ബിഗ് ബോസ് ഹൗസിൽ നിന്ന് രണ്ടുതവണ എവിക്റ്റ് ആവുന്ന മത്സരാർത്ഥിയായി ഗായത്രി സുരേഷ് . ബിഗ് ബോസ് മലയാളം സീസൺ എട്ടിലെ നാലാം ആഴ്ചയിലെ എവിക്ഷൻ ഇന്ന് പൂർത്തിയായിരുന്നു. നേരത്തെ സൂചന ഉണ്ടായിരുന്നതുപോലെ മാസ്സ് എവിക്ഷൻ ആയിരുന്നു ഈ ആഴ്ചയിലേത്. ഈയാഴ്ചയിൽ പുറത്തായവരുടെ കൂട്ടത്തിൽ പ്രമുഖ നടിയായ ഗായത്രി സുരേഷും ഉണ്ടായിരുന്നു. ഈ സീസണിൽ ഇത് രണ്ടാം തവണയാണ് ഗായത്രി ഹൗസിൽ നിന്ന് പുറത്താകുന്നത്. ഇത്തവണത്തെ സീസൺ ആരംഭിക്കുമ്പോൾ ആദ്യ മത്സരാർത്ഥിയായി മോഹൻലാൽ സ്വാഗതം ചെയ്ത് ഹൗസിലേക്ക് പ്രവേശനം നൽകിയത് ഗായത്രിക്കായിരുന്നു.
അങ്ങനെ ആദ്യമായി ഹൗസിലേക്ക് പ്രവേശിച്ച ഗായത്രി തന്നെയാണ്, ഹൗസിൽ നിന്നും ഏറ്റവും ആദ്യം പുറത്താകുന്നതും.പക്ഷേ അത് സാധാരണ രീതിയിലുള്ള എവിഷൻ ആയിരുന്നില്ല. ആദ്യാഴ്ചയിലെ ഹൗസിലെ ലീഡർ ആയിരുന്ന ജസീലയുടെയും അനുയായികളുടെയും തീരുമാനപ്രകാരമാണ് ഗായത്രി സുരേഷ് പുറത്തുപോയത്. ബിഗ് ബോസ് നൽകിയ ഒരു ഓപ്ഷന്റെ ഭാഗമായിട്ടാണ് ഗായത്രി പുറത്താക്കാനുള്ള തീരുമാനം ജസീല എടുത്തത്. നിങ്ങൾക്ക് ഈ സീസൺ മുഴുവൻ കഞ്ഞിയും പയറും മാത്രം കഴിച്ച് തുടരണോ, അതോ ഹൗസിൽ നിന്ന് ഒരാളെ പുറത്താക്കണോ എന്നുള്ളതായിരുന്നു ഓപ്ഷൻ. അങ്ങനെ ഹൗസിൽ നിന്ന് പുറത്തായ ഗായത്രി സുരേഷ് പിന്നീട് തിരിച്ചെത്തുന്നത് ലീഡർ സ്ഥാനത്തേക്ക് മത്സരിച്ചു വിജയിച്ച എൽദോയുടെ ഒരു ത്യാഗം കൊണ്ടാണ്. എന്നാൽ, ഇപ്പോൾ പ്രേക്ഷക വിധിപ്രകാരമാണ് ഗായത്രി വീണ്ടും പുറത്തായിരിക്കുന്നത്.











