ഓരോ കാലഘട്ടത്തിലെയും ആത്മീയനില എന്താണെന്ന് മനസിലാക്കാന്‍, ആ കാലം ‘ഗുരു’ എന്ന വാക്കിന് നല്‍കുന്ന അര്‍ഥം പരിശോധിച്ചാല്‍ മതിയാകും. ആ വാക്ക് ഇന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ആദ്യമെത്തുക മൊബൈല്‍ ഫോണ്‍ സ്‌ക്രീനില്‍ നിറയുന്ന വീഡിയോകളും പരസ്യങ്ങളുമാണ്. ഗുരു എന്നത് അനുയായികളുടെ എണ്ണത്തില്‍ അളക്കപ്പെടുന്ന ഒരു ബ്രാന്‍ഡായി ഇന്ന് മാറിയിട്ടുണ്ട്. അതുപോലെ ധ്യാനവും യോഗയുമെല്ലാം സമ്മര്‍ദം കുറയ്‌ക്കാനുള്ള ‘ടെക്‌നിക്’ മാത്രമായി ചുരുങ്ങി. ആത്മീയതയുടെ പേരിലുള്ള വിവരങ്ങള്‍ പെരുകുമ്പോഴും ജ്ഞാനം ക്ഷയിക്കുന്ന വിചിത്രമായ ഈ സാഹചര്യത്തിലാണ് ആചാര്യശ്രീ രാജേഷ് രചിച്ച ‘അന്തര്‍ലോകം: ഉപാസകന്റെ രഹസ്യപ്രപഞ്ചം’ എന്ന പുസ്തകം വായനക്കാരന്റെ കൈകളിലെത്തുന്നത്. ആത്മീയതയെക്കുറിച്ചുള്ള സാമ്പ്രദായിക ധാരണകളെ ചോദ്യം ചെയ്യുന്ന ഒരു ബൗദ്ധിക ഇടപെടലാണ് ഈ പുസ്തകം.
യോഗാസനങ്ങളുടെ കൗതുകവിവരണമല്ല ഈ പുസ്തകം. അത്ഭുതങ്ങളുടെ വിപണിയിലെ പുതിയ ഉല്‍പ്പന്നവുമല്ല. മനുഷ്യന്റെ അന്തര്‍ലോകത്തിലേക്കുള്ള പ്രവേശനകവാടങ്ങളെക്കുറിച്ചും, അവ തുറക്കാന്‍ ആവശ്യമായ ദാര്‍ശനിക അടിത്തറയെക്കുറിച്ചും അന്വേഷിക്കുന്ന ഗൗരവപൂര്‍ണമായ പഠനമാണ് ഈ കൃതി. ഋഗ്വേദം മുതല്‍ അഥര്‍വവേദവും സാംഖ്യദര്‍ശനവും തിരുമന്തിരവും തിരുക്കുറളും വരെ പരന്നുകിടക്കുന്ന ജ്ഞാനപാരമ്പര്യങ്ങളെ ഒരേ ആത്മീയധാരയുടെ വ്യത്യസ്ത ഭാഷകളായി അവതരിപ്പിക്കുകയാണ് ഈ പുസ്തകം. നൂറ്റാണ്ടുകളായി ചിതറിക്കിടക്കുന്ന ജ്ഞാനശകലങ്ങളെ വീണ്ടും കൂട്ടിയിണക്കാനുള്ള ഒരു ശ്രമം.
ഈ പുസ്തകത്തിന്റെ സവിശേഷത അതിന്റെ രീതിശാസ്ത്രം തന്നെയാണ്. വിശ്വാസം അടിച്ചേല്‍പ്പിക്കാന്‍ ഈ പുസ്തകം ശ്രമിക്കുന്നില്ല. പകരം ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രചാരത്തിലുള്ള ധാരണകളെ പുനഃപരിശോധിക്കാന്‍ നിര്‍ബന്ധിതനാക്കുകയും ചെയ്യുന്നു. ആരാണ് യോഗി?, എന്താണ് ഉപാസന?, കുലദേവത എന്ന സങ്കല്‍പ്പത്തിന്റെ യഥാര്‍ഥ അര്‍ഥം എന്താണ്?, വേദവും ദ്രാവിഡപാരമ്പര്യവും യഥാര്‍ത്ഥത്തില്‍ വിഭിന്നധാരകളാണോ? ഇങ്ങനെ ചിന്തയുടെ അടിത്തറയിലേക്കിറങ്ങിച്ചെല്ലുന്ന ചോദ്യങ്ങളാണ് ഈ ഗ്രന്ഥം ഉയര്‍ത്തുന്നത്. ഉത്തരങ്ങള്‍ നല്‍കുന്നതിനേക്കാള്‍, ശരിയായ ചോദ്യങ്ങള്‍ ചോദിക്കാന്‍ പഠിപ്പിക്കുന്ന ഗ്രന്ഥങ്ങളാണല്ലോ കാലത്തെ അതിജീവിക്കുക. ‘അന്തര്‍ലോകം: ഉപാസകന്റെ രഹസ്യപ്രപഞ്ചം’ അത്തരമൊരു അപൂര്‍വഗ്രന്ഥമാണെന്ന ബോധ്യമാണ് ആദ്യ അധ്യായങ്ങള്‍ പിന്നിടുമ്പോള്‍ വായനക്കാരനില്‍ രൂപപ്പെടുക.
ചരിത്രത്തെ മനസ്സിലാക്കാനുള്ള ശ്രമത്തിനേക്കാള്‍ അതിനെ തെറ്റായി വ്യഖ്യാനിക്കാനുള്ള വ്യഗ്രതയാണ് നമ്മുടെ കാലത്തെ വലിയൊരു ബൗദ്ധിക പ്രതിസന്ധി. പ്രത്യേകിച്ച് ഭാരതീയ ആത്മീയപാരമ്പര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പലപ്പോഴും ‘വൈദികം’ എന്നും ‘ദ്രാവിഡം’ എന്നുമുള്ള വിരുദ്ധ ധ്രുവങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് കാണാം. അതില്‍ ഒന്നിനെ അംഗീകരിക്കണമെങ്കില്‍ മറ്റൊന്നിനെ നിഷേധിക്കണമെന്ന ലളിതവാദം പലപ്പോഴും ചരിത്രത്തിന്റെ സംസ്‌കാരിക തുടര്‍ച്ചയെ വിച്ഛേദിക്കുകയാണ് ചെയ്യുക. അത്തരം വിഭജനരാഷ്‌ട്രീയത്തിന് വഴങ്ങാതെ, ജ്ഞാനത്തിന്റെ ആന്തരിക ഐക്യത്തെ കണ്ടെത്താന്‍ ശ്രമിക്കുന്നു എന്നതാണ് ‘അന്തര്‍ലോകം: ഉപാസകന്റെ രഹസ്യപ്രപഞ്ചം’ എന്ന ഗ്രന്ഥത്തിന്റെ വലിയൊരു സവിശേഷത. നൂറ്റാണ്ടുകളായി ഒഴുകിക്കൊണ്ടിരിക്കുന്ന വൈദിക ജ്ഞാനമാകുന്ന നദിയുടെ ഉറവിടങ്ങളില്‍ നിന്ന് തന്നെ പിന്തുടരാന്‍ വായനക്കാരനെ ക്ഷണിക്കുകയാണ് ആചാര്യശ്രീ രാജേഷ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഈ ഗ്രന്ഥം പാരമ്പര്യത്തെക്കുറിച്ചുള്ള നമ്മുടെ മുന്‍ധാരണകളെ തിരുത്താന്‍ പ്രേരിപ്പിക്കുന്ന ഒരു ബൗദ്ധിക യാത്രയായി മാറുന്നുണ്ട്.
ഈ യാത്രയുടെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത, വേദങ്ങളെ മനുഷ്യന്റെ അന്തര്‍ലോകാനുഭവങ്ങളുടെ ജീവിതരേഖകളായി കാണുന്നു എന്നതാണ്. അതോടൊപ്പം, തിരുമൂലരുടെ ‘തിരുമന്തിരം’ വേദങ്ങളിലെ അതേ യോഗാനുഭവത്തിന്റെ മറ്റൊരു അവതരണവുമായി ഇവിടെ പ്രത്യക്ഷപ്പെടുന്നുണ്ട്. തിരുക്കുറളും ഈ ആത്മീയസംഭാഷണങ്ങളുടെ ഭാഗമാകുന്നു. ഇങ്ങനെ വ്യത്യസ്ത കാലങ്ങളിലും ഭാഷകളിലും രചിക്കപ്പെട്ട കൃതികള്‍ പരസ്പരം സംവദിക്കുന്ന ഏകശിലാത്മകമായ ജ്ഞാനപാരമ്പര്യത്തിന്റെ കണ്ണികളാണെന്ന് ഈ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു. ഇതാണ് പുസ്തകത്തിന്റെ ഏറ്റവും വലിയ മൗലികത എന്ന് പറയാം. ഇവിടെ സമാനതകള്‍ ബലമായി സ്ഥാപിക്കപ്പെടുന്നതിന് പകരം, ആശയങ്ങളിലെ ആന്തരിക സാദൃശ്യങ്ങള്‍, അനുഭവങ്ങളുടെ തുടര്‍ച്ച, ഉപാസനയുടെ ഏകത എന്നിവ ക്രമനിബന്ധമായി തെളിഞ്ഞുവരികയാണ് ചെയ്യുന്നത്. കാലത്തെ അതിജീവിച്ച ഒരു ആത്മീയസംവാദത്തിന് സാക്ഷിയാവുകയാണപ്പോള്‍ വായനക്കാരന്‍.
മതപരമായ അതിരുകള്‍ക്കുള്ളില്‍ ഒതുക്കാനുള്ളതല്ല ആത്മീയത. മനുഷ്യബോധത്തിന്റെ പരിണാമയാത്രയാണത് എന്നതാണ് ആചാര്യശ്രീയുടെ ദര്‍ശനം. ഉപാസനയെ അദ്ദേഹം കാണുന്നത് മനുഷ്യന്റെയുള്ളിലെ സാധ്യതകളെ ഉണര്‍ത്തുന്ന ശാസ്ത്രമായാണ്. യോഗമാകട്ടെ ബോധത്തിന്റെ വികാസക്രമവും, ഗുരു-ശിഷ്യബന്ധം, ജ്ഞാനത്തിന്റെ കൈമാറ്റത്തിന് പ്രകൃതി കണ്ടെത്തിയ സൂക്ഷ്മമായ മാര്‍ഗവുമാണ്. അതുകൊണ്ടുതന്നെ ഈ ഗ്രന്ഥം ഏതെങ്കിലും ഒരു സമ്പ്രദായത്തെ ഉയര്‍ത്തിക്കാട്ടുകയോ മറ്റൊന്നിനെ നിഷേധിക്കുകയോ ചെയ്യുന്നില്ല എന്നതും ശ്രദ്ധേയം.വിഭജിക്കപ്പെട്ട ചരിത്രത്തെ സമന്വയത്തിന്റെ വെളിച്ചത്തില്‍ വായിക്കാനും, തകര്‍ന്നുപോയ സാംസ്‌കാരികസ്മൃതികളെ വീണ്ടും ബന്ധിപ്പിക്കാനുമാണ് ഈ പുസ്തകം വായനക്കാരനോട് ആവശ്യപ്പെടുന്നത്. ധ്രുവീകരിക്കപ്പെട്ട ഇന്നത്തെ ബൗദ്ധികലോകത്ത് ഈ ക്ഷണം ഒരു ചെറിയ കാര്യമല്ല; നമ്മുടെ സംസ്‌കാരത്തെ മനസ്സിലാക്കാനുള്ള രീതിയെ തന്നെ മാറ്റിമറിക്കാന്‍ ശേഷിയുള്ള കാഴ്ചപ്പാടാണത്.
ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്ന വിഷയങ്ങളെ ബന്ധിപ്പിക്കുന്ന ദര്‍ശനവും പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്. ഋഗ്വേദത്തിലെ മന്ത്രങ്ങള്‍ക്കും തിരുമന്തിരത്തിലെ യോഗത്തിനുമിടയില്‍, അഥര്‍വവേദത്തിലെ ഉപാസനക്കും തിരുക്കുറളിലെ ജീവിതദര്‍ശനത്തിമിടയില്‍, പുറമേക്ക് ദൃശ്യമാകാത്ത ഒരന്തര്‍ധാരയുണ്ടെന്ന് ആചാര്യശ്രീ സൂചിപ്പിക്കുന്നു. ആ അന്തര്‍ധാരയെ തിരിച്ചറിഞ്ഞാല്‍ വൈദികവും ദ്രാവിഡവും, വടക്കും തെക്കും, ആചാരവും അനുഭവവും എന്നിങ്ങനെ കെട്ടിപ്പടുത്തിരുന്ന വിഭജനത്തിന്റെ മതിലുകള്‍ സ്വയം തകര്‍ന്നു വീഴുന്നത് കാണാനാകും. ഭാരതീയ ആത്മീയപാരമ്പര്യത്തെക്കുറിച്ച് ഇതുവരെ ചോദിക്കാതിരുന്ന ചില ചോദ്യങ്ങള്‍ ഉള്ളിലുണരാന്‍ തുടങ്ങും എന്നതാണ് ഈ കൃതിയുടെ വലിയ വിജയം.
ഉപാസനയെ ആചാര്യശ്രീ രാജേഷ് വികാരപരമായൊരു അനുഭവമായോ അത്ഭുതമായോ കാണുന്നില്ല. അതിന് വ്യക്തമായ ക്രമവും നിയമവും ശാസ്ത്രീയമായ ആഭ്യന്തര യുക്തിയും ഉണ്ടെന്ന ബോധ്യമാണ് ഓരോ അധ്യായവും നല്‍കുന്നത്. ആത്മീയജീവിതം പരിശീലനവും ഗുരുപാരമ്പര്യവും ദാര്‍ശനികബോധവും ഒത്തുചേരുന്ന ഒരു ശാസനയാണ് എന്ന തിരിച്ചറിവ് വായനക്കാരനില്‍ ഇതിലൂടെ രൂപപ്പെടും. ഈ കാഴ്ചപ്പാടാണ് ആത്മീയതയെ അന്ധവിശ്വാസത്തിന്റെ ഇരുണ്ട ഇടങ്ങളില്‍ നിന്ന് ജ്ഞാനത്തിന്റെ വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നത്. അതുകൊണ്ടുതന്നെ ഈ ഗ്രന്ഥം വിശ്വാസത്തെക്കാള്‍ വിവേകത്തിനും അന്വേഷണത്തിനുമാണ് പ്രാധാന്യം നല്‍കുന്നത്.
പുസ്തകത്തിന്റെ ഭാഷയും ശ്ലാഘനീയമാണ്. സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അനാവശ്യമായ ഗഹനഭാഷയിലേക്കത് വഴുതുന്നില്ല. ആശയത്തിന്റെ സങ്കീര്‍ണതയോട് നീതി പുലര്‍ത്തിക്കൊണ്ടുതന്നെ അതിനെ വായനക്കാരന്റെ ബോധ്യത്തിലേക്കെത്തിക്കുന്ന ഭാഷാസമത്വമാണ് ഈ ഗ്രന്ഥത്തിന്റെ ശക്തി. ഓരോ അധ്യായവും വായിക്കുമ്പോള്‍, ഗവേഷകന്റെ കൃത്യതയും ഗുരുവിന്റെ ക്ഷമയും ഒരേ വാക്യത്തില്‍ സംഗമിക്കുന്നതായി കാണാം. പാണ്ഡിത്യം വായനക്കാരനുമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നുമില്ല; അറിവ് കൈപിടിച്ചുനടത്തുന്ന ഒരു സ്വാഭാവിക യാത്രയായി മാറുന്നുണ്ടിവിടെ. അതുകൊണ്ടുതന്നെ ഈ പുസ്തകം വായനക്കാരനെ കൂടുതല്‍ ആഴത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു.
ലോകമെമ്പാടും ജനപ്രിയമാണ് ഇന്ന് യോഗ. ജനപ്രിയമായത് പക്ഷേ, പലപ്പോഴും യോഗത്തിന്റെ പുറംരൂപം മാത്രമാണ്. ശരീരത്തിന്റെ വഴക്കത്തെയും ആരോഗ്യത്തെയും കുറിച്ചുള്ള ചര്‍ച്ചകള്‍ വര്‍ധിക്കുമ്പോഴും, മനുഷ്യബോധത്തിന്റെ പരിണാമത്തെക്കുറിച്ചുള്ള യഥാര്‍ഥ യോഗദര്‍ശനം പലപ്പോഴും വിസ്മൃതമാകുന്നു. അതുപോലെ തന്നെ ഉപാസനയെന്ന വാക്ക് അന്ധവിശ്വാസത്തിന്റെ പര്യായമായി ചുരുങ്ങുന്നു. ഈ സാഹചര്യത്തില്‍ ഈ ഗ്രന്ഥം കൂടുതല്‍ ആഴമുള്ള നവ്യമായ ഒരു ദര്‍ശനം മുന്നോട്ടുവയ്‌ക്കുന്നുണ്ട്. യോഗം ശരീരത്തിന്റേതു മാത്രമല്ല, ബോധത്തിന്റേതുമാണെന്നും, ഉപാസന ആചാരത്തിന്റേതു മാത്രമല്ല, അന്തര്‍പരിവര്‍ത്തനത്തിന്റേതുമാണെന്നും ഒരേ ജ്ഞാനസംഗീതത്തിന്റെ വ്യത്യസ്ത സ്വരങ്ങളാണതെന്നും ഈ പുസ്തകം വായനക്കാരനെ ബോധ്യപ്പെടുത്തുന്നുണ്ട്.
വിവരസമ്പന്നമാണ് ഇന്നത്തെ ലോകം; എന്നാല്‍ വിവേകസമ്പന്നമാണോ എന്നത് സംശയാസ്പദമാണ്. ആത്മീയതയുടെ പേരില്‍ അത്ഭുതങ്ങള്‍ വില്‍ക്കപ്പെടുന്ന, ശാസ്ത്രത്തിന്റെ പേരില്‍ സത്യങ്ങള്‍ പരിഹസിക്കപ്പെടുന്ന രണ്ട് അതിരുകള്‍ക്കിടയിലാണ് ഇന്ന് ആധുനിക മനുഷ്യന്‍ നില്‍ക്കുന്നത്. ഈ രണ്ട് അതിരുകളെയും അതിജീവിച്ച്, അനുഭവത്തെ വിവേകത്തോടും ആത്മീയതയെ ബൗദ്ധികസത്യസന്ധതയോടും ബന്ധിപ്പിക്കുന്ന കൃതികള്‍ വളരെ അപൂര്‍വമാണ്. ‘അന്തര്‍ലോകം: ഉപാസകന്റെ രഹസ്യപ്രപഞ്ചം’ അത്തരം അപൂര്‍വ പുസ്തകങ്ങളില്‍ ഒന്നാണ്. ഒരു യഥാര്‍ഥ ആത്മീയഗ്രന്ഥത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരവും അതു തന്നെയാണ്.
അന്തര്‍ലോകം ഉപാസകന്റെ രഹസ്യപ്രപഞ്ചം
ആചാര്യശ്രീ രാജേഷ്
വേദവിദ്യാ പ്രകാശന്‍, കോഴിക്കോട്
വില: ₹ 300/-
ഫോണ്‍: 9745615151
















