World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ടെഹ്‌റാന്‍/വാഷിങ്ടണ്‍: ഇറാനെ സാമ്പത്തികമായി തളര്‍ത്താന്‍ ലക്ഷ്യമിട്ട് എക്കണോമിക് ഡി- ഡേ ആരംഭിച്ചതായി യുഎസ്. ഇറാനെതിരേയുള്ള ഉപരോധം കടുപ്പിച്ചതായും, യുദ്ധം അവസാനഘട്ടത്തിലാണെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റ് അറിയിച്ചു. ഇറാനുമായി വ്യാപാരം നടത്തുകയോ സാമ്പത്തിക ഇടപാടുകള്‍ നടത്തുകയോ ചെയ്യുന്ന മൂന്നാം കക്ഷികള്‍, ബാങ്കുകള്‍, കമ്പനികള്‍ എന്നിവക്കെതിരെ നടപടി കൈക്കൊള്ളാനാണ് യുഎസിന്റെ പുതിയ നീക്കം, ഇത് ഇറാനുമേല്‍ സമ്മര്‍മുളവാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്നലെ പുലര്‍ച്ചെയോടെ എക്കണോമിക് ഡി- ഡേയ്‌ക്ക് തുടക്കമായി. യുഎസ് തങ്ങളുടെ ഒരു എതിരാളിക്കെതിരെ ഇതുവരെ അണിനിരത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ സാമ്പത്തിക ആക്രമണമാണിത്. ടെഹ്റാന്‍ ഒറ്റപ്പെടുന്നതുവരെ സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ എല്ലാ സാമ്പത്തിക സ്രോതസുകളും വിച്ഛേദിക്കാനാണ് യുഎസ് ലക്ഷ്യമിടുന്നതെന്ന് ബെസന്റ് എക്‌സിലൂടെ അറിയിച്ചു. ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്ന കമ്പനികളെയാണ് പുതിയ ഉപരോധത്തിലൂടെ യുഎസ് പ്രധാനമായും ലക്ഷ്യമിടുന്നത്. യുഎസ് കോണ്‍ഗ്രസ് കമ്മിഷന്റെ ഒരു ഫാക്ട് ഷീറ്റ് പ്രകാരം ചൈനയാണ് ഇറാന്റെ ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ ഏകദേശം 90% വാങ്ങുന്നത്. എന്നാല്‍, ചൈന തങ്ങളുടെ കസ്റ്റംസ് ഡാറ്റയില്‍ ഇറാനില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതായി സമ്മതിച്ചിട്ടില്ല.
അതേസമയം യുദ്ധം അന്തിമഘട്ടത്തിലേക്കെന്ന് പറഞ്ഞ് യുഎസ് ആരംഭിക്കുന്ന ഉപരോധം പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന് ഇറാന്‍ പ്രതികരിച്ചു. യുഎസ് നടപടികള്‍ കടുപ്പിച്ചാല്‍ ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള എണ്ണ വ്യാപാരം പൂര്‍ണമായി തടയുമെന്ന് ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മെഹ്‌സെന്‍ റെസായി എക്‌സിലൂടെ അറിയിച്ചു.

അതിനിടെ ഇറാനെ, സൗദി അറേബ്യയും തുര്‍ക്കിയും പാകിസ്ഥാനും ചേര്‍ന്ന് മക്ക പ്രതിരോധ കരാറിന്റെ ഭാഗമാകാന്‍ ക്ഷണിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ ഈ വാഗ്ദാനം ഗൗരവത്തോടെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ക്ഷണം ആരാണ് അയച്ചതെന്നോ എപ്പോഴാണ് ലഭിച്ചതെന്നോ ഉള്ള കൃത്യമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനങ്ങളും പുറത്തുവന്നിട്ടില്ല.

Recent Posts