
കോഴഞ്ചേരി: കുമാരനല്ലൂര്‍ മങ്ങാട്ട് ഇല്ലത്തു നിന്ന് ആറന്മുള ഭഗവാനു തിരുവോണ സദ്യയ്‌ക്കുള്ള വിഭവങ്ങളുമായി കടന്നു പോകുന്ന ജലയാത്രയ്‌ക്കു പെരിങ്ങര മൂവിടത്ത് മേച്ചേരി മനയില്‍ സ്വീകരണം. രാവിലെ 11ന് പമ്പയാറ്റിലെ നീരേറ്റുപുറം കടവിലാണു തോണിയടുത്തത്. ആറന്മുളയിലേക്കുള്ള യാത്രയ്‌ക്കിടെ കുമാരനല്ലൂര്‍ മങ്ങാട്ടില്ലത്തെ ഭട്ടതിരി വിശ്രമിക്കുന്ന സ്ഥലമാണു മൂവിടത്ത് മേച്ചേരി മന. കുടുംബ കാരണവര്‍ നാരായണന്‍ നമ്പൂതിരി പൊന്നാട അണിയിച്ചാണ് ഭട്ടതിരിയെ വരവേറ്റത്.
മങ്ങാട്ട് അനൂപ് നാരായണ ഭട്ടതിരിയ്‌ക്കാണ് ഇത്തവണയും ആറന്മുളയാത്രയുടെ ചുമതല. നൂറ്റാണ്ടുകളുടെ ആചാരപ്പെരുമയും ഭക്തിയും പേറി ആറന്മുള തിരുവോണത്തോണി യാത്രയ്‌ക്ക് കോട്ടയം കുമാരനല്ലൂര്‍ മങ്ങാട്ട് ഇല്ലത്തുനിന്ന് തുടക്കമായി. പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ തിരുവോണ സദ്യയ്‌ക്കുള്ള സമര്‍പ്പണ വിഭവങ്ങളുമായി മങ്ങാട്ട് ഇല്ലത്തുനിന്ന് ഭട്ടതിരി ഇന്നലെയാണ് ചുരുളന്‍ വള്ളത്തില്‍ യാത്രയായത്. ഇല്ലം കടവില്‍ നടന്ന പ്രത്യേക പ്രാര്‍ഥനകള്‍ക്കും ആചാരപരമായ ചടങ്ങുകള്‍ക്കും ശേഷമാണ് അദ്ദേഹം കാട്ടൂരിലേക്ക് യാത്രയായത്. നൂറ്റാണ്ടുകളുടെ ഭക്തിയും പാരമ്പര്യവും ഇഴചേര്‍ന്ന അപൂര്‍വമായ ആചാരപെരുമയ്‌ക്കാണ് മീനച്ചിലാറും പമ്പാ നദിയും സാക്ഷിയാകുന്നത്.
പത്തനംതിട്ട ജില്ലയിലെ കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രക്കടവ് വരെയാണ് ആദ്യഘട്ട യാത്ര. കാട്ടൂരിലെത്തിച്ചേരുന്ന ഭട്ടതിരി, അവിടെനിന്ന് ഉത്രാടം വൈകുന്നേരം കെടാവിളക്കും പിടിച്ച്, തിരുവോണ സദ്യയ്‌ക്കുള്ള അരിയും പച്ചക്കറികളും മറ്റ് പൂജാദ്രവ്യങ്ങളുമായി തിരുവോണത്തോണിയില്‍ ആറന്മുളയിലേക്ക് യാത്ര തിരിക്കും. തിരുവോണ നാളില്‍ പുലര്‍ച്ചെ ആറന്മുള മഠക്കടവില്‍ എത്തുന്ന തോണിയിലെ വിഭവങ്ങള്‍ ഉപയോഗിച്ചാണ് ഭഗവാന് നിവേദിക്കുന്ന തിരുവോണ സദ്യ ഒരുക്കുന്നത്. 18 കരക്കാരുടെ പ്രതിനിധികളും പള്ളിയോടങ്ങളും തിരുവോണത്തോണിക്ക് അകമ്പടിയാകും.
പമ്പാതീരത്ത് താമസിച്ചിരുന്ന മങ്ങാട്ട് ഇല്ലത്തെ കാരണവര്‍ക്ക് സാക്ഷാല്‍ തിരുവാറന്മുളയപ്പന്‍ നല്‍കിയ അരുളപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഈ പാരമ്പര്യം ആരംഭിക്കുന്നത്. പിന്നീട് കുടുംബം മാറിയെങ്കിലും ആചാരങ്ങള്‍ തടസമില്ലാതെ തലമുറകളായി തുടരുന്നു. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് അനൂപ് നാരായണ ഭട്ടതിരി ഈ വിശുദ്ധ നിയോഗം ഏറ്റെടുത്ത് നടത്തുന്നത്. തിരുവോണം അത്താഴപൂജ വരെ ക്ഷേത്രത്തില്‍ ഭട്ടതിരിയുടെ കാര്‍മ്മികത്വവും ഉണ്ടായിരിക്കും.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പമ്പയുടെ തീരത്ത് കാട്ടൂരുന്നെന്ന് പറയുന്ന സ്ഥലത്താണ് മങ്ങാട്ട് ഇല്ലം പൂര്‍വികര്‍ താമസിച്ചിരുന്നത്. അന്നത്തെ മുത്തശന്‍ തിരുവാറന്മുളയപ്പന്‍ ഭക്തനായിരുന്നു. എല്ലാ വര്‍ഷവും തിരുവോണത്തിന് കാലുകഴിചൂട്ട് എന്ന ആചാരം നടത്തുന്ന പതിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഒരു വര്‍ഷം ആചാരം നടത്തിയപ്പോള്‍ ആരും വരാതെ ഇരിക്കുകയും ഇതില്‍ നിരാശനായ അദ്ദേഹം പൂജമുറിയില്‍ പ്രാര്‍ഥനകളില്‍ മുഴുകുകയും ചെയ്തു. പെട്ടന്ന് ഒരു ബ്രാഹ്മണ ബാലന്‍ വിശക്കുന്നുവെന്ന് പറഞ്ഞ് ഇല്ലത്തിലേക്ക് വരുകയുണ്ടായി. അങ്ങേയറ്റം സന്തോഷത്തോടു കൂടി ബാലന് ഭക്ഷണം നല്‍കി. മടക്കയാത്രയ്‌ക്ക് മുമ്പ് തനിക്ക് ലഭിച്ച ആഥിയേതിഥ്വം ഇഷ്ടമായെന്നും എല്ലാ വര്‍ഷവും താങ്കള്‍ എനിക്ക് ഭക്ഷണം തരണമെന്നും ബാലന്‍ പറഞ്ഞു.
അടുത്ത വര്‍ഷം ഉത്രാടത്തിന് തൊട്ട് മുമ്പ് തിരുവാറന്മുളയപ്പന്‍ സ്വപ്നത്തില്‍ വരുകയും വന്ന ബാലന്‍ താനാണെന്ന് മുത്തശനോട് പറഞ്ഞു. ഇനി മുതല്‍ ആറന്‍മുളയില്‍ വന്ന് ഭക്ഷണം തന്നാല്‍ മതിയെന്നും സ്വപ്നത്തില്‍ തിരുവാറന്മുളയപ്പന്‍ പറഞ്ഞു. നടന്ന കാര്യങ്ങള്‍ ആറന്‍മുളയില്‍ അറിയിക്കുകയും ഭട്ടതിരിയുടെ വരവിനെക്കുറിച്ച് അറിയിക്കുകയും ചെയ്തു. അന്ന് തൊട്ട് മുടങ്ങാതെ എല്ലാ വര്‍ഷവും തിരുവാറന്മുളയപ്പന് തിരുവോണ സദ്യ എത്തിക്കുന്നു. കാല ക്രമേണ കുടുംബം കോട്ടയം കുമാരനെല്ലൂരിലേക്ക് മാറിയെങ്കിലും ഇന്നും പതിവ് തെറ്റിക്കുന്നില്ല.
ചിങ്ങമാസത്തിലെ മൂലം നാള്‍ ഇവിടെ നിന്ന് പുറപ്പെട്ട് ഉത്രാടത്തിന്റെയെന്ന് വൈകുന്നേരം കാട്ടൂര്‍ എത്തിച്ചേരും. കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്ന് കെടാവിളക്കുമായി സദ്യയ്‌ക്കുള്ള സാധനങ്ങളുമായി ആറന്‍മുളയിലേക്ക് യാത്ര പുറപ്പെടും. തിരുവോണം പുലര്‍ച്ചെ അവിടെ എത്തിച്ചേരും. ഈ കെടാവിളക്ക് ശ്രീകോവിലിനുള്ളില്‍ കൊളുത്തിയാണ് അന്നത്തെ പൂജാ കര്‍മങ്ങള്‍ക്ക് തുടക്കം നല്‍കുന്നത്. അത്താഴ പൂജ വരെ ഇല്ലത്തെ ആളുകള്‍ മണ്ഡപത്തിലുണ്ടാകും. അതിനുശേഷം യാത്രപറഞ്ഞ് ഇറങ്ങുന്നതാണ് ഐതീഹ്യം.