കൊച്ചി:കൈതാരം നോര്‍ത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞെന്ന് പൊലീസ്.കൈതാരം സ്വദേശിയായ പ്രതി ഒളിവിലാണെന്നും കേരളം വിട്ടതായും പൊലീസ് പറഞ്ഞു.
പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലാണ് ഫ്യൂസ് ഊരിയ വ്യക്തിയെ തിരിച്ചറിഞ്ഞത്. ഇയാള്‍ ഫ്യൂസ് ഊരുന്നത് സമീപവാസിയായ സ്ത്രീ കണ്ടിരുന്നു. പ്രതിയുടെ വീട്ടില്‍ പൊലീസ് എത്തിയപ്പോള്‍ വീടിന്റെ പിന്‍വാതിലിലൂടെ ഇയാള്‍ രക്ഷപ്പെട്ടതായാണ് വിവരം.
കഴിഞ്ഞ മാസമാണ് കൈതാരം നോര്‍ത്ത് ട്രാന്‍സ്‌ഫോമറില്‍നിന്ന് ഫ്യൂസ് ഊരിയത്.കെഎസ്ഇബി ഏഴിക്കര സെക്ഷന്‍ അധികൃതര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.ഇതിനിടെ പറവൂര്‍ സെക്ഷനിലെ പെരുമ്പടന്ന എട്ടിയോടത്തും ഏഴിക്കര സെക്ഷനിലെ ചാക്കാത്തറ, ആവുട്ടി ഭാഗങ്ങളിലുമുള്ള ട്രാന്‍സ്‌ഫോമറുകളില്‍നിന്ന് ഫ്യൂസ് ഊരിയ സംഭവങ്ങളും നേരത്തെയുണ്ടായിട്ടുണ്ട്.അജ്ഞാതര്‍ ഫ്യൂസ് ഊരിയതിനാല്‍ ഇവിടങ്ങളില്‍ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയിരുന്നു.
മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ വൈദ്യുതി മുടക്കാന്‍ ശ്രമിക്കുന്നത് സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.എന്നാല്‍ കൈതാരം സ്വദേശിക്ക് കോണ്‍ഗ്രസ് ബന്ധമുണ്ടെന്നാണ് സിപിഎം ആരോപണം.
















