ്ങിടുന്നു !
രാമചന്ദ്രനോടൊത്തു നിന്നാലും
യാമിനീശ പ്രഭ മങ്ങിടുന്നു !
പൂത്തു നില്‍ക്കൂമശോകത്തില്‍ ഞാനും
കാണ്മതന്‍ ചോപ്പു കണ്ണുനീര്‍പ്പൂക്കള്‍
നമ്മള്‍ പാര്‍ക്കും സ്ഥലങ്ങള്‍ വേറാക്കി
നടുവിലാഴിയലറുന്ന കണ്ടോ
ലോകമെല്ലാം ജയിച്ച സര്‍വ്വേശന്‍
സീതതന്‍ ശോകമിന്നറിയില്ലേ
കാത്തിരിക്കുന്നു രാമ,വൈദേഹി
ആര്‍ത്തിയില്‍ നിറകണ്ണുകളോടെ
















