തിരുവനന്തപുരം: കാര്‍ തടഞ്ഞുനിര്‍ത്തി കരാറുകാരനെ നടുറോഡില്‍ വച്ച് മര്‍ദിച്ച കേസില്‍ മൂന്ന് പ്രതികളെ പിടികൂടി. മുഹമ്മദ് ഹാജ (20), ആസിഫ് (19), അഫ്‌സല്‍ (19) എന്നിവരെ കാട്ടാക്കടയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.വിളപ്പില്‍ശാലയില്‍ കഴിഞ്ഞ പത്താം തീയതിയായിരുന്നു കേസിനാധാരമായ സംഭവം നടന്നത്.
കാട്ടാക്കടയില്‍ നിന്ന് വിളപ്പില്‍ശാലയിലേക്ക് കാറില്‍ വന്ന നൂര്‍മുഹമ്മദിനെ (56) രണ്ട് ബൈക്കുകളിലായി പിന്തുടര്‍ന്നെത്തിയ അഞ്ചംഗ സംഘമാണ് മര്‍ദ്ദിച്ചത്. പുറ്റുമ്മേല്‍കോണം ജംഗ്ഷനില്‍ വച്ച് തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു.
മലപ്പനംകോട് മാന്തോപ്പില്‍ തമ്പുരാന്‍ കാവിന് സമീപം മദ്യലഹരിയില്‍ നിന്ന പ്രതികള്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് നൂര്‍മുഹമ്മദിന്റെ കാറിനെ പിന്തുടര്‍ന്നത്.പുറ്റുമ്മേല്‍കോണത്തെ വളവില്‍വച്ച് കാര്‍ തടഞ്ഞ് നൂര്‍മുഹമ്മദിനെ പുറത്തേക്ക് വലിച്ചിട്ട് ക്രൂരമായി മര്‍ദിച്ച ശേഷം ബൈക്കുകളില്‍ കടന്നുകളഞ്ഞു.
ഇതിന് ശേഷം ഒളിവില്‍ പോയ പ്രതികളില്‍ മൂന്നുപേരാണ് ഇപ്പോള്‍ പിടിയിലായിട്ടുള്ളത്.ഒളിവിലുളള ഒന്നാം പ്രതിയെയും അഞ്ചാം പ്രതിയെയും പിടികൂടാന്‍ തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
















