തിരുവനന്തപുരം :ആന്ധ്രയിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയും നാടകപ്രവര്‍ത്തകയുമായ സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക എന്ന നാടക നടി അവതരിപ്പിച്ച മിസാ എന്ന നാടകം ഊളത്തരമാണെന്ന് സാമൂഹ്യനിരീക്ഷകനായ അഡ്വ. ജയശങ്കര്‍.
ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തിന്റെ വേദിയില്‍ അവതരിപ്പിച്ച മിസ എന്ന നാടകത്തില്‍ കുറെ അര്‍ധനഗ്ന രംഗങ്ങളുണ്ട്. ഈ രംഗങ്ങള്‍ ഞാന്‍ യൂട്യൂബില്‍ കണ്ടു. വാസ്തവത്തില്‍ സ്നേഹലതാ റെഡ്ഡിയെ കര്‍ണ്ണാടക പൊലീസ് അറസ്റ്റ് ചെയ്തത് മാന്യമായിട്ടാണ്. അല്ലാതെ ചിന്നു ചിലങ്ക മിസ എന്ന നാടകത്തില്‍ കാണിച്ചതുപോലെയുള്ള പീഢനമൊന്നും സ്നേഹലതാ റെഡ്ഡിക്ക് അനുഭവിക്കേണ്ടിവന്നില്ല. ബറോഡ ഡൈനാമിറ്റ് കേസില്‍ പങ്കാളിയായതിന്റെ പേരിലാണ് അടിയന്തരാവസ്ഥാക്കാലത്ത് സ്നേഹലതാ റെഡ്ഡിയെ അറസ്റ്റ് ചെയ്തത്. പക്ഷെ മാന്യമായാണ് കര്‍ണ്ണാടക പൊലീസ് അവരെ അറസ്റ്റ് ചെയ്തത്. പിന്നീട് ജയിലില്‍ പൊടിപടലങ്ങള്‍ ഉള്ളതിനാല്‍ അവര്‍ക്ക് ആസ്തമ രോഗം ബാധിച്ചെന്നേയുള്ളൂ. അല്ലാതെ ചിന്നു ചിലങ്ക സ്റ്റേജില്‍ കാണിച്ചതുപോലെ അര്‍ധനഗ്നയാക്കി പീഢിപ്പിച്ചിട്ടൊന്നുമില്ല- അഡ്വ. ജയശങ്കര്‍ പറഞ്ഞു.
സ്നേഹലതാ റെഡ്ഡിയുടെ ജീവിതം ഈ വിധത്തില്‍ വക്രീകരിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ആവിഷ്കാര സ്വാതന്ത്ര്യവും ചരിത്രത്തിന്റെ വക്രീകരണവും രണ്ടും രണ്ടാണ്. എന്റെ അഭിനയം കൊള്ളേണ്ടിടത്ത് കൊണ്ടു എന്നാണ് ചിന്നു ചിലങ്ക പറയുന്നത്. പക്ഷെ ഇതൊക്കെ വെറും ഊളത്തരമാണ്. തല്ലുകൊള്ളിത്തരമാണ്. – അഡ്വ. ജയശങ്കര്‍ പറഞ്ഞു.
ചിന്നു ചിലങ്കയെ പിന്തുണച്ച് ഡിവൈഎഫ് ഐ
ഭരണകൂട ഭീകരതയും രാഷ്‌ട്രീയ അടിച്ചമര്‍ത്തലും ആണ് ഈ നാടകത്തിലെ വിഷയമെന്നും ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ ഭാഗമായാണ് അവതരണമെന്നും ആണ് ഡിവൈഎഫ് ഐയുടെ വിശദീകരണം.
















